Friday
21 Sep 2018

അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ മത്സരത്തിന് തുടക്കം

By: Web Desk | Sunday 26 November 2017 7:19 PM IST

ഒതുക്കുങ്ങല്‍ റോയല്‍ ഫല്‍ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

മലപ്പുറം: ഒതുക്കുങ്ങല്‍ റോയല്‍ ഫല്‍ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളും മാറ്റുരക്കുന്ന സീസണിലെ ഏക മത്സരത്തിനാണ് ഇന്ന് പന്തുരുണ്ടത്. മത്സരത്തിന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സംഗീത സംവധായകന്‍ ഷഹബാസ് അമന്‍ മുഖ്യാതിഥിയായിരുന്നു. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ലെനിന്‍. സൂപ്പര്‍ അഷ്‌റഫ്. റോയല്‍ മുസ്തഫ സംസാരിച്ചു.എണ്ണായിരത്തോളം കാണികള്‍ക്ക് ഒരേ സമയം മത്സരം വീക്ഷിക്കാവുന്ന തരത്തിലാണ് മത്സരത്തിന്റെ വേദി സജ്ജീകരിച്ചിരിക്കുന്നത്. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച എം.എസ് പ്രജിത്കുമാര്‍ മാസ്റ്ററുടെ പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ വരുമാനത്തിലൂടെ അദ്ദേഹത്തിന്റെ പേരില്‍ കോട്ടക്കലില്‍ സ്മാരക മന്ദിരം ഒരുക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടഔട്ടില്‍ എവൈസി ഉച്ചാരക്കടവ്ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാടിനെ പരാജയപ്പെടുത്തി.