Wednesday
22 Aug 2018

അദാനിക്ക് തിരിച്ചടി

By: Web Desk | Monday 27 November 2017 11:12 PM IST

മെല്‍ബണ്‍: ഇന്ത്യന്‍ വ്യവസായി അദാനിയുടെ വിവാദ കല്‍ക്കരി ഖനിക്ക് വായ്പ നല്‍കില്ലെന്ന് ഓസ്‌ട്രേലിയ. 900 മില്യന്‍ ഡോളറിന്റെ വായ്പയ്ക്കാണ് അദാനി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ സമീപിച്ചത്.
വിലക്ക് അധികാരം ഉപയോഗിച്ച് വായ്പ തടയുമെന്ന് ലേബര്‍ പാര്‍ട്ടി നയിക്കുന്ന ക്വീന്‍സ്‌ലാന്‍ഡ് ഗവണ്‍മെന്റ് വ്യക്തമാക്കി. 16.5 ബില്യന്‍ ഡോളറിന്റെ കല്‍ക്കരി ഖനി സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പ്രവര്‍ത്തനം തുടങ്ങും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണിത്. ഖനിയെയും തീരത്തെയും തമ്മില്‍ ബന്ധിപ്പിക്കാനുളള റെയില്‍വേ പാത നിര്‍മിക്കുന്നതിനാണ് അദാനി സര്‍ക്കാരിനോട് വായ്പ ആവശ്യപ്പെട്ടത്.
തന്റെ ഖനി, റെയില്‍, തുറമുഖ പദ്ധതിയിലൂടെ രാജ്യത്ത് നിരവധി പേര്‍ക്ക് ജോലി കിട്ടുമെന്നാണ് അദാനിയുടെ വാദം. ഇത് പ്രദേശത്തിന് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശീയരും ഈ ഖനിക്ക് എതിരാണ്. 2010ലാണ് അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെത്തി കാര്‍മൈക്കിള്‍ ഖനി വാങ്ങിയത്.
ക്വീന്‍സ് ലാന്‍ഡിലെ ഗലീലി ബേസിനിലാണ് ഖനി. ഖനനം തുടങ്ങുന്നതോടെ പ്രദേശത്തെ പൈതൃക കേന്ദ്രങ്ങള്‍ നശിക്കുമെന്നാണ് പ്രധാനമായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Related News