Saturday
23 Sep 2017

ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യ മക്കാവുവിനെ കീഴടക്കി

By: Web Desk | Wednesday 6 September 2017 1:28 AM IST

മക്കാവു: എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യ മക്കാവുവിനെ കീഴടക്കി. മക്കാവുവിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ആതിഥേയരെ ഇന്ത്യന്‍ പുലിക്കുട്ടികള്‍ കീഴടക്കിയത്. ഇന്ത്യയുടെ രണ്ടു ഗോളും ബല്‍വന്ത് സിങ്ങിന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. 57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍.
മക്കാവു ഒളിമ്പിക് സ്‌റ്റേഡിയത്തിലാണ് പോരാട്ടം നടന്നത്. അക്ഷരാര്‍ത്ഥത്തില്‍ വിരസമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ കളിയുടെ ഗതി കയ്യടക്കി.
46ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോയുടെ പകരക്കാരനായി കളിക്കാനിറങ്ങിയ ബല്‍വന്ത് സിങ് ലെഫ്റ്റ് ബാക്ക് നാരായണ്‍ ദാസ് നല്‍കിയ പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അതിഥികള്‍ ലീഡ് സ്വന്തമാക്കിയതോടെ മക്കാവു കളി അക്രമണോത്സുക ശൈലിയിലേക്ക് മാറ്റി. എങ്കിലും 82ാം മിനിറ്റില്‍ മക്കാവുവിന്റെ മോശപ്പെട്ട ഒരു ദുര്‍ബല നീക്കത്തെ അട്ടിമറിച്ച് ബല്‍വന്ത് സിങ് ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഗോള്‍ലൈനില്‍ നിന്ന് ഏറെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്ന ഗോളിയെയും മറികടന്നാണ് ബല്‍വന്ത് ഗോള്‍ നേടി വിജയമുറപ്പിച്ചത്.
ഇന്ത്യയുടെ തോല്‍വിയറിയാതെയുള്ള തുടര്‍ച്ചയായ പതിനൊന്നാം മത്സരവും തുടര്‍ച്ചയായ മൂന്നാം ജയവുമാണിത്. ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്താന്‍, മ്യാന്‍മര്‍ എന്നീ ടീമുകളെ ഇന്ത്യ തകര്‍ത്ത വിട്ടിരുന്നു.