Wednesday
22 Nov 2017

ലോങ്മാര്‍ച്ചിന് പഞ്ചാബില്‍ സ്‌നേഹോഷ്മള സ്വീകരണം

By: Web Desk | Sunday 10 September 2017 10:00 PM IST

ചണ്ഡിഗര്‍: എഐവൈഎഫ്, എഐഎസ്എഫ് ലോങ്മാര്‍ച്ചിന് പഞ്ചാബിലെങ്ങും സ്‌നേഹോഷ്മള വരവേല്‍പ്. പരമ്പരാഗത നൃത്തങ്ങളും പഞ്ചാബി സംഗീതാലാപനവുമൊക്കെയായി ഓരോ കേന്ദ്രങ്ങളിലേയ്ക്കും ആനയിച്ചെത്തുന്ന മാര്‍ച്ചിന്റെ സ്വീകരണയോഗങ്ങളില്‍ നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്.
ഭഗത് സിങ്ങിന്റെ സ്മരണ നെഞ്ചിലേറ്റുന്ന പഞ്ചാബി ജനത ഭഗത്‌സിങ്ങിന്റെ പേരില്‍ ദേശീയ തൊഴില്‍ ദായക പദ്ധതി വേണമെന്നുള്‍പ്പെടെ ആവശ്യങ്ങളുമായും വര്‍ഗീയ ഫാസിസത്തിനെതിരെയും നടത്തുന്ന യുവജന-വിദ്യാര്‍ഥി മാര്‍ച്ചിനെ കക്ഷി രാഷ്ട്രീയത്തിനതീതമായാണ് സ്വീകരിച്ചത്. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയും സ്വീകരണകേന്ദ്രങ്ങളിലുണ്ടായിരുന്നു. ഭഗത്സിങ് നഗര്‍ ജില്ലയിലെ ഭഗത്സിങ്ങിന്റെ ജന്മഗ്രാമമായ ഖട്കര്‍ഖാലയുള്‍പ്പെടെ പതിനഞ്ചോളം സ്വീകരണങ്ങളാണ് മാര്‍ച്ചിന് ലഭിച്ചത്.
ഖര്‍മ, രൂപ്നഗര്‍, നവന്‍ഷാഹര്‍, ധോബ, ഖാക്കട്ട്, നവരംഗ്വാള്‍, ബാലച്ചര്‍, ദേരാബസി, സീരക്പൂര്‍, ഷാര്‍ബ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മാലേര്‍കോട്ടില്‍ സമാപിച്ചു. സ്വീകരണ യോഗങ്ങളില്‍ എഐവൈഎഫ് മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, എഐവൈഎഫ് പ്രസിഡന്റ് അഫ്ത്താബ് ആലംഖാന്‍, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ രാമന്‍, എഐഎസ്എഫ് പ്രസിഡന്റ് സെയ്ദ് വലിയുള്ള ഖാദ്രി, ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, തപസ് സിന്‍ഹ, സുഹാസിനി ഭദ്ര, ടി സ്റ്റാലിന്‍, നരീന്ദര്‍ സോഹല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News