Monday
21 Aug 2017

കാർഷിക പ്രതിസന്ധി പാർലമെന്റ്‌ വിളിക്കണം: സിപിഐ

By: Web Desk | Thursday 15 June 2017 4:55 AM IST

ന്യൂഡൽഹി: രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധി ചർച്ച ചെയ്യുന്നതിന്‌ ലോക്സഭയുടെയും രാജ്യസഭയുടെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി എസ്്‌ സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു.
അതീവ ഗുരുതര സാഹചര്യമാണ്‌ കാർഷിക മേഖലയിലുണ്ടായിരിക്കുന്നത്‌. ഈ വിഷയം മാത്രം ചർച്ച ചെയ്യുന്നതിനും അടിയന്തരമായി ചെയ്യേണ്ടതും ദീർഘകാലത്തേക്കുള്ളതുമായ പരിഹാര നടപടികൾ തീരുമാനിക്കുന്നതിനുമായി കുറഞ്ഞത്‌ പത്തു ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനം വിളിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിൽ സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു.
അസാധാരണമായ കാർഷിക പ്രതിസന്ധിയാണ്‌ രാജ്യം നേരിടുന്നത്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശിലെ റായലസീമ മേഖല, ഒഡിഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രൂക്ഷമായ വരൾച്ചയും അതുമൂലമുള്ള പ്രതിസന്ധിയുമാണ്‌ നിലനിൽക്കുന്നത്‌. മറ്റു ചില പ്രദേശങ്ങളിൽ സമൃദ്ധമായ വിളവുണ്ടായി. സമൃദ്ധമായ വിളവുണ്ടായതും കർഷകർക്ക്‌ ദുരിതമായിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന്‌ സുധാകർ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.


രാജ്യം നേരിടുന്നത്‌ അസാധാരണമായ കാർഷിക പ്രതിസന്ധി
സിപിഐ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിന്റെ പൂർണ രൂപം
അസാധാരണമായ കാർഷിക പ്രതിസന്ധിയാണ്‌ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശിലെ റായലസീമ മേഖല, ഒഡിഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രൂക്ഷമായ വരൾച്ചയും അതുമൂലമുള്ള പ്രതിസന്ധിയുമാണ്‌ നിലനിൽക്കുന്നത്‌. മറ്റു ചില പ്രദേശങ്ങളിൽ സമൃദ്ധമായ വിളവുമുണ്ടായി. സമൃദ്ധമായ വിളവുണ്ടായതും കർഷകർക്ക്‌ ദുരിതമായിരിക്കുകയാണ്‌.
ഉള്ളി, തക്കാളി, മുളക്‌, സോയാബീൻ, ധാന്യങ്ങൾ എന്നിവയ്ക്കെല്ലാം 40 മുതൽ 25 ശതമാനം വരെ വിലക്കുറവുണ്ടായി. അധികോൽപാദനമുണ്ടായിട്ടും ഗോതമ്പും പയർ വർഗങ്ങളും ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്‌ കാരണം ഈ വിളകൾക്ക്‌ വൻ തോതിൽ വിലയിടിയുന്നതിന്‌ കാരണമായി. ആയിരക്കണക്കിന്‌ കർഷകർ ഇതിനകം തന്നെ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. നിരവധി പേർ ആത്മഹത്യയുടെ വക്കിലുമാണ്‌. ഒരു ദിവസം ശരാശരി 35 കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്ക്‌ ഞെട്ടിക്കുന്നതാണ്‌. 1995 മുതൽ ഇതുവരെയായി 5 ലക്ഷത്തിലധികം കർഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യ ചെയ്തത്‌. ഖാനികൾ, റോഡു വികസനം, നഗരവൽക്കരണം, കോർപ്പറേറ്റുകൾക്കും വ്യവസായങ്ങൾക്കുമായി ഏറ്റെടുക്കൽ എന്നിങ്ങനെയുള്ള കാരണങ്ങളാൽ കൃഷിഭൂമിയുടെ അളവ്‌ പ്രതിവർഷം കുറഞ്ഞുവരികയാണ്‌. കാർഷിക ജനസംഖ്യയിൽ സമീപകാലത്ത്‌ ഒന്നരക്കോടിയുടെ കുറവുണ്ടാവുകയും ഇതിൽ മഹാഭൂരിപക്ഷം കർഷകത്തൊഴിലാളികളായി മാറുകയും ചെയ്തു. യഥാർഥ കാർഷിക വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ കർഷകർ അസ്വസ്ഥരും രോഷാകുലരുമാണ്‌.
മധ്യപ്രദേശിലെ മാൻസോറിൽ ശക്തമായ കർഷക പ്രക്ഷോഭത്തിനും മഹാരാഷ്ട്ര, പഞ്ചാബ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധത്തിനുമാണ്‌ നാം സാക്ഷ്യം വഹിച്ചത്‌. അസ്വസ്ഥരും രോഷാകുലരുമായ തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിലെത്തിയാണ്‌ പ്രതിഷേധിച്ചത്‌. കേരളം, ആന്ധ്രപ്രദേശ്‌, തെലങ്കാന, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലെല്ലാം കർഷക സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കാർഷിക വായ്പ താൽക്കാലിക ആശ്വാസം മാത്രമാണ്‌. അതാകട്ടെ നികുതിയിളവിലൂടെയും കൽക്കരി ഖാനികൾ, പ്രകൃതിവാതകം, ധാതുപദാർഥങ്ങൾ എന്നിവയ്ക്കൊക്കെ വാരിക്കോരി ചെലവഴിക്കാനും വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്നതിനും പണം ചെലവഴിക്കുന്ന ധനകാര്യ മേധാവികളും റിസർവ്വ്‌ ബാങ്കും ശക്തമായി എതിർക്കുകയുമാണ്‌.
കർഷകരുടെ വായ്പ എഴുതിത്തള്ളൽ ഔദാര്യമല്ല, അനിവാര്യതയാണ്‌. ഒരു വർഷത്തേക്കുള്ള വായ്പ എഴുതിത്തള്ളൽ താൽക്കാലിക പരിഹാരം മാത്രവുമാണ്‌. ജലസേചന സൗകര്യമില്ലായ്മയും വളത്തിന്റെ വിലവർധനയും ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമല്ലാത്തതും അതിന്റെ വിലയേറുന്നതും കാർഷികോൽപ്പന്നങ്ങളുടെ വിൽപനനടക്കാത്തതും ന്യായവില ലഭ്യമമല്ലാത്തതും എന്നിവയാണ്‌ കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങൾ. വിപണി വിലയെക്കാൾ എത്രയോ കുറവാണ്‌ താങ്ങുവിലയെന്നു മാത്രമല്ല ഉൽപാദന ചെലവ്‌ നിർവഹിക്കാൻ പോലും സാധിക്കുന്നില്ല.
കർഷകർക്കല്ല വിള ഇൻഷുറൻസുള്ളത്‌; അവർക്കു വായ്‌ നൽകുന്ന ബാങ്കുകൾക്കാണ്‌. അഞ്ചു ശതമാനം കർഷകർക്കുപോലും വിള ഇൻഷുറൻസിന്റെ ഗുണം ലഭിക്കുന്നില്ല. അതേസമയം പ്രീമിയത്തിന്റെ പേരിൽ ഇൻഷുറൻസ്‌ കമ്പനികൾ നേട്ടമുണ്ടാക്കുകയും കർഷകരെ ചൂഷണം ചെയ്യുകയുമാണ്‌. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും ചേർന്ന്‌ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമത്തിൽ നീതീകരിക്കാനാകാത്ത വിധത്തിൽ വെള്ളം ചേർത്തപ്പോൾ നിയമത്തിന്റെ ഗുണകരമാകുമായിരുന്ന വശങ്ങൾ പൂർണമായും ഇല്ലാതായി. ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്ന കർഷകരുടെ മുൻകൂർ അനുമതി വേണമെന്നും സാമൂഹ്യാഘാത പഠനം നടത്തണമെന്നുമുള്ള വിഷയം ഗുജറാത്ത്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന സർക്കാരുകൾ കോർപ്പറേറ്റുകൾക്കുവേണ്ടി കാറ്റിൽ പറത്തി. എൻഡിഎ സർക്കാർ ഓർഡിനൻസിലൂടെ ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കൃഷി ചെയ്യുന്നതിനെക്കാൾ നല്ലത്‌ വ്യവസായം നടത്തുന്നതാണെന്ന നയത്തെയാണ്‌ സർക്കാർ പ്രോൽസാഹിപ്പിക്കുന്നതെന്ന സാമൂഹ്യ പ്രവർത്തകനും മുൻ കേന്ദ്ര ഊർജ സെക്രട്ടറിയുമായ ഇഎഎസ്‌ ശർമയുടെ പ്രതികരണം യാഥാർഥ്യമാണ്‌. മതിയായ പ്രതിഫലം നൽകാതെ ദശലക്ഷക്കണക്കിന്‌ കർഷകരാണ്‌ ഭൂമിയിൽ നിന്ന്‌ ഒഴിപ്പിക്കപ്പെട്ടത്‌.
പ്രകൃതിക്ഷോഭത്തിനിരയാകുന്ന കർഷകർ തന്നെ വിളവുണ്ടായ ശേഷം ഇടനിലക്കാരുടെ ചൂഷണത്തിനുമിരയാകുന്നു. കോടിക്കണക്കിന്‌ ചെറുകിട കർകരാണ്‌ ദൗർഭാഗ്യത്തിന്റെ ഇരകളായിരിക്കുന്നത്‌. ഇന്ത്യൻ കർഷകർ ജനിക്കുന്നത്‌ കടത്തിൽ, ജീവിക്കുന്നത്‌ കടത്തിൽ, മരിക്കുന്നതും കടത്തിൽ എന്ന ബ്രിട്ടീഷ്‌ കാലത്തു തുടങ്ങിയ ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്‌. കർഷകരുടെ കൂട്ടായ രോഷമാണ്‌ രാജ്യത്താകെ സമീപകാലത്തുണ്ടായ പ്രക്ഷോഭങ്ങളിൽ പ്രതിഫലിച്ചത്‌. അതുകൊണ്ട്‌ നടപടി ഇപ്പോൾ ആരംഭിക്കണം, ഇപ്പോൾ തന്നെ.
ഭൂപരിഷ്കരണമെന്ന അപൂർണമായി നിൽക്കുന്ന അജൻഡ പൂർത്തീകരിക്കണമെന്നും കാർഷികയന്ത്രങ്ങളും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മതിയായ വായ്പ യഥാസമയത്ത്‌ ലഭ്യമാക്കണമെന്നും ന്യായവിലയ്ക്കുള്ള വിപണനവും ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കും ഡോ. എംഎസ്‌ സ്വാമിനാഥൻ കമ്മിഷൻ ശ്രദ്ധ ക്ഷണിച്ചിരുന്നതാണ്‌.
കർഷകർക്ക്‌ അനുകൂലമായ പ്രസ്തുത റിപ്പോർട്ട്‌ നടപ്പിലാക്കേണ്ട യഥാർഥ സമയം ഇതാണ്‌. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്‌ പാർലമെന്റിന്റെയും ലോക്സഭയുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുകയും അടിയന്തരവും ദീർഘകാലത്തേക്കുള്ളതുമായ കാര്യങ്ങൾ തീരുമാനിക്കുകയും വേണം.

Related News