Sunday
17 Dec 2017

കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഗവേഷണം നടത്തണം വി. എസ്. സുനില്‍കുമാര്‍

By: Web Desk | Saturday 2 September 2017 6:12 PM IST

കൊച്ചി: സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷണത്തിന് വേണ്ടിയുള്ള ഗവേഷണമാണ് നടക്കുന്നതെന്നും ഇത് മാറ്റി കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഗവേഷണം നടത്തണമെന്നും കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ലോക നാളികേര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളികേര വികസന ബോര്‍ഡ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നെല്ലിന്റെ കാര്യത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ഈ വര്‍ഷം നാളികേര മേഖലയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം 20 ശതമാനമാങ്കിലും മൂല്യവര്‍ദ്ധിത മേഖലയിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം. കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക മാര്‍ക്കറ്റിനെ നാളികേരത്തിന്റെ ദേശീയ ഹബ്ബാക്കി മാറ്റും. ഇതിനായി അടുത്ത മാസം കോഴിക്കോട് കേര കര്‍ഷകരുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് ചേര്‍ക്കും.
ലോബിയുടെ ഭാഗമായിട്ടാണ് വെളിച്ചെണ്ണക്കെതിരെ ഇവിടത്തെ ചില ഡോക്ടര്‍മാര്‍ പ്രചാരണം നടത്തുന്നത്.ഇവരെ കരുതിയിരിക്കണം. അമേരിക്കയിലെ ഡോക്ടര്‍മാര്‍ വെളിച്ചെണ്ണ ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള നാളികേര വികസന ബോര്‍ഡും സംസ്ഥാന കൃഷി വകുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഹകരണമുണ്ടായാല്‍ പ്രയോജനം കര്‍ഷകര്‍ക്കാണ് അദ്ദേഹം പറഞ്ഞു.
കെ. വി. തോമസ് എം. പി അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡന്‍ എം. എല്‍. എ, നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. സി. മോഹനന്‍ മാസ്റ്റര്‍,അംഗം പി. ആര്‍. മുരളീധരന്‍, കേര ഫെഡ് ചെയര്‍മാന്‍ ജെ. വേണുഗോപാലന്‍ നായര്‍ , ഡോ. ആര്‍. കൃഷ്ണകുമാര്‍, എ. എം സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച കേര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.