Monday
19 Nov 2018

ആധാര്‍: വിമര്‍ശകര്‍ക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്രം

By: Web Desk | Tuesday 13 February 2018 10:31 PM IST

സ്വന്തം ലേഖകന്‍

മുംബൈ: വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കും സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കുമെതിരെ പ്രതികാര നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ ക്രിമിനല്‍ കേസുകള്‍ നല്‍കി പീഡിപ്പിക്കുന്നുവെന്നാണ് ആധാര്‍ വീഴ്ചകള്‍ തുറന്നുകാട്ടിയ ഐടി വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ആരോപിക്കുന്നത്.
കഴിഞ്ഞമാസം ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ ലഭിക്കുമെന്ന് വാര്‍ത്ത പുറത്തുവിട്ട ദ ട്രിബ്യൂണ്‍ പത്രത്തിന്‍റെ ലേഖിക രചന ഖൈറയ്‌ക്കെതിരെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ ക്രിമിനല്‍ കേസ് ഫയല്‍ചെയ്തിരുന്നു. ഇത് വിവാദമായതോടെ പത്രത്തിനും ലേഖികയ്ക്കും എതിരെയല്ല കേസ് നല്‍കിയതെന്ന് യുഐഡിഎഐ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം എട്ട് ആക്ടിവിസ്റ്റുകള്‍ക്കാണ് സര്‍ക്കാരിന്‍റെ പ്രതികാര നടപടി നേരിടേണ്ടിവന്നത്.

കഴിഞ്ഞവര്‍ഷം മേയില്‍ ആധാറിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി എന്ന സ്വതന്ത്ര സംഘടനയ്ക്ക് യുഐഡിഎഐ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും ലക്ഷക്കണക്കിനാളുകളുടെ ആധാര്‍വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിന്‍റെ പേരിലായിരുന്നു ഇത്.
വാര്‍ത്ത ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു സിഐഎസ് ഡയറക്ടര്‍മാരില്‍ ഒരാളായ ശ്രീനിവാസ് കോദാലിക്ക് യുഐഡിഎഐ നോട്ടീസ് അയച്ചത്. പിന്നീട് തുടര്‍ച്ചയായി കൂടുതല്‍ കുറ്റാരോപണങ്ങളുമായി രണ്ടുതവണ കൂടി നോട്ടീസയച്ചു. ഇതേസമയം തന്നെ സംഘടനയുടെ ഫണ്ടിനെക്കുറിച്ചും വിദേശ സഹായത്തെക്കുറിച്ചും ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസ് കൂടി ലഭിച്ചു.

എന്നാല്‍ നോട്ടീസ് അയയ്ക്കുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ യുഐഡിഎഐ മറുപടി നല്‍കുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു. സിഐഎസ് റിപ്പോര്‍ട്ടില്‍ പങ്കാളിയായ ബംഗളുരുവിലെ ഐടി ഗവേഷകനെ നിരവധി തവണയാണ് പൊലീസ് വിളിച്ചുവരുത്തിയത്. പലപ്പോഴും വിദേശ ചാരനെന്ന പോലെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്നും ഈ വിദ്യാര്‍ഥി പറയുന്നു.

സാമൂഹിക ശാസ്ത്രജ്ഞനും ഐടി വിദഗ്ധനുമായ സമീര്‍ കൊച്ചാറിനെതിരെയും യുഐഡിഎഐ കേസ് നല്‍കിയിട്ടുണ്ട്. ആധാറിന്റെ ബയോമെട്രിക് സുരക്ഷാമതിലുകള്‍ എങ്ങനെയാണ് മറികടക്കുന്നത് എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു കേസ് നല്‍കിയത്. മൂന്ന് തവണയാണ് കൊച്ചാറിന് ഡല്‍ഹി പൊലീസ് 14 വകുപ്പിലുള്ള കുറ്റങ്ങള്‍ ചുമത്തി നോട്ടീസ് നല്‍കിയത്.

Related News