Thursday
13 Dec 2018

കാര്‍ഷിക വളര്‍ച്ച വീണ്ടും ഇടിഞ്ഞു

By: Web Desk | Friday 1 June 2018 10:24 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ച വീണ്ടും ഇടിഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലം വളര്‍ച്ച നിരക്ക് 4.5 ശതമാനമായാണ് ഇടിഞ്ഞത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.1 ശതമാനമായിരുന്നു കാര്‍ഷിക വളര്‍ച്ച കണക്കാക്കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലു പാദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെങ്കിലും വാര്‍ഷിക മൊത്ത വളര്‍ച്ച 4 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
കൃഷി അനുബന്ധ മേഖലയില്‍ നിന്നുള്ള മൊത്തം വാര്‍ഷിക വളര്‍ച്ച 3.4 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്. മുന്‍വര്‍ഷം ഇത് 6.3 ശതമാനമായിരുന്നു. കൂടിയ ഉല്‍പാദനമുണ്ടായിട്ടും വളര്‍ച്ച നിരക്ക് കുറഞ്ഞതിന് കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ കാല മഴ കൃത്യമായി ലഭിക്കുകയും ഉല്‍പാദനം കൂടുകയും ചെയ്യുകയാണെങ്കില്‍ നടപ്പുവര്‍ഷവും കാര്‍ഷിക വളര്‍ച്ച നാലു ശതമാനത്തില്‍ നില്‍ക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് വളര്‍ച്ച ഇടിയുന്നതിന് കാരണമായത്. കൂടുതല്‍ ഉല്‍പാദനമുണ്ടാകുകയും ഉല്‍പ്പന്ന വില കുറയുകയും ചെയ്തതാണ് ഇതിന് പ്രധാനകാരണമായത്. അതുകൊണ്ട് കൂടിയ ഉല്‍പാദനത്തിന്റെ നേട്ടം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. എണ്ണക്കുരുക്കള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍, നാണ്യവിളകള്‍ എന്നിവയ്‌ക്കെല്ലാം വന്‍ വിലത്തകര്‍ച്ചയാണ് നേരിട്ടത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കും വഴിവച്ചു. കാര്‍ഷിക വളര്‍ച്ചയില്‍ വീണ്ടും ഇടിവ് സംഭവിച്ചത് ഈ മേഖലയുമായി ബന്ധപ്പെട്ടവരെ കൂടുതല്‍ നിരാശരും ദുഃഖിതരുമാക്കുകയാണ്.