Monday
25 Jun 2018

ഗുജറാത്ത് വിരല്‍ ചൂണ്ടുന്നത്

By: Web Desk | Thursday 10 August 2017 11:31 AM IST

രാജ്യസഭയിലേക്ക് ഗുജറാത്ത് നിയമസഭയില്‍ നിന്നും നടന്ന തെരഞ്ഞെടുപ്പ് അഭൂതപൂര്‍വമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റി. ബിജെപി അധ്യക്ഷന്‍ അമിത്ഷായും ആ പാര്‍ട്ടിയുടെ മറ്റൊരു താരം സ്മൃതി ഇറാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നതോ അവര്‍ വിജയിച്ചുവെന്നതോ അല്ല അതിനെ ശ്രദ്ധേയമാക്കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ നിഷേധാത്മകതയും അഴിഞ്ഞാടിയെന്നതാണ് അതിനെ വ്യത്യസ്തമാക്കിയത്. അഹമ്മദ് പട്ടേലിന്റെ വിജയം മാധ്യമങ്ങളും പൊതുജനങ്ങളും കൊണ്ടാടിയെങ്കില്‍ അതിനുകാരണം രാഷ്ട്രീയ അഹന്തയുടെയും അധാര്‍മികതയുടെ പ്രതീകവുമായി മാറിയ അമിത്ഷാ തന്റെ തട്ടകത്തുതന്നെ അടിതെറ്റി വീണത് അവര്‍ ആസ്വദിച്ചു എന്നതു മാത്രമാണ്. അത് കേവലം അമിത്ഷായ്ക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ക്കും ഏറ്റ തിരിച്ചടി മാത്രമല്ല. അമിത്ഷായെ മുന്‍നിര്‍ത്തി നരേന്ദ്രമോഡി പയറ്റിയ രാഷ്ട്രീയ കളിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ്. അഹമ്മദ് പട്ടേലിന്റെ വിജയത്തോടെ രാഷ്ട്രീയ കളികളില്‍ തുടര്‍ച്ചയായി തിരിച്ചടിയേറ്റവശരായ കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കും നെഹ്‌റു-ഗാന്ധി കുടുംബത്തിനും അവരോട് സമ്പൂര്‍ണ വിധേയത്വം മാത്രം കൈമുതലാക്കിയ നേതൃവൃന്ദത്തിനും ഒരിറ്റ് ശ്വാസം വലിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇത് താല്‍ക്കാലികാശ്വാസം മാത്രമാണ്. ഗുജറാത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് നോവിച്ചുവിട്ടിരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉഗ്രവിഷ സര്‍പ്പങ്ങളെയാണ്. അവര്‍ ആവനാഴിയിലെ എല്ലാ വിഷ അമ്പുകളും പ്രയോഗിക്കും. അത് എല്ലാത്തരം രാഷ്ട്രീയ അധാര്‍മികതയുടെയും നെറികേടിന്റെയും മലവെള്ളപ്പാച്ചിലിനാണ് തുടക്കം കുറിക്കുക. ഇക്കൊല്ലം അന്ത്യത്തോടെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പാണ്. സ്വന്തം തട്ടകത്ത് കഴിഞ്ഞ ഒന്നര ദശകത്തോളമായി ചതിരുപായങ്ങളും പയറ്റി മോഡി-ഷാ കൂട്ടുകെട്ട് നിലനിര്‍ത്തിയിരുന്ന അധികാരകുത്തക ധാര്‍മികവും നീതിപൂര്‍വവും ജനാധിപത്യപരവുമായ ഒരു മത്സരത്തിലൂടെ വിട്ടുനല്‍കാന്‍ അവര്‍ അനുവദിക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ആയിരങ്ങളുടെ ചോര വാര്‍ന്നൊഴുകിയ കുരുതിക്കളങ്ങളില്‍ അവരുടെ ജഡങ്ങളെ ഞെരിച്ചമര്‍ത്തി അധികാരപഥമേറിയതാണ് ഗുജറാത്തിലും കേന്ദ്രത്തിലും അര്‍മാദിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ച. അതിനുനേരെയാണ് വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്.
ബിജെപിയുടെ സര്‍വാധിപത്യ വാേമാഹം ഇന്ന് നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി ആസന്നമായിരിക്കുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ്. അത് തെല്ലും സുഗമമായ ഒന്നായിരിക്കില്ല. അവരുടെ ജനകീയ അടിത്തറയായിരുന്ന ജനവിഭാഗങ്ങള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പട്ടേല്‍മാരും ദളിത്ജനതകളും അതിന്റെ മുന്‍നിരയിലാണ്. സംഘ്പരിവാറിന്റെ വംശോന്മൂലന നയത്തിന്റെ ഇരകളായ മുസ്‌ലിം ജനതയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷമാണ് അവിടെ വളര്‍ന്നുവന്നിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ് നടത്തിയ ‘ഡ്രസ്‌റിഹേഴ്‌സലാ’യിരുന്നു കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ്. കേന്ദ്രം സംസ്ഥാന ഭരണങ്ങളുടെ പിന്‍ബലത്തിലും ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ തണലിലും തങ്ങളാര്‍ജിച്ച പണക്കൊഴുപ്പിന്റെയും സംഘ്പരിവാറിന്റെ പേശിബലത്തിന്റെയും അകമ്പടിയോടെ എല്ലാ പരിഷ്‌കൃത ജനാധിപത്യ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തിയുള്ള തെരഞ്ഞെടുപ്പായിരിക്കും അത്. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട, അനൈക്യം ശിഥിലമാക്കിയ, ആശയശൂന്യതയുടെ ഇരുട്ടില്‍ തപ്പുന്ന കോണ്‍ഗ്രസിന് അത്തരമൊരു മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്താനാവുമെന്ന് കരുതുക വയ്യ. ദേശീയതലത്തില്‍ തന്നെ ശൈഥില്യം നേരിടുന്ന കോണ്‍ഗ്രസിന് ഗുജറാത്തില്‍ മാത്രമായി ബിജെപിയുടെ ഈ നിലയറ്റ കടന്നാക്രമണത്തെ അതിജീവിക്കാന്‍ വിവരണാതീതമായ പോരാട്ട വീര്യം വേണ്ടിവരും.
ബിജെപിയും സംഘ്പരിവാറും രാജ്യത്തിന്റെയും ജനങ്ങളുടെയും മേല്‍ കെട്ടഴിച്ചുവിടുന്ന രാഷ്ട്രീയവും ആശയപരവും സാമ്പത്തികവുമായ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ തന്നെ സുശക്തവും സുസംഘടിതവുമായ ചെറുത്തുനില്‍പ് വളര്‍ന്നുവരണം. പരമ്പരാഗതമായ രാഷ്ട്രതന്ത്രത്തിനും പണക്കൊഴുപ്പിലും പേശീബലത്തിലും അധിഷ്ഠിതമായ പ്രതിരോധം അത്തരം വെല്ലുവിളികള്‍ക്ക് മുന്നില്‍ അപ്രസക്തമാണ്. തത്വദീക്ഷയറ്റ, അവസരവാദപരമായ തെരഞ്ഞെടുപ്പു കൂട്ടുകെട്ടുകള്‍ക്ക് ജനങ്ങളെ പ്രചോദിപ്പിക്കാനാവില്ല. വര്‍ഗീയതയെയും ഫാസിസ്റ്റ് അസഹിഷ്ണുതയേയും സാമൂഹികവും സാമ്പത്തികവുമായ കടുത്ത അനീതികളെയും ചോദ്യം ചെയ്യാനും എതിര്‍ക്കാനും കരുത്തുറ്റ ജനകീയ ഐക്യനിരയാണ് ഇന്നിന്റെ ആവശ്യം. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ രാഷ്ട്രമനഃസാക്ഷിയെ ഉണര്‍ത്തുകയെന്നതാണ് ഇന്നിന്റെ ദൗത്യം.