Sunday
22 Oct 2017

കാർഷിക മേഖലയിൽ സംരംഭകരുടെ കുറവ് പരിഹരിക്കും

By: Web Desk | Thursday 24 August 2017 6:59 PM IST

സുല്‍ത്താന്‍ ബത്തേരി:

കൃഷി അധിഷ്ഠിത വ്യവസായ രംഗത്ത് ജില്ലയില്‍ പുതിയ സംരഭകര്‍ കടന്നുവരണമെന്നും അതിന് ആവശ്യമായ എല്ലാ സഹകരണവും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ ഭരണകൂടവും നല്‍കാന്‍ തയ്യാറാണെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ഭക്ഷ്യസംസ്‌കരണം അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി ക്ലിനിക്ക്-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ജില്ലയായിട്ടും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും പിന്നാക്കം പോകുന്ന സാഹചര്യം ഒഴിവാക്കി കൂടുതല്‍ പുതിയ സംരഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പാക്കിങ് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നടക്കും. കൃഷി അധിഷ്ഠിത വ്യവസായ മേഖലയിലെ സാധ്യതകളും പുതിയ സാങ്കേതിക വിദ്യകളും ആ രംഗത്ത് ഏറ്റവും വിദഗ്ധരായവര്‍ ക്ലാസെടുക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.സാലാവുദ്ദീന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുണ്ടയ്ക്കല്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എ.മുഹമ്മദ് കുഞ്ഞ്, വി.കെ.ശ്രീജന്‍, ബെനഡ്ക്ട് വില്യം ജോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു. ആഗസ്റ്റ് 24,25 തിയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. ജയശ്രീ, തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജി കെ രാജേഷ്, പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. അര്‍ച്ചന ചന്ദ്രന്‍, കൊച്ചി വി ഗാഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ സൂരജ് നായര്‍, കാസര്‍ഗോഡ് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എം ആര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.