Wednesday
19 Sep 2018

എല്ലാവരും സുരക്ഷാതീരത്ത്; ആശ്വാസത്തോടെ ലോകം

By: Web Desk | Tuesday 10 July 2018 10:42 PM IST

ബാങ്കോക്ക്: അവസാന ആംബുലന്‍സ് ഗുഹാമുഖത്ത് നിന്ന് ആശുപത്രിയിലേക്ക് പായുമ്പോള്‍ ലോകം ആകാംഷയോടെ കാത്തിരുന്നു. 18 ദിവസത്തെ കാത്തിരിപ്പിന് വിട നല്‍കി അവര്‍ 13 പേരും സുരക്ഷിതരായി തിരിച്ചെത്തിയെന്ന വാര്‍ത്ത കേള്‍ക്കാനായി. പ്രാദേശികമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും ലോകം കാത്തിരുന്നു തായ് സേനയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിനായി. ഒടുവില്‍ അത് സ്ഥിരീകരിച്ചു. കോച്ച് ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതര്‍.

അടുത്തകാലത്ത് ലോകം കണ്ട അതീവ ദുഷ്‌കരദൗത്യമാണ് ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ 18-ാം ദിവസം വിജയത്തിലെത്തിയത്. തീവ്രരക്ഷാദൗത്യത്തിനിടെ തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന്‍ കുനോന്ത് (38) മരിച്ചത് രക്ഷാപ്രവര്‍ത്തനത്തിനിടെ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ഓക്‌സിജന്‍ തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന്‍ കുനോന്ത് മരിച്ചത്.
ജൂണ്‍ 23നാണ് ഉത്തര തായ്‌ലന്‍ഡില്‍ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. 25 കാരനാണ് പരിശീലകന്‍. ഇവര്‍ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. പെട്ടന്ന് പെയ്ത മഴയില്‍ വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടര്‍ച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റര്‍ അകത്തേക്ക് കുട്ടികള്‍ നടന്ന്‌നീങ്ങി.

thai cave

കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്ത് നിന്ന് കണ്ടെത്തിയതോടെയാണ് കുട്ടികളെ കാണാതാകുന്ന വിവരം പുറംലോകമറിയുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളില്‍ പെട്ടതാകാമെന്ന് ഉറപ്പായി. ഒന്‍പതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനും കുട്ടികളെ കണ്ടെത്തി. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന്റെ പദ്ധതികള്‍ മാറി മാറി തയ്യാറാക്കി. അന്താരാഷ്ട്ര സഹകരണത്തോടെ മികച്ചപ്ലാനുമായി തായ് സേന മുന്നോട്ട് നീങ്ങി.
ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ സാങ്കേതിക വിദഗ്ധര്‍, ഡൈവര്‍മാര്‍, ഗുഹാ വിദഗ്ധര്‍, മെഡിക്കല്‍ സംഘം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത്. റോയല്‍ തായ് നാവികസേനയുടെ ഭാഗമായ തായ് നേവല്‍ സീലുകളാണു നേതൃത്വം നല്‍കിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാര്‍ഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാല്‍, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ നേരിട്ടു പോവുകയല്ലാതെ മറ്റ് സാങ്കേതികവിദ്യകള്‍ പ്രായോഗികമായില്ല.
ബ്രിട്ടനിലെ ഡെര്‍ബിഷര്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷനില്‍നിന്നു കടമെടുത്ത ഹേയ്‌ഫോണ്‍ വിഎല്‍എഫ് റേഡിയോകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളിലേക്കു പോയത്. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണില്‍ പകര്‍ത്തിയതു പുറത്തുവന്നു. അകത്തേക്ക് ടെലിഫോണ്‍ കേബിള്‍ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികള്‍ കത്തുകള്‍ എഴുതി കൊടുത്തയച്ചു. മാതാപിതാക്കള്‍ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുന്‍പ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിര്‍ദേശപ്രകാരം അല്‍പാല്‍പമായി കഴിച്ചാണു പത്തുദിവസം പിന്നിട്ടത്. കുട്ടികളെ കണ്ടെത്തിയശേഷം അത്യാവശ്യം വേണ്ട ഭക്ഷണവും വിറ്റാമിന്‍-മിനറല്‍ ഗുളികകളും ഇവര്‍ക്ക് നല്‍കി.

football team

ബ്രിട്ടന്‍, യുഎസ്, ചൈന, മ്യാന്‍മര്‍, ലാവോസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഉക്രൈന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. 19 ഡൈവര്‍മാരാണു ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്.പുറത്തെത്തിച്ച കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുഹാമുഖത്ത് നിന്നും ആംബുലന്‍സിലേക്കും അവിടുന്നു ഹെലിക്കോപ്റ്ററിലും കയറ്റിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകള്‍ക്കൊപ്പം ഐവി ഡ്രിപ്പുകളും കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികള്‍ക്കു ശ്വാസകോശത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടു. ചികില്‍സ പൂര്‍ത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിഗ്ലാസിലൂടെ തമ്മില്‍ കാണാന്‍ മാത്രമാണ് അനുവദിക്കുന്നത്.
സാഹസ കഥകളില്‍ താത്പര്യമുള്ള സിനിമ നിര്‍മാതാക്കള്‍ ഈ സംഭവകഥയെ വെള്ളിത്തിരയിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ലോകം കാത്തിരിക്കുന്നത് ആരോഗ്യത്തോടെ ആശുപത്രി വിട്ടുവരുന്ന കുട്ടികളെ കാണാനാണ്.

Related News