Tuesday
16 Oct 2018

ചേലാകർമ്മം ഇസ്ലാം വിരുദ്ധം

By: Web Desk | Monday 11 September 2017 3:32 PM IST

കോഴിക്കോട്: കേരളത്തിലും സ്ത്രീ ചേലാകര്‍മ്മം നടക്കുന്നുവെന്ന വാര്‍ത്ത മലയാളികളെ ഞെട്ടിപ്പിച്ചിരിക്കെ ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും ഇസ്ലാം വിരുദ്ധമാണെന്ന വാദവുമായി ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി രംഗത്തെത്തി. ഖുര്‍ ആനില്‍ ഒരു സൂചന പോലുമില്ലാത്തതും മുഹമ്മദ് നബി മാതൃകയായി ചെയ്തിട്ടില്ലാത്തതും ശാസ്ത്രത്തിന് നിരക്കാത്തതുമായ ബാല പീഡനമാണ് ചേലാകര്‍മ്മമെന്ന് സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചേലാകര്‍മ്മം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഖുര്‍ ആനോ പ്രവാചകനോ നിര്‍ദ്ദേശിച്ചിട്ടില്ല.

അറേബ്യന്‍ ആചാരങ്ങളെയും പൈതൃകങ്ങളെയും കടുത്ത അന്ധതയോടെ ആചരിച്ചു വന്നിരുന്ന അറേബ്യന്‍ സുന്നികള്‍ തങ്ങളുടെ മക്കള്‍ അഹ് ലുസുന്ന എന്ന ആചാരമതത്തിന്റെ വൃത്തത്തില്‍ നിന്നും ഒരിക്കലും പുറത്തുചാടാതിരിക്കാന്‍ കണ്ടുപിടിച്ച ഒരു ക്രൂര മാര്‍ഗമായിരുന്നു ചേലാകര്‍മ്മം എന്ന സുന്നത്ത് കല്ല്യാണം. ജൂത പുരോഹിതനായിരുന്ന അബുഹുറൈറ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടിയ നിരവധി അനാചാരങ്ങളില്‍ ഒന്ന് മാത്രമാണിത്. മനുഷ്യരെ നാം സൃഷ്ടിക്കുകയും ഏറ്റവും മികച്ച ശരീര ഘടന നല്‍കുകയും ചെയ്തുവെന്ന ഖുര്‍ ആന്‍ വചനത്തെ പരിഹസിക്കുന്ന വിധം ദൈവീക സൃഷ്ടിപ്പ് പൂര്‍ണ്ണമല്ലെന്ന ധ്വനിയാണ് ചേലാകര്‍മ്മം നടപ്പില്‍ വരുത്തുന്നതിലൂടെ  പുരോഹിതര്‍ സ്ഥാപിച്ചത്.

പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ചേലാകര്‍മ്മം നടന്നത് എണ്‍പതാമത്തെ വയസ്സിലായിരുന്നു. അതൊരു കോടാലികൊണ്ടായിരുന്നു എന്ന വ്യാജ ഹദീസാണ് ഈ അനാചാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ നബിയുടെ കാലത്ത് നബിയോ, നബിയുടെ പേരക്കുട്ടികളോ നബിയുടെ സന്താന പരമ്പരയില്‍ ആര്‍ക്കെങ്കിലുമോ ഇത് നടത്തിയതായി യാതൊരു തെളിവും ഹദീസുകളില്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.മുഹമ്മദ് നബി അറേബ്യയില്‍ വരുന്നതിന് അയ്യായിരം വര്‍ഷം മുമ്പേ ആഫ്രിക്കയില്‍ നിലനിന്നിരുന്ന ഗോത്രാചാരം മാത്രമായിരുന്നു ചേലാകര്‍മ്മം. ഇത് ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുക വഴി പില്‍ക്കാലത്ത് ഇസ്ലാമിക ആചാരമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം പറഞ്ഞിട്ടില്ലെന്ന് പ്രസ്താവനയിറക്കുന്ന പണ്ഡിതര്‍ ആണ്‍കുട്ടികള്‍ക്കും ചേലാകര്‍മ്മം പറഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം തുറന്ന് പറയാന്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുതൂര്‍ അബൂബക്കര്‍ മൗലവി, വൈസ് പ്രസിഡന്റുമാരായ ഡോ ജലീല്‍ പുറ്റേക്കാട്, എം എസ് റഷീദ് എന്നിവർ സംബന്ധിച്ചു.

 

 

 

 

Related News