Saturday
18 Nov 2017

തേജസ്വിനി ആഗ്രോ പ്രൊസസിങ് കമ്പനി പ്രവര്‍ത്തന സജ്ജമായി

By: Web Desk | Thursday 2 November 2017 9:46 PM IST

കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ കര്‍ഷക ഉല്പാദക കമ്പനിയായ തേജസ്വിനിയുടെ ആഗ്രോ പ്രോസസിങ്ങ് കോംപ്ലക്‌സ് പ്രവര്‍ത്തന സജ്ജമായി. ആറിന് ഉച്ചക്ക് രണ്ടരക്ക് സി കൃഷ്ണന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കൃഷിമന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരിങ്ങോം സി ആര്‍ പി എഫ് കേന്ദ്രത്തിന് സമീപത്തായി നാലേക്കര്‍ വരുന്ന സ്വന്തം സ്ഥലത്താണ് തേജസ്വിനിയുടെ വിവിധ ഉല്പാദന പ്ലാന്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 1200 തേങ്ങ പൊതിക്കാവുന്ന ഓട്ടോമാറ്റിക്ക് തേങ്ങ പൊതിയന്ത്രം, തേങ്ങയുടെ തൊണ്ട് ചകിരിനാരാക്കാവുന്ന ഫൈബര്‍ യൂണിറ്റ്, ഒരു ലക്ഷം ചാക്ക് വളം നിര്‍മ്മിക്കാന്‍ കഴിയുന്ന യൂണിറ്റ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 5000 സോപ്പ് ദിവസേന ഉല്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റും പൂര്‍ത്തിയായിട്ടുണ്ട്. 25000 നാളികേരം കൊപ്രപയാക്കി വെളിച്ചെണ്ണയാക്കുന്ന പ്ലാന്റ് നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. സര്‍ഫര്‍, പുക മറ്റ് മാലിന്യങ്ങള്‍ എന്നിവ കലരാത്ത ശുദ്ധമായ തേജസ് വെളിച്ചെണ്ണയാണ് തേജസ്വിനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്പന്നം. തേജസ് ബ്യൂട്ടിസോപ്പ്, ഹെയര്‍ ഓയില്‍, ആയുര്‍വേദ സോപ്പ് എന്നിവയും വിപണിയിലിറങ്ങും. നിലവില്‍ സര്‍ട്ടിഫൈഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ശുദ്ധമായ തേന്‍, പശുവിന്‍നെയ്യ്, മഞ്ഞള്‍പൊടി, കുരുമുളക് പൊടി തുടങ്ങിയവയും തേജസ് ബ്രാന്റില്‍ വിപണനം ചെയ്യുന്നുണ്ട്. 415 ജൈവകര്‍ഷകരാണ് തേജസ്വിനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ സുന്ദര്‍ മുഖ്യാതിഥിയായിരിക്കും. ടി കെ ജോസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ബി എന്‍ സ് മൂര്‍ത്തി വിശിഷ്ടാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സണ്ണിജോര്‍ജ്, കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related News