Tuesday
21 Aug 2018

കാര്‍ഷിക പരിഷ്‌കരണത്തില്‍ പന്തളം പി ആറിന്റെ ഇടപെടല്‍ സുവ്യക്തം: കാനം രാജേന്ദ്രന്‍

By: Web Desk | Saturday 7 April 2018 11:05 PM IST

അടൂര്‍: കൃഷിഭൂമിയില്‍ കര്‍ഷകന്റെ അവകാശം ഉറപ്പിച്ച കാര്‍ഷിക പരിഷ്‌കരണ നിയമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പന്തളം പി ആറിനെപ്പോലുള്ള കര്‍ഷക പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല നേതാക്കളുടെ ശക്തമായ ഇടപെടീലുണ്ടായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
പന്തളം പി ആര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കാനം.
ഈ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് കുടികിടപ്പ് അവകാശവും യാഥാര്‍ത്ഥ്യമായത്. ഇതോടെ ജന്മികള്‍ക്ക് തോന്നിയതുപോലെ പാവങ്ങളെ അവര്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും ഇറക്കിവിടാന്‍ കഴിയാതെ വന്നു. 57ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടത്തിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും ഭൂപരിഷ്‌കരണ നിയമങ്ങളും അതുവരെ നടന്ന കര്‍ഷക സമരങ്ങളുടെ വിജയമായി. അമരാവതിയില്‍ എകെജിയോടൊപ്പം കര്‍ഷക സമരം നയിച്ചവരില്‍ പ്രമുഖന്‍ പന്തളം പി ആര്‍ ആയിരുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി നാനൂറോളം കിലോമീറ്റര്‍ കാല്‍നടയായി നടത്തിയ കര്‍ഷക ജാഥ സംസ്ഥാനത്തെ കര്‍ഷക സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മ്മയാണ്. ആ സമരത്തെ മുന്നില്‍ നിന്ന് നയിച്ചതും പന്തളം പി ആര്‍ ആയിരുന്നു. ശരിക്കുവേണ്ടി മുഖം നോക്കാതെ ആരെയും വിമര്‍ശിക്കുന്ന പി ആറിന്റെ പ്രസംഗം അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായി. പിന്തളം പി ആറിനെപ്പോലെയുള്ളവര്‍ നയിച്ചതുകൊണ്ടാണ് ജനപക്ഷനിലപാടുകളുകളുമായി ഈ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുന്നത്. ഇങ്ങനെയുള്ള നേതാക്കള്‍ക്ക് എല്ലാകാലത്തും ജനമനസ്സുകളില്‍ സ്ഥാനം ഉണ്ടായിരിക്കും.
സ്ഥിരം തൊഴിലില്ലാതാക്കി തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെടുത്തിയ കേന്ദ്രനടപടി ഇനി കര്‍ഷകര്‍ക്കുനേരെയാണ് തിരിയാന്‍ പോകുന്നത്. ഇതിനെതിരായി ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരേണ്ടതുണ്ട്. ഇത്തരം സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പന്തളം പി ആറിനെപ്പോലെയുള്ളവരുടെ ദീപ്ത സ്മരണകള്‍ സഹായകരമാകട്ടെയെന്നും കാനം പറഞ്ഞു. പന്തളം പി ആറിനെക്കുറിച്ച് പ്രഭാത് ബുക്ക് ഹൗസ് തയ്യാറാക്കിയ ദീപ്ത സ്മരണ എന്ന പുസ്തകത്തിന്റെ പ്രകാശനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു. പുസ്തകത്തെ കെ എന്‍ കെ നമ്പൂതിരി പരിചയപ്പെടുത്തി. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ അനുസ്മരണ പ്രഭാഷണവും മുതിര്‍ന്ന നേതാവ് വൈ തോമസിനെ ആദരിക്കലും സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ നിര്‍വ്വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹന്‍, മുണ്ടപ്പള്ളി തോമസ്, മണ്ഡലം സെക്രട്ടറിമാരായ പി ആര്‍ ഗോപിനാഥന്‍, പ്രൊഫ എസ് അജയന്‍, ടി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ ഡി സജി സ്വാഗതവും അടൂര്‍ സേതു നന്ദിയും പറഞ്ഞു.

Related News