Monday
17 Dec 2018

അമ്പാട്ടി റായിഡുവിന് ബിസിസിഐ വിലക്ക്

By: Web Desk | Wednesday 31 January 2018 10:34 PM IST

മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. ഹൈദരാബാദിന്റെ നായകനായ അമ്പാട്ടി റായിഡുവിന് രണ്ടു മല്‍സരങ്ങളില്‍ നിന്നാണ് താരത്തെ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതാണ് വിളിക്കിന് കാരണം.സംഭവത്തില്‍ മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റായിഡുവിന് ബിസിസിഐ നോട്ടീസ് അയച്ചിരുന്നു. മത്സരത്തിനിടയില്‍ സ്‌കോറില്‍ വരുത്തിയ മാറ്റം ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്നും വിജയലക്ഷ്യം പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ കളി നിര്‍ത്തിവെച്ചുവെന്നും, ഇത് സാധാരണയായി സംഭവിക്കാറില്ലെന്നും അമ്പാട്ടി റായിഡു പ്രതികരിച്ചു.

ജനുവരി 11ന് കര്‍ണാടകയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. മത്സരത്തില്‍ അംപയര്‍മാര്‍ക്ക് പറ്റിയ പിഴവ് മനസ്സിലാക്കി കര്‍ണാടകയുടെ സ്‌കോറില്‍ രണ്ട് റണ്‍സ് കൂട്ടിയതാണ് തര്‍ക്കത്തിന് കാരണമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയ്ക്ക് അംപയര്‍മാര്‍ ആദ്യം 203 റണ്‍സാണ് അനുവദിച്ച് നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് ഇന്നിംഗ്‌സും അവസാനിച്ചത് 203 റണ്‍സിലായിരുന്നു.
എന്നാല്‍ മത്സരത്തില്‍ ഒരു ബൗണ്ടറി തടുക്കുന്നതിനിടെ ഹൈദരാബാദ് താരം മെഹ്ദി ഹസ്സന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതില്‍ രണ്ട് റണ്‍സ് മാത്രമാണ് അംപയര്‍മാര്‍ അനുവദിച്ചിരുന്നത്. ഇത് ബൗണ്ടറിയാണെന്ന് ടി വി റിപ്ലേകളില്‍ തെളിഞ്ഞതോടെ അംപയര്‍മാര്‍ രണ്ട് റണ്‍സ് കൂടി കര്‍ണാടകയ്ക്ക് നല്‍കുകയും ആ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനത്തില്‍ ഹൈദരാബാദ് താരങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. സൂപ്പര്‍ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്പാട്ടി റായിഡുവും മറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിന്നതോടെ അതിന് ശേഷം തുടങ്ങേണ്ട മത്സരം ആരംഭിക്കാന്‍ വൈകുകയും ചെയ്തു.

Related News