Monday
17 Dec 2018

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25% നികുതി ചുമത്തി അമേരിക്ക

By: Web Desk | Saturday 16 June 2018 10:49 AM IST

വാഷിംഗ്ടണ്‍: അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ഇതോടെ പ്രതിവര്‍ഷം 5000 കോടി ഡോളറിന്റെ നഷ്ടം ചൈനയ്ക്ക് ഉണ്ടാകും. 1102 ഉല്‍പന്നങ്ങള്‍ക്കാണ് അമേരിക്ക നികുതി ഏ‍പ്പെടുത്തിയത്. ടെലിവിഷനുകളും മരുന്നുകളും അടക്കം അഞ്ഞൂറോളം ഉല്‍പന്നങ്ങള്‍ക്ക് മാര്‍ച്ചില്‍ അമേരിക്ക ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ജൂലായ് ആറ് മുതല്‍ ഇപ്പോഴത്തെ നികുതി വര്‍ദ്ധന നിലവില്‍ വരും. ഇത് കൂടാതെ 284 ചൈനീസ് ഉല്‍പന്നങ്ങളെ കൂടി നികുതി പട്ടികയില്‍ കൊണ്ടുവരാന്‍ യു എസ് ലക്ഷ്യമിടുന്നുണ്ട്.

ഏപ്രിലില്‍, അമേരിക്കയില്‍ നിന്നുള്ള 128 ഉല്‍പന്നങ്ങള്‍ക്ക് ചൈന 25 ശതമാനത്തോളം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പഴങ്ങള്‍, വൈന്‍, സ്റ്റീല്‍ ട്യൂബ് തുടങ്ങിയ 120 ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനവും പന്നിയിറച്ചി ഉള്‍പ്പെടെ എട്ട് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവും നികുതിയുമാണ് ചൈന ഏര്‍പ്പെടുത്തിയത്. ചൈനയുടെ മര്യാദയില്ലാത്ത വ്യാപാര രീതികളും അമേരിക്കന്‍ സാങ്കേതിക വിദ്യയേയും ബൗദ്ധിക സ്വത്തിനേയും ഇല്ലാതാക്കാനുള്ള ചൈനയുടെ നീക്കത്തേയും ചെറുക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ്  യു എസ് പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Related News