Thursday
15 Nov 2018

അലോക് വര്‍മയെ നീക്കിയതിനു പിന്നില്‍ അജിത് ഡോവല്‍

By: Web Desk | Monday 29 October 2018 10:42 PM IST

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അന്വേഷിക്കരുതെന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശം തള്ളിയതാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കാന്‍ കാരണമായതെന്ന് വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നും വര്‍മയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘നാഷണല്‍ ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു.
നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന 60,000 കോടി രൂപയുടെ റഫാല്‍ പോര്‍ വിമാന ഇടപാടിനെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് സിബിഐക്ക് ഡയറക്ടര്‍ എന്ന നിലയില്‍ വര്‍മ നിര്‍ദേശം നല്‍കിയിരുന്നു. ഇടപാട് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രക്ക് കത്തയക്കുകയും ചെയ്തു. ഇതോടെ അപകടം മണത്ത പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം ഡോവല്‍ കത്ത് പിന്‍വലിക്കാനും അന്വേഷണത്തില്‍നിന്ന് പിന്മാറാനും വര്‍മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സിബിഐ മേധാവി ഇതിന് തയാറായില്ല. ഇതോടെ മണിക്കൂറുകള്‍ക്കകം ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.