Sunday
22 Oct 2017

അലിഗഡ് മുസ്ലിം സർവ്വകലാശാല ന്യൂനപക്ഷ പദവിക്കെതിരെ ഗൂഢാലോചന ശക്തിപ്പെടുന്നു

By: Web Desk | Monday 9 October 2017 4:47 PM IST

കെ കെ ശ്രീനിവാസൻ   

സർ സയ്യദ്‌ അഹമ്മദ് ഖാന്റെ അതുല്യ സംഭാവനയായ അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ചരിത്രപരമായ അസ്തിത്വത്തെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് സംഘപരിവാർ ശക്തികൾ കൈക്കൊള്ളുന്നത്. ഈ ദിശയിലാണ് കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ പാനൽ റിപ്പോർട്ടിലെ നിർദേശങ്ങളെന്ന് സംശയിച്ചാൽ അതിനെ ആർക്കും കുറ്റം പറയാനാകില്ല

നാറസ്- അലിഗഡ് സർവകലാശാലകളുടെ പേരിൽ നിന്ന് ഹിന്ദു-മുസ്ലിം പദങ്ങൾ എടുത്തുകളയണമെന്ന് യുജിസി പാനൽ. സർവ്വകലാശാലകളുടെ മതനിരപേക്ഷത തെളിയിക്കുന്നതല്ല പേരുകളെന്നാണ് ഈ പാനലിന്റെ കണ്ടെത്തൽ. മതപരമായ പേരുകൾ എടുത്തുമാറ്റാനുള്ള നിർദേശത്തിനു പിന്നിൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയാണെന്ന് വിലയിരുത്തപ്പെടുന്നു. പാനൽ നിർദേശത്തിനു പിന്നിൽ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരെയുള്ള വാളോങ്ങലാണ്.

ഭരണഘടനയുടെ അനുച്ഛേദം 30 ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭാസ സ്ഥാപനങ്ങൾ ആരംഭിക്കുവാനുള്ള മൗലിക അവകാശം ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ അലിഗഡ് മുസ്ലിം സർവ്വകലാശാലക്ക് ന്യൂനപക്ഷ അധികാരം നല്കാനാവില്ലെന്നാണ്1967 ലെ ഭരണഘടന ബെഞ്ചിന്റെ വിധി. ഇതിന്റെ മറപറ്റി സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്ത് കളയണമെന്ന ശാഠ്യത്തിലാണ് സംഘപരിവാർ. 2016 സെപ്റ്റംബർ 17 ന് സംഘപരിവാറിന്റെ ഈ അജണ്ട മോഡി സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. അന്നത്തെ അറ്റോർണൽ ജനറൽ മുഗൾ റോത്തഗി കോടതിയിൽ സമർത്ഥിച്ചത് സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദ് ചെയ്യണമെന്നാണ്. ഇതിനായി റോത്തഗി ഉയർത്തികാണിച്ചത് 1967 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി. എന്നാൽ ആ കേസിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല കക്ഷിയായിരുന്നില്ല. സർവകലാശാലയുടെ വാദം കേൾക്കാതെയായിരുന്നു വിധി എന്ന് ചുരുക്കം.

ഇതിനിടെ 1981-ൽ പാർലമെന്റ് അലിഗഡ് സർവ്വകലാശാലക്ക് ന്യൂനപക്ഷ പദവി തിരിച്ചുനൽകികൊണ്ട് നിയമം പാസ്സാക്കി. എന്നാൽ 2006 ജനുവരിയിൽ അലഹബാദ് ഹൈക്കോടതി ഇത് അസാധുവാക്കി. ഇതിനെതിരെ യു പി എ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.  ഇതുമായി ബന്ധപ്പെട്ടാണ് മുഗൾ റോത്തഗി 1967 ലെ സുപ്രീം കോടതിയുടെ അടിസ്ഥാനത്തിൽ അലിഗഡ് സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദ് ചെയ്യണമെന്ന വാദം ഉയർത്തിയത്. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

1875 മെയ് 24 ന് സർ സയ്യദ്‌ അഹമ്മദ് ഖാൻ എന്ന വിദ്യാഭാസ വിചക്ഷണനാണ് അലിഗഡ് സർവ്വകലാശാല സ്ഥാപിച്ചത്. ഇന്ത്യൻ ദേശീയ സമര പാതയിൽ ഭാഗഭാക്കായിരുന്ന അലിഗഡ് പ്രസ്ഥാനത്തിന്റെ ആംഗ്ലോ ഓറിയന്റൽ എന്ന വിദ്യാഭാസ സ്ഥാപനം അലിഗഡ് സർവ്വകലാശാലയായി. രാജ്യത്തെ ആദ്യ മുസ്ലിം സർക്കാരേതര സംഘടനയാണ് അലിഗഡ് പ്രസ്ഥാനം.

മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസ ഉന്നമനത്തിൽ ഊന്നിയാണ് സർവ്വകലാശാല. മുസ്ലിം സമുദായത്തെ ഇംഗ്ലീഷ് ഭാഷയിലും ആധുനിക ശാസ്ത്രവിഷയങ്ങളിലും പരിശീലിപ്പിച്ച് പ്രാപ്തരാക്കുക എന്ന നിലയിലാണ് അലിഗഡ് സർവ്വകലാശാല വിഭാവനം ചെയ്യപ്പെട്ടത്‌. ഇസ്ലാമിക മൂല്യങ്ങളെ കൈവിടാതെ തന്നെ ബ്രിട്ടീഷ് വിദ്യാഭാസം പരിചയപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമായി.

ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതമാരംഭിച്ച സർ സയ്യദ് ഇന്ത്യൻ ദേശീയ സമരത്തിന്റെയും ആധുനിക ഇന്ത്യയുടേയും ശില്പികളിലൊരാളെന്ന നിലയിലും രാജ്യത്തിൻറെ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. പാശ്ചാത്യ-പൗരസ്ത്യ സംസ്ക്കാര സമന്വയമായിട്ടാണ് സർവ്വകലാശാല വാർത്തെടുക്കപ്പെട്ടത്. അലിഗഡ് പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള വിദ്യാഭാസ സ്ഥാപന ശൃംഖലയിലാണ് അലിഗഡ് സർവ്വകലാശാല.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആധുനിക സാമൂഹിക നിർമ്മിതിക്ക് സൃഷ്ടിപരമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് സർ സയ്യദ്. അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനയായ അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ചരിത്രപരമായ അസ്തിത്വത്തെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് സംഘ പരിവാർ ശക്തികൾ കൈക്കൊള്ളുന്നത്. ഈ ദിശയിലാണ് കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ പാനൽ റിപ്പോർട്ടിലെ നിർദേശങ്ങളെന്ന് സംശയിച്ചാൽ അതിനെ ആർക്കും കുറ്റം പറയാനാകില്ല.