Wednesday
19 Dec 2018

എ ഐ വൈ എഫ് നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ വിളയിച്ച നെല്ല് ഇനി പട്ടുവം ബ്രാന്റ് ജൈവ അരിയായി വിപണിയിലേക്ക്

By: Web Desk | Monday 3 December 2018 9:07 PM IST

സ്വന്തം ലേഖിക

കണ്ണൂര്‍: സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ലക്ഷ്യങ്ങളും പ്രസംഗിക്കുക മാത്രമല്ല പ്രവര്‍ത്തിച്ച് കാണിച്ചിരിക്കുക യാണ് കണ്ണൂരിലെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍. തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കുക യും നിലവിലുള്ള കൃഷിസ്ഥലങ്ങള്‍ നികത്തപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയപ്പോള്‍ പടിഞ്ഞാറെ ചാല്‍പട്ടുവത്ത് എ ഐവൈ എഫ് പ്രവര്‍ത്തകര്‍ നടത്തിയത് മികച്ച വിളവെടുപ്പ്.എഐവൈഎഫ് കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ 2018 പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് ആണ് പടിഞ്ഞാറെ ചാല്‍ പട്ടുവത്ത് 12 ഏക്കര്‍ തരിശ് കൈപ്പാട് നെല്‍കൃഷി നടത്തിയത്.

പൊതുവെ കാലാവസ്ഥ പ്രതികൂലമായിരുന്നുവെങ്കിലും പട്ടുവത്തെ പാടത്ത് നടത്തിയ കൃഷിയില്‍ 3000 കിലോ നെല്ല് വൈ എഫ് പ്രവര്‍ത്തകര്‍ക്ക് സംഭരിക്കാനായി. വളപ്രയോഗം തീരെയില്ലാതെ പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. ഇനി ഇവിടെ നിന്ന് ലഭിച്ച നെല്ല് അരിയാക്കി പട്ടുവം ബ്രാന്റ് എന്ന പേരില്‍ വിപണിയിലിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി. അരിയുടെ ലോഞ്ചിങ്ങ് ഇന്നലെ കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ വെച്ച് നടത്തി. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന് നല്‍കി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച അരി കിലോയ്ക്ക് 70 രൂപയ്ക്കാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും പാക്കറ്റുകളിലായാണ് വിപണിയില്‍ പട്ടുവം ബ്രാന്റ് ലഭ്യമാവുക. ഡിസംബര്‍ ഒമ്പത് മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുന്ന എ ഐ ടി യു സി സംസ്ഥാന സമ്മേളന നഗരിയില്‍ പട്ടുവം ജൈവ അരിയുടെ പ്രത്യേക സ്റ്റാള്‍ ഉണ്ടാകും.

നെല്‍കൃഷിയുടെ നിലമൊരുക്കല്‍ നിര്‍വ്വഹിച്ചത് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സിപി ഷൈജനും, വിത്തിടല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രനുമാണ്. കൃഷിയുടെ വിളവെടുപ്പ്, ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ല സെക്രട്ടറി പി സന്തോഷ്‌കുമാറാണ് നിര്‍വ്വഹിച്ചത്. ചടങ്ങില്‍ വെച്ച് പട്ടുവത്തെ പരമ്പരാഗത കൃഷിക്കാരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആദരിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളിലും പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജൈവ നെല്‍കൃഷി നടത്താനുള്ള തീരുമാനത്തിലാണ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍. ജില്ലാതലത്തില്‍ മാത്രമല്ല, മണ്ഡലം കേന്ദ്രങ്ങളിലും ജൈവനെല്‍കൃഷി നടത്താനും ഇവര്‍ തീരുമാനമെടുത്തിരിക്കുകയാണ്. കൃഷിയെ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ബാധ്യതയാണെന്നും കാര്‍ഷികമേഖലയിലേക്ക് യുവജനങ്ങളെ ആകര്‍ഷിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് എഐവൈഎഫ് ജൈവകൃഷി നടത്തുവാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ല സെക്രട്ടറി കെ വി രജീഷ്, ജോയിന്റ് സെക്രട്ടറി കെ വി സാഗര്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എം അഗേഷ് എന്നിവരും പങ്കെടുത്തു.

Related News