Tuesday
21 Aug 2018

തീറ്റപ്പുല്ലും സമ്മിശ്രമാക്കാം

By: Web Desk | Friday 6 April 2018 9:22 PM IST

ഡോ. സാബിന്‍ ജോര്‍ജ്ജ്

കേരളത്തിലെ ക്ഷീരകര്‍ഷകനെ സംബന്ധിച്ച് തീറ്റപ്പുല്ലെന്നാല്‍ പ്രധാനമായും ഹൈബ്രിഡ് നേപ്പിയറിന്റെ സി ഒ-3, സി ഒ-4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ്. ഉല്‍പാദനശേഷി കൂടിയ, കൂടുതല്‍ അളവില്‍ വിളയുന്ന, നട്ടു വളര്‍ത്താന്‍ എളുപ്പമായ ഇവയ്ക്ക് പ്രാധാന്യം കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്തരം ഇനങ്ങള്‍ക്കൊപ്പം സാഹചര്യത്തിനനുസരിച്ച് മറ്റ് തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍ കഴിയുന്ന പയര്‍വര്‍ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവകൂടി കൃഷി ചെയ്ത് സമ്മിശ്രമായി നല്‍കിയാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാവുന്നതാണ്. സ്ഥലവും സൗകര്യമുള്ളവര്‍ക്ക് തീറ്റപ്പുല്‍ക്കൃഷിയിലും സമ്മിശ്ര രീതികള്‍ പരീക്ഷിക്കാവുന്നതാണ്.

സങ്കരനേപ്പിയര്‍ തീറ്റപ്പുല്ലിന്റെ കമ്പുകളാണ് നടാനുപയോഗിക്കുന്നത്. സി ഒ-3, സി ഒ-4, സി ഒ-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി പേരുകളില്‍ സങ്കര നേപ്പിയര്‍ ഇനങ്ങള്‍ ലഭ്യമാണ്. വൈകി പൂക്കുന്ന, ആന്റി ഓക്‌സലേറ്റ് കുറവുള്ള സി ഒ -5 വൈകി വിളവെടുപ്പിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാത്തവയാണ്. മികച്ച അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പരിപാലനത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് വര്‍ഷം 350-400 ടണ്‍ വിളവുണ്ടാകും.

ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, ഹ്യുമിഡിക്കോള, സ്റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇത്തരം പുല്ലിനങ്ങള്‍ പ്രയോജനപ്പെടും. മേച്ചില്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമാണ് സിഗ്നല്‍, കോംഗോസിഗ്നല്‍ പുല്ലുകള്‍. ഉയരം കുറഞ്ഞ ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. പശു തിന്നുന്നതനുസരിച്ച് വളര്‍ന്നുകൊള്ളും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ് ഹ്യുമിഡിക്കോള. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സ്റ്റൈലോസാന്തസ് പുല്ല് പാലിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. മറ്റു പുല്ലുകളുമായി ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു കിലോഗ്രാമെങ്കിലും നല്‍കിയാല്‍ പ്രയോജനം ലഭിക്കും. കൂടുതലായാല്‍ ദഹന പ്രശ്‌നങ്ങളുണ്ടാകും.

ധാന്യ ഇനത്തില്‍പ്പെട്ട ചോളത്തിന്റെ തീറ്റപ്പുല്‍ കൃഷിക്കായുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്നജ സമ്പന്നമായ ഇവ പാലുല്‍പാദനം കൂട്ടുന്നു. അന്നജം കൂടുതലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേര്‍ത്ത് നല്‍കുന്നത് നല്ലത്.
പാലക്കാട് ധോണിയിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ഫാമില്‍ നിന്ന് തീറ്റപ്പുല്ല്, പയര്‍വര്‍ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ വൃക്ഷങ്ങള്‍ എന്നിവയുടെ നടീല്‍ വസ്തുക്കളും വിത്തുകളും മിതമായ നിരക്കില്‍ ലഭിക്കും.

(ലേഖകന്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്)