Wednesday
23 Jan 2019

കാര്‍ഷികമേഖല സമരമുഖരിതമാകുന്നു

By: Web Desk | Wednesday 6 June 2018 10:28 PM IST

മധ്യപ്രദേശിലെ മന്ദ്‌സൗര്‍ കര്‍ഷക കൂട്ടക്കൊലയുടെ ആറാം വാര്‍ഷികം ഇന്നലെ രാജ്യമെങ്ങും കര്‍ഷക രക്തസാക്ഷി ദിനമായി ആചരിച്ചു. രാജ്യത്തെമ്പാടും കാര്‍ഷികമേഖല പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് കര്‍ഷക രക്തസാക്ഷി ദിനാചരണം നടന്നത്. 193 കര്‍ഷക സംഘടനകളെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യാ കിസാന്‍ പ്രക്ഷോഭ ഏകോപന സമിതി (എഐകെഎസ്‌സിസി) യുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മന്ദ്‌സൗറിലെ തക്രാവത് ഗ്രാമത്തില്‍ ദിവസം മുഴുവന്‍ നീണ്ട ഉപവാസവും റാലിയും നടത്തി. അതേസമയം തന്നെ സമാന്തരമായി നിരവധി സംഘടനകള്‍ നഗരങ്ങളിലേക്കുള്ള പഴങ്ങളും പച്ചക്കറികളും തടഞ്ഞുകൊണ്ടുള്ള ‘ഗ്രാമബന്ദ്’ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നുവരികയാണ്. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നശിപ്പിച്ചുകളയുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെമ്പാടും കാര്‍ഷിക സമ്പദ്ഘടന വന്‍തകര്‍ച്ചയെയാണ് നേരിടുന്നത്. നരേന്ദ്രമോഡിയുടെ കേന്ദ്ര സര്‍ക്കാരാകട്ടെ കര്‍ഷകരുടെ രോദനം കേട്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങാകട്ടെ ‘കര്‍ഷകര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി അസാധാരണ നടപടികള്‍ അവലംബിക്കുന്നു’വെന്ന് പരിഹസിച്ച് കര്‍ഷക പ്രക്ഷോഭത്തെ നിസാരവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വമ്പിച്ച കര്‍ഷക മുന്നേറ്റങ്ങള്‍ക്കാണ് അവരുടെ സംഘടനകള്‍ തയാറെടുത്തുവരുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയടക്കം എഐകെഎസ്‌സിസിയുടെ ഒരു പതിനേഴംഗ പ്രതിനിധി സംഘം ഏപ്രില്‍ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയും അതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രതേ്യക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന രണ്ട് നിയമനിര്‍മാണങ്ങള്‍ക്ക് ആവശ്യമായ കരട് ബില്ല് കര്‍ഷകസംഘടനകള്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്ലുകളായി അവതരിപ്പിക്കാന്‍ തയാറാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.
കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം അവരില്‍ ഭൂരിപക്ഷവും മുങ്ങിത്താഴുന്ന കടക്കെണിയാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ അഭൂതപൂര്‍വമായ വിലത്തകര്‍ച്ച അവരെ കരകയറാന്‍ പറ്റാത്തവിധം കടക്കെണിയിലേക്ക് വലിച്ചുതാഴ്ത്തുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിശിഷ്യ ബിജെപിയുടെ സംസ്ഥാന ഭരണകൂടങ്ങള്‍, ഇടക്കിടെ നല്‍കുന്ന കപട വാഗ്ദാനങ്ങളല്ലാതെ കര്‍ഷകന് ആശ്വാസം പകരുന്ന നടപടികള്‍ക്ക് യാതൊന്നിനും മുതിരുന്നില്ല. മാത്രമല്ല വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള ആശ്വാസനടപടികള്‍ സംബന്ധിച്ച് വിചിത്രമായ വാദഗതികളാണ് അവര്‍ ഉന്നയിക്കുന്നത്. വായ്പ എഴുതിത്തള്ളുന്നത് ‘ധാര്‍മിക അപകട’ത്തിലേക്കും ‘വായ്പാ അച്ചടക്ക രാഹിത്യ’ത്തിലേക്കും നയിക്കുമെന്ന തത്വമാണ് അവര്‍ നിരത്തുന്നത്. വായ്പ എഴുതിത്തള്ളുന്നത് കൂടുതല്‍ വായ്പയെടുക്കാനും അത് എഴുതിത്തള്ളപ്പെടുമെന്ന വിശ്വാസത്തില്‍ തിരിച്ചടവ് ബോധപൂര്‍വം മുടക്കാനും കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. 21 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നതിനെപ്പറ്റി വീമ്പിളക്കുന്ന ബിജെപി കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് യുപിയിലും മഹാരാഷ്ട്രയിലും വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അവ ഫലത്തില്‍ പ്രഹസനങ്ങളായി മാറുകയാണുണ്ടായത്. 2014 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 2,72,558 കോടി രൂപയുടെ വായ്പകളാണ് പൊതുമേഖലാ ബാങ്കുകള്‍ മാത്രം എഴുതിത്തള്ളിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വായ്പയുടെ പേരില്‍ നീരവ്‌മോഡിയും വിജയ്മല്യയുമടക്കം വമ്പന്‍മാര്‍ നടത്തിയ ബാങ്ക് കൊള്ളയ്ക്ക് പുറമെയാണ് കുത്തകവ്യവസായ വാണിജ്യ സാമ്രാജ്യങ്ങള്‍ക്ക് പൊതുജനങ്ങളുടെ ചെലവില്‍ നല്‍കുന്ന ഔദാര്യം.
കര്‍ഷകസംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്ന മിനിമം താങ്ങുവില നടപ്പിലാക്കുകയും മുഴുവന്‍ കര്‍ഷകരെയും അവരുടെ ഉല്‍പന്നങ്ങളെയും അതിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യാതെ കാര്‍ഷികപ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാനാവില്ല. കര്‍ഷകസൗഹൃദമെന്ന് കൊണ്ടാടപ്പെട്ട കഴിഞ്ഞ ബജറ്റിലൂടെ കര്‍ഷകരെയും രാജ്യത്തെയും കബളിപ്പിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫലത്തില്‍ ചെയ്തത്. ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വില നല്‍കി സംഭരണം നടത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച വിലനിര്‍ണയ മാനദണ്ഡങ്ങളെ അട്ടിമറിച്ചായിരുന്നു മിനിമം താങ്ങുവിലയുടെ പ്രഖ്യാപനം. ഭൂമിയുടെ വാടകയും മൂലധനത്തിന്റെ പലിശയും കര്‍ഷക കുടുംബാംഗങ്ങളുടെ അധ്വാനത്തിനുള്ള പ്രതിഫലം ഉള്‍പ്പെടെ മൊത്തം ഉല്‍പാദന ചെലവ് കണക്കാക്കി അതിന്റെ പകുതി കൂടി കൂട്ടിയായിരിക്കണം താങ്ങുവില നിശ്ചയിക്കാനെന്നായിരുന്നു സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശം. ബിജെപി സര്‍ക്കാര്‍ ഏതാനും ഇനങ്ങള്‍ക്ക് മാത്രമായി പ്രഖ്യാപിച്ചത് ആ തത്വങ്ങളെ അപ്പാടെ അട്ടിമറിച്ച് തുച്ഛമായ തുകയായിരുന്നു. ഇത്തരം അനീതികളെ ചെറുക്കാന്‍ രാജ്യത്തുടനീളം കര്‍ഷകരുടെ പ്രക്ഷോഭസമരങ്ങള്‍ വളര്‍ന്നുവരികയാണ്. 125 കോടിയില്‍പരം വരുന്ന ജനതയെ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ രാജ്യത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ആവശ്യപ്പെടുന്നത്.