Wednesday
19 Dec 2018

കുട്ടികള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി

By: Web Desk | Friday 7 December 2018 5:18 PM IST

ദുബായില്‍നിന്നു  നാട്ടിലേക്കും  തിരിച്ചും തനിച്ച്‌ യാത്രചെയ്യുന്ന  കുട്ടികള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. നാട്ടിലേക്ക് തനിച്ച്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം (ഏകദേശം 3,185 രൂപ) അധികമായി നല്‍കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. നാട്ടില്‍നിന്ന് തനിച്ചാണ് വരുന്നതെങ്കില്‍ റിട്ടേണ്‍ ടിക്കറ്റില്‍ 330 ദിര്‍ഹം (6,363 രൂപ) കൂടുതല്‍ നല്‍കണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി ചാര്‍ജ് വര്‍ധിപ്പിച്ചതിനാലാണ് നടപടിയെന്ന് വ്യക്തമാക്കി പുതിയ ഫീസ് സംബന്ധിച്ച്‌ യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ സര്‍ക്കുലര്‍ അയച്ചു.  ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യത്തില്‍ അണ്‍ അക്കംബനീഡ് മൈനര്‍ ഫീസ് തിരിച്ചുനല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടില്ല.

ടിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് സിറ്റി ഓഫീസില്‍നിന്നോ എയര്‍പോര്‍ട്ട് ഓഫീസില്‍നിന്നോ വാങ്ങണമെന്നും എക്‌സ്പ്രസ് അറിയിച്ചു. ട്രാവല്‍ ഏജന്‍സിയില്‍ നിന്നോ വെബ്‌സൈറ്റില്‍നിന്നോ എടുക്കാനാകില്ല.

വിദേശത്തുള്ള  കുട്ടികള്‍ തനിച്ച്‌ യാത്രചെയ്യുന്നത് സാധാരണമാണ്. ഗള്‍ഫില്‍ സ്‌കൂള്‍ അവധിക്കാലത്ത് ജോലിയില്‍ വാര്‍ഷിക അവധി ലഭിക്കാത്ത മാതാപിതാക്കള്‍ സാധാരണ മക്കളെ തനിച്ചാണ് നാട്ടിലയക്കാറ്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിരക്ഷയും പരിഗണനയും ലഭിക്കുമെങ്കിലും ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലങ്ങളായ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പൊതുവെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. പുതിയ ചാര്‍ജ്കൂടി ഏര്‍പ്പെടുത്തിയത് പ്രവാസികലെ ബുദ്ധിമുട്ടിലാക്കും.

Related News