Friday
14 Dec 2018

ലയന ശേഷം ഉപഭോക്താവിനെ പിഴിഞ്ഞ് എസ് ബി ഐ

By: Web Desk | Tuesday 2 January 2018 12:55 PM IST

കൊച്ചി :ലയന ശേഷം ഏതു വിധേനയും ഉപഭോക്താവിനെ പിഴിഞ്ഞ് എസ് ബി ഐ .എസ് ബി ടി യില്‍ ഭാര്യയുടെ പേരില്‍ എടുത്ത വായ്പ യുടെ തവണ ഭര്‍ത്താവിന്റെ അകൗണ്ടില്‍ നിന്നെടുത്തു പുലിവാലുപിടിച്ച ബാങ്ക് കാശ് പിടിച്ചെടുക്കുമ്പോള്‍ എസ് എം എസ് പോലും അയക്കാറില്ല.കോടികള്‍ കടമെടുത്ത് വന്‍കിടക്കാരുടെ കടം മരവിപ്പിക്കുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന പേരില്‍ എസ്ബിഐ കൊള്ളലാഭം ഉണ്ടാക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഗ്രാമീണരുടെ അക്കൗണ്ടില്‍ രണ്ടായിരം രൂപ മിനിമം ബാലന്‍സ് വെക്കാതെ തുക മുഴുവന്‍ പിന്‍വലിക്കുന്നവരുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം ഏതാണ്ട് 30 രൂപ വീതം എസ്  ബി ഐ ഈടാക്കുകയാണ്. ഇങ്ങനെ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. എസ്ബിഐയാണ് മിനിമം ബാലന്‍സ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്.

2017 ജൂലൈ – സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്റെ പാതിയോളം വരുമിത്. 3586 കോടിയാണ് ബാങ്കിന്റെ ആ അര്‍ധവാര്‍ഷിക ആദായം. മിനിമം ബാലന്‍സ് നിലനിര്‍ത്താതിരുന്നവരില്‍ നിന്ന് 2016-17 സാമ്പത്തിക വര്‍ഷം എസ്.ബി.ഐ പണമൊന്നും ഈടാക്കിയിരുന്നില്ല.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടപ്പുസാമ്പത്തിക വര്‍ഷമാണ് പിഴ ഏര്‍പ്പെടുത്താന്‍ വീണ്ടും തുടങ്ങിയത്. എസ് ബി ടി അടക്കം പ്രധാന ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയായതാണ്, എസ്ബിഐയുടെ കണക്കില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് കാരണം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മെട്രോ നഗരങ്ങളില്‍ 5000 രൂപയും മറ്റു നഗരങ്ങളില്‍ 3000 രൂപയുമായിരുന്നു മിനിമം ബാലന്‍സ് വേണ്ടിയിരുന്നത്. ഇതില്‍ മെട്രോ നഗരങ്ങളില്‍ 50 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 50 രൂപയും 50 മുതല്‍ 75 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 75 രൂപയും അതിനുമുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 100 രൂപയുമായിരുന്നു പിഴ. മറ്റു നഗരങ്ങളില്‍ ഇത് യഥാക്രമം 40 രൂപ, 60 രൂപ, 80 രൂപ എന്നിങ്ങനെയായിരുന്നു.

42 കോടിയോളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടാണ് എസ്ബിഐയിലുള്ളത്. ഇതില്‍ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്നതും ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലന്‍സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കാണ് എസ്ബിഐക്ക് പിന്നിലുള്ളത്. 2016 – 17 കാലയളവില്‍ 130.64 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്. 2017 – 18 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 97.34 കോടി രൂപ ഈടാക്കി. മുന്‍ സാമ്പത്തിക വര്‍ഷം 56.63 കോടി രൂപ ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 68.67 കോടി രൂപ ഈടാക്കി.

കാനറ ബാങ്ക് മുന്‍വര്‍ഷം 106.58 കോടിയും ഇക്കുറി 62.16 കോടിയും ഈടാക്കിയപ്പോള്‍, ഐഡിബിഐ ഇത് യഥാക്രമം 88.23 കോടിയും 52.15 കോടിയും സ്വന്തമാക്കി.പോസ്റ്റ് ഓഫീസ് ബാങ്കില്‍ സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് നാലുശതമാനം പലിശ കൊടുക്കുമ്പോള്‍ പ്രമുഖ ബാങ്കുകള്‍ മൂന്ന് ശതമാനമാണ് പലിശ നല്‍കുന്നത് .പോസ്റ്റോഫീസ് ബാങ്കുകളില്‍ എ ടി എം സൗകര്യം വന്നാല്‍ കൂടുതല്‍ ആളുകള്‍ പോസ്റ്റോഫീസുകളിലേയ്ക്ക് അകൗണ്ട് മാറ്റാനുള്ള ഒരുക്കത്തിലാണ്