Monday
25 Jun 2018

വീണ്ടും മഴയേയും ജലത്തേയും പറ്റി…

By: Web Desk | Saturday 12 August 2017 12:01 PM IST

കാലവര്‍ഷത്തിന്റെ ഏതാണ്ട് പകുതി കഴിഞ്ഞിരിക്കുന്നു. ഇക്കൊല്ലവും ഇതുവരെ പ്രതീക്ഷയ്ക്കനുസരിച്ച് സംസ്ഥാനത്ത് മഴ ലഭിച്ചിട്ടില്ല. ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്കുകളനുസരിച്ച് 27 ശതമാനം മഴ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ പ്രധാന മനുഷ്യനിര്‍മിത ജലസംഭരണികളും ജലവൈദ്യുതി പദ്ധതികളും ഉള്ള ഇടുക്കി ജില്ലയില്‍ മഴ 36 ശതമാനം കുറവായിരുന്നു. വയനാട്ടില്‍ 58 ശതമാനം മഴ കുറവാണ് ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും. ഈ വര്‍ഷവും കഴിഞ്ഞവര്‍ഷവും മികച്ച മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആ പ്രതീക്ഷ അസ്ഥാനത്തായി. ഇക്കൊല്ലവും പ്രതീക്ഷ കൈവെടിയാതെ നമുക്ക് കാത്തിരിക്കാം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് പ്രതീക്ഷ കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. ലഭ്യമായേക്കാവുന്ന മഴവെള്ളം തെല്ലും പാഴാകാതെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൂടിയേ തീരൂ. സ്ഥിതിവിശേഷത്തിന്റെ ഗൗരവാവസ്ഥ സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ ഇതിനകം ആവിഷ്‌കരിച്ച് പ്രഖ്യാപിച്ചിട്ടുള്ള കര്‍മപദ്ധതികള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മസേനകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ വിജയകരമായി നടപ്പാക്കിയ മഴപ്പൊലിമ മാതൃകയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനാണ് ഒരു കര്‍മസേന. തടയണകള്‍, റഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി റിപ്പെയര്‍ ചെയ്യുന്നതിനും താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ കര്‍മസേന. കുളങ്ങള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കി പരമാവധി മഴവെള്ളം സംഭരിക്കുന്നതിനാണ് മൂന്നാമത്തെ കര്‍മസേന. ഓഗസ്റ്റ് 21ന് ചേരുന്ന യോഗത്തിലേക്ക് ഈ മൂന്ന് കര്‍മസേനകളും അവരുടെ പദ്ധതികള്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ അവ നടപ്പാക്കണം.

വര്‍ഷകാലം പകുതി കഴിഞ്ഞപ്പോഴേക്കും വരാനിരിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് വൈകിയെങ്കിലും സര്‍ക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു. കര്‍മസേനയ്ക്ക് രൂപം നല്‍കിയിരിക്കുന്നു. പദ്ധതി നിശ്ചിത ദിവസം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുക. പക്ഷെ പദ്ധതി നടപ്പാക്കുംവരെ കാലവര്‍ഷ കാത്തുനില്‍ക്കുമോയെന്നത് അനുഭവിച്ചുതന്നെയേ അറിയാന്‍ കഴിയൂ. വൈകിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയാറായി എന്നത് ശ്ലാഘനീയം തന്നെ. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിലേ ഭാവിയെപ്പറ്റി നമുക്ക് ചിന്തിക്കാനാവൂ. ജല ലഭ്യതയെക്കുറിച്ച്, അത് എക്കാലത്തും കരുതലോടെ ഉറപ്പുവരുത്തുന്നതിനെപ്പറ്റി കേരളം മാറിചിന്തിക്കാന്‍ കാലം അതിക്രമിച്ചിരിക്കുന്നു. മഴയുടെ അഭാവത്തിലും വേനല്‍ ഉച്ചസ്ഥായിയിലെത്തുമ്പോഴും മാത്രം ജലലഭ്യതയെപ്പറ്റിയും ജലസുരക്ഷയെപ്പറ്റിയും ചിന്തിക്കുന്ന പരമ്പരാഗത ശൈലിയോട് വിടപറേയണ്ട കാലം കഴിഞ്ഞിരിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജലസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു ജലനയം നമുക്ക് അനിവാര്യമായിരിക്കുന്നു. പുസ്തകരൂപത്തില്‍ സര്‍ക്കാര്‍ അലമാരകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന നയരേഖകളെപ്പറ്റിയല്ല ഇവിടെ പ്രതിപാദനം. മറിച്ച് നിലനില്‍പ്പിന് അനിവാര്യമായ അടിസ്ഥാന പ്രകൃതിവിഭവത്തെ എക്കാലത്തേക്കും നിലനിര്‍ത്താനും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള കര്‍മപദ്ധതിയാണ് നമുക്ക് ആവശ്യം.

നാല്‍പത്തിനാല് നദികളും നോക്കെത്താത്ത കായല്‍പരപ്പുകളും തടാകങ്ങളും കുളങ്ങളും ലക്ഷക്കണക്കിന് കിണറുകളുമുള്ള കേരളം കുടിവെള്ളത്തിന്റെയും ഇതര ജലസേചന ആവശ്യങ്ങളുടെയും കാര്യത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കണക്കുകള്‍ ഇവിടെ നിരത്താനാവില്ല. മൂവായിരത്തില്‍പരം മില്ലീമീറ്റര്‍ മഴ പെയ്യുന്ന നാടെന്ന അഭിമാനചൊരുക്കില്‍ നിന്നും ഇനിയും നാം ഉണര്‍ന്നിട്ടില്ല. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഏറ്റവും മലീമസമായ ജലസ്രോതസുകളുടെ ഉടമകളായി നാം മാറിയെന്ന വസ്തുത ഇനിയും നമ്മെ ഉല്‍ക്കണ്ഠപ്പെടുത്താന്‍ തുടങ്ങിയിട്ടുമില്ല. മാലിന്യ മുക്തമായ ഒരൊറ്റ നദി പോലും സംസ്ഥാനത്ത് അവശേഷിക്കുന്നില്ല. അമൂല്യ ജലസ്രോതസുകളായ നമ്മുടെ കുളങ്ങള്‍ മഹാഭൂരിപക്ഷവും മലിനവും ഉപയോഗശൂന്യവുമായി മാറിയിരിക്കുന്നു. ജനസംഖ്യയില്‍ പകുതിയിലേറെ കുടിവെള്ളത്തിനാശ്രയിക്കുന്ന കിണറുകള്‍ ഏറെയും രോഗങ്ങളുടെ ഉടവിടമായിരിക്കുന്നു. ഉപരിതല, ഭൂഗര്‍ഭ ജലവിതാനം അപകടകരമാംവിധം താണുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ കാലവര്‍ഷം പരാജയപ്പെടുമ്പോഴോ വരള്‍ച്ച കൊടുമ്പിരികൊള്ളുമ്പോഴോ മാത്രം നമ്മെ ഉണര്‍ത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ വിഷയമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ദിനങ്ങളില്‍ അത് ഓരോ മനുഷ്യനെയും അവനെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെയും ജാഗരൂകനാക്കേണ്ടിയിരിക്കുന്നു. അതിനുതകുന്ന പദ്ധതികളും നയപരിപാടികളുമാണ് ഇന്ന് നമുക്ക് ആവശ്യം.