Sunday
24 Jun 2018

കൃഷിയുടെ അന്തകരായി അന്തക വിത്തുകള്‍

By: Web Desk | Monday 14 August 2017 7:19 PM IST

ഇന്ത്യയുടെ കാര്‍ഷികസംസ്‌കൃതിയെ നാമാവശേഷമാക്കുന്നതാണ് അന്തക വിത്തുകള്‍. കാർഷിക മേഖലയിലാണ് പ്രധാനമായും അന്തക വിത്തുകൾ ഉപയോഗിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ഇത്തരം വിത്തുകളുടെ ഉപയോഗം നാമറിയാതെ നമ്മെ രോഗാവസ്ഥയില്‍ ആക്കിയേക്കും. ഒറ്റ വിളവില്‍ തന്നെ ഇരട്ടി വിളവു ലഭിക്കുമെങ്കിലും വിളഞ്ഞ വിത്തുകള്‍ പിന്നീട് വിതയ്ക്കാനായി ഉപയോഗിക്കാന്‍ കഴിയില്ല . അത് കൊണ്ട് തന്നെയാണ് ഇവയെ അന്തക വിത്തുകളെന്ന് പറയുന്നത്.

വിത്തുകളുടെ ബീജാങ്കുരണ ശേഷിയെ നശിപ്പിക്കാന്‍ കഴിവുള്ള ‘നിര്‍മ്മിത ജനിതകം’ ഉള്‍പ്പെടുത്തിയ വിത്താണിത് . കാര്‍ഷിക ലോകത്തിന് ഗുണപ്രദമെന്ന രീതിയിലാണ് ഇത്തരം വിത്തുകള്‍ വികസിപ്പിച്ചെടുത്തതെങ്കിലും ഇവ പ്രാദേശിക സസ്യജാതികളുടെ അന്ത്യം കുറിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

വളരെ ലളിതമായി പറഞ്ഞാല്‍ സസ്യഭുക്ക് ആയ ഒരാള്‍ക്ക് ആട്ടിറച്ചി തിന്നാന്‍ മോഹം തോന്നിയാല്‍ . ഒരു തക്കാളി ചെടിയില്‍ ആടിന്റെ ജീന്‍ കയറ്റാന്‍ സാധിച്ചാല്‍ ആട്ടിറച്ചിയുടെ സ്വാദുള്ള തക്കാളി കിട്ടും. അതെ പോലെ തന്നെയാണ് ഒരു തക്കാളി ചെടിയില്‍ മിന്നാമിനുങ്ങിന്റെ ജീന്‍ കയറ്റിയാല്‍ മിന്നാമിനുങ്ങ് പോലെ മിന്നുന്ന തക്കാളി നമുക്ക് ലഭിക്കും. സ്വാഭാവിക കഴിവുകള്‍ മാറ്റി വളര്‍ത്തുന്ന തക്കാളി ചുമന്നു തുടുത്തു മാസങ്ങളോളം നിലനില്‍ക്കും.

വിത്തിന്റെ അങ്കുരണശേഷിയെ തടയുന്ന ഒരു മാരകജീനിനെയും മാരകജീനിനെ തടയുന്ന ഒരു ബ്ലോക്കിങ് ജീനിനെയും ഒരേ ചെടിയിലേക്കു പ്രവേശിപ്പിക്കുന്നതാണ് ഈ ടെക്‌നോളജിയുടെ കാതല്‍. വിത്തിന്റെ വളര്‍ച്ചയുടെ അവസാനഘട്ടത്തില്‍ മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന മാരകജീനിന്റെ പ്രവര്‍ത്തനഫലമായി വിത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാകാതെവരികയും അങ്ങിനെ അതിന്റെ മുളയ്ക്കാനുള്ള ശേഷി നഷ്ടമാവുകയും ചെയ്യുന്നു. എന്നാല്‍ വിത്തുല്‍പ്പാദന കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ടെര്‍മിനേറ്റര്‍ ജീന്‍ അടങ്ങിയ വിത്തുകള്‍ അങ്കുരണശേഷി ഉള്ളവതന്നെയാകും.

വിത്തുല്‍പ്പാദകര്‍ രണ്ടു സ്ഥലങ്ങളിലാണ് കൃഷിചെയ്യുന്നത്. ഒന്നാമത്തെ സ്ഥലത്ത് അങ്കുരണശേഷിക്ക് ഒട്ടും കോട്ടംതട്ടാത്തവിധത്തിലാണ് ചെടികളെ വളര്‍ത്തുന്നത്. മാരകജീനും ഒപ്പം ബ്ലോക്കിങ് ജീനും ചെടികളില്‍ ഉള്ളതിനാല്‍ ചെടികളില്‍ മാരകജീന്‍ പ്രവര്‍ത്തിക്കുകയില്ല. രണ്ടാമത്തെ സ്ഥലത്ത് വില്‍ക്കാനുള്ള വിത്തുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വിത്തുകള്‍ സാധാരണരീതിയില്‍ മുളയ്ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഫലത്തിലെ വിത്തിന് അങ്കുരണശേഷി ഉണ്ടാകുകയില്ല. ഇതിനായി വിത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്ന സമയത്ത് വിത്തുല്‍പ്പാദിപ്പിക്കുന്നവര്‍ അവയിലൊരു രാസവസ്തു തളിക്കുന്നതോടെ ബ്ലോക്കിങ് ജീന്‍ നിര്‍വീര്യമാക്കുന്നതിനാല്‍ മാരകജീന്‍ പ്രവര്‍ത്തിക്കുന്നു. ഈ വിത്താണ് വില്‍പ്പനയ്‌ക്കൊരുക്കുന്നത്.

മാരകജീന്‍ വിത്തിലുണ്ടെങ്കിലും ചെടിയുടെ വളര്‍ച്ചയുടെ അവസാനഘട്ടത്തില്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളു. ചെടികളിലെ പ്രോട്ടീന്‍ നിര്‍മാണ ഫാക്ടറികളായ റൈബോസോം എന്ന ഘടകങ്ങളുടെ പ്രവര്‍ത്തനശേഷിയെ നശിപ്പിക്കുന്നതുമൂലമാണ് വിത്തിലെ ഭ്രൂണത്തിന്റെ വളര്‍ച്ച തടയപ്പെടുന്നത്. ഓരോ സീസണിലും കമ്പനിയുടെ വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും എന്നതു മാത്രമല്ല അന്തകവിത്തുകളുടെ പ്രത്യാഘാതം.

അന്തകവിത്തുകളില്‍നിന്നു രക്ഷപ്പെടുന്ന കൊലയാളിജീനുകള്‍ ചുറ്റുപാടും വ്യാപിച്ച് ജനിതക മലിനീകരണത്തിലൂടെ ഭൂമിയിലെ ജൈവവൈവിധ്യം സമ്പൂര്‍ണമായി നശിപ്പിക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തകജീനുകള്‍ ഉള്‍ക്കൊള്ളുന്ന വിത്ത് മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ഭക്ഷണമെന്ന നിലയില്‍ എത്രത്തോളം സുരക്ഷിതമാണെന്നതും സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു. ഇങ്ങിനെ നോക്കുമ്പോള്‍ അന്തക വിത്തുകളെ പലരും ഭയാശങ്കയോടെയാണ് കാണുന്നത്.

അന്തകവിത്തിലുണ്ടായ സസ്യങ്ങളിലെ പരാഗരേണുക്കള്‍ മൂലമുണ്ടാകുന്ന രണ്ടാം തലമുറ വിത്തുകളെല്ലാം വന്ധ്യമാണ്. ഇത് അന്തകവിത്ത് വിതക്കുന്ന പ്രദേശത്തെ അതേ വംശം സസ്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. തത്ഫലമായി സസ്യങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. ചുരുങ്ങിയ ജീവിതകാലമുള്ള സസ്യങ്ങളാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പ്രദേശത്തെ പരമ്പരാഗത സസ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്നാണ് ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ പിന്നീടെല്ലാ കാലവും കമ്പനിയുടെ കൈയില്‍ നിന്നും വിത്തുകള്‍ കര്‍ഷകര്‍ വാങ്ങേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന ജൈവ അസന്തുലനവും ഭീകരമാണ്.

ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലെ ചുരുക്കം സംസ്ഥാനങ്ങള്‍ അന്തകവിത്തിനെ സ്വീകരിച്ച പ്രദേശങ്ങളാണ്. എന്നാല്‍ 2005ല്‍ അവര്‍ അന്തകവിത്തിലുണ്ടായ പരുത്തി സസ്യങ്ങള്‍ കമ്പനി അവകാശപ്പെട്ട ഉത്പാദനശേഷി പ്രകടിപ്പിച്ചില്ലെന്നും, പക്ഷേ പരമ്പരാഗത സസ്യങ്ങളെ നിര്‍വീര്യമാക്കിയെന്നുമവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ ‘ഡെല്‍റ്റ ആന്‍ഡ് പൈന്‍ ലാന്റ്’ എന്ന കമ്പനിക്കുവേണ്ടി മെല്‍വിന്‍. ജെ. ഒലിവര്‍, ജെ.ഇ. ക്വിസെന്‍ബറി, നോര്‍മ്മ എല്‍.ജി. ട്രോളിണ്ടര്‍, ഡി.എല്‍. കിം എന്നീ നാലു ശാസ്ത്രജ്ഞരാണ് അന്തകവിത്ത് വികസിപ്പിച്ച് പേറ്റന്റ് എടുത്തത്. അന്തകവിത്തിന്റെ സാങ്കേതികവിദ്യ പിന്നീട് ‘മൊണ്‍സാന്‍ടോ’ എന്ന ജൈവസാങ്കേതികവിദ്യ കമ്പനി വില കൊടുത്തുവാങ്ങി. മൊണ്‍സാന്‍ടോയാണ് അന്തകവിത്തിനെ ലോകമെങ്ങും പരിചയപ്പെടുത്തിയത്.

കേരള കര്‍ഷകരുടെ അന്തകനാകാന്‍ അന്തകവിത്തുകള്‍ ആരുമാറിയാതെ കേരളത്തില്‍ കൃഷിചെയ്യുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്തക വിത്തുകമ്പനികള്‍ പ്രത്യേക ഏജന്റുമാര്‍ മുഖേനെ കേരളത്തിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയിൽ ഇവ എത്തിച്ചു നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് വിവരം. തമിഴ് നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇവ ഉപയോഗിക്കുന്നുണ്ട്.

ഇന്നുവരെ ഈ ജനിതക വിത്തുക്കളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് വ്യക്തമായൊരു ഗവേഷണം നടന്നിട്ടില്ല. അതിന്റെ ദോഷ ഫലങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും നാം തിരിച്ചു പോകാന്‍ പറ്റാത്തത്ര ദൂരം യാത്ര ചെയ്തിരിക്കും.