Sunday
22 Oct 2017

കര്‍ഷക ക്ഷേമബോര്‍ഡ് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

By: Web Desk | Friday 13 October 2017 4:29 PM IST

കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ എ സമീഷാ, പി രാജു, എസ് വിജയകുമാരന്‍ നായര്‍, ആര്‍ സതീശ് കുമാര്‍, സുകേശന്‍ ചൂലിക്കാട്ട്, ആര്‍ ഉഷ, ശ്രീജി തോമസ് തുടങ്ങിയവര്‍ സമീപം

കൊച്ചി: കര്‍ഷകക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. യുവകര്‍ഷകരെ കൃഷിരംഗത്ത് ഉറപ്പിച്ചു നിര്‍ത്താനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ പോലും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാവും ബോര്‍ഡിന്റേതെന്ന് മന്ത്രി പറഞ്ഞു. കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കര്‍ഷക ക്ഷേമബോര്‍ഡ് നിയമവകുപ്പിന്റെ അന്തിമ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷിവകുപ്പില്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കും. എന്തൊക്കെ പദ്ധതികളാണ് കൃഷിവകുപ്പ് ജനങ്ങള്‍ക്കായി നടപ്പാക്കുന്നതെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കുള്ള അറിവ് ഉദ്ദ്യോഗസ്ഥരുമായി പങ്കുവെക്കപ്പെടണം. കൃഷി വകുപ്പിന്റെ പരിമിതികളുണ്ടെങ്കില്‍ അതും ജനങ്ങള്‍ തിരിച്ചറിയണം. ജനങ്ങളും കൃഷി ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള അകലം ഇല്ലാതാക്കുവാനാണ് സോഷ്യല്‍ ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  കൃഷിക്കാരിലേക്ക് എത്തേണ്ട പല ആനുകൂല്യങ്ങളും യഥാസമയം എത്തുന്നില്ലെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് നല്‍കേണ്ട പണം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയശേഷം സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ ഉണ്ടായതെന്നും സുനില്‍കുമാര്‍ പറഞ്ഞു.  കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തല്‍ കഴിഞ്ഞദീവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നു. മാധ്യമങ്ങള്‍ മന്ത്രിമാര്‍ക്ക് മാര്‍ക്കിടുമെന്ന തരത്തില്‍ പ്രചാരണം നടത്തിയെങ്കിലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂട്ടായ വിലയിരുത്തലാണ് നടന്നത്. ഇത് സെക്രട്ടറി തലത്തിലും ഇടയ്ക്ക് നടക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന വിലയിരുത്തല്‍ ഇനിയും നടക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ഉദ്ദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയുമിടയില്‍ ഉണ്ടായിട്ടുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമാണ്. കൃഷിവകുപ്പിന്റെ പുനഃ സംഘടനയടക്കമുള്ള കാര്യങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടക്കും. കാര്‍ഷിക ഉല്പാദന മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി രാജു സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജകുമാരന്‍നായര്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഉഷ, സെക്രട്ടറിയേറ്റംഗം സുകേഷന്‍ ചൂലിക്കാട്, സംസ്ഥാന കമ്മിറ്റിയംഗം എസ് കെ എം ബഷീര്‍, ജില്ലാസെക്രട്ടറി ശ്രീജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ വി രാജീവ് റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍ കെ സതീഷ് കണക്കും അവതരിപ്പിച്ചു. എസ് ദേവീകൃഷ്ണ രക്തചസാക്ഷി പ്രമേയവും ആര്‍ പൂര്‍ണ്ണിമ അനുശോചന പ്രമേയവും അവതരിപ്പിച്ചു.   കിസാന്‍സഭ സംസ്ഥാന സെക്രട്ടറി കെ എം ദിനകരന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാസെക്രട്ടറി എം കെ സുരേഷ് നന്ദി പറഞ്ഞു.