Saturday
23 Jun 2018

അമേരിക്കന്‍ ഉപരോധത്തിനെതിരെ വെനസ്വേലയുടെ ചെറുത്തുനില്‍പ്പ്

By: Web Desk | Sunday 10 September 2017 1:35 AM IST

അബ്ദുള്‍ ഗഫൂര്‍

അമേരിക്ക ഉപരോധത്തിലൂടെ കൂടുതല്‍ വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല ചെറുത്ത് നില്‍പ്പും കടുപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഓഗസ്റ്റ് 25 നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയ്‌ക്കെതിരെ കൂടുതല്‍ വിലക്കുകള്‍ പ്രഖ്യാപിച്ചത്.
പുതിയ ഭരണഘടന രൂപീകരിക്കാനുള്ള നീക്കമാണ് ട്രംപിനെ കൂടുതല്‍ പ്രകോപിതനാക്കിയത്. എന്നാല്‍ അവയെല്ലാം അവഗണിച്ച് മുന്നോട്ടുപോകാന്‍ തന്നെയാണ് വെനസ്വേലയുടെ തീരുമാനം. രാജ്യത്തിനെതിരായ അമേരിക്കന്‍ ഭീഷണികള്‍ ഇതാദ്യമായിരുന്നില്ല. പ്രസിഡന്റായിരുന്ന ഒബാമയുടെ കാലത്തു തന്നെ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും അസാധാരണമായ ഭീഷണിയാണെന്ന് പറഞ്ഞ് രാജ്യത്തിനെതിരെ വിവിധ തരത്തിലുള്ള വിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഭരണാരോഹണത്തോടെ വെനസ്വേലയ്‌ക്കെതിരായ ഭീഷണിക്ക് ശക്തി കൂടിയെന്നുമാത്രം.
ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരും ചങ്ങാതികളും ചേര്‍ന്ന് ട്രംപിന്റെ ആ ഭീഷണിസ്വരത്തെ കടുപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതാണ് പുതിയ തരത്തിലുള്ള ഉപരോധ പ്രഖ്യാപനത്തിന് പിന്നിലുള്ളത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന മഡുറോയുടെ മുന്‍ഗാമി ഹ്യൂഗോ ഷാവേസിന്റെ ഭരണകാലയളവില്‍ വെനസ്വേലയുടെ എണ്ണ വ്യാപാരം ദേശസാല്‍ക്കരിക്കുന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച ആഗോള എണ്ണ ഭീമന്മാരെ ഉപയോഗിച്ചാണ് അമേരിക്കന്‍ ഭരണകൂടം വെനസ്വേലയ്‌ക്കെതിരായ പ്രചാരണങ്ങളും ഉപരോധനീക്കങ്ങളും നടത്തുന്നത്. ദേശസാല്‍ക്കരണം വെനസ്വേലയില്‍ ആസ്തിയുണ്ടായിരുന്ന എക്‌സോണ്‍ മൊബില്‍ എന്ന കമ്പനിക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. വെനസ്വേലയുമായി നിലനില്‍ക്കുന്ന തര്‍ക്കം മുതലെടുത്ത് അവരെ ഉപയോഗിച്ചാണ് പ്രധാനമായും അമേരിക്ക കുതന്ത്രങ്ങള്‍ പയറ്റുന്നത്.
ഒരു രാജ്യമെന്ന നിലയില്‍ വെനസ്വേലയ്‌ക്കെതിരെ നേരത്തേയും ഉപരോധങ്ങളുണ്ടായിരുന്നുവെങ്കിലും ഇത്തവണ പ്രസിഡന്റ് മഡുറോയെ വ്യക്തിപരമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും തന്ത്രങ്ങളുമാണ് അമേരിക്ക പയറ്റുന്നതെന്ന പ്രത്യേകതയുണ്ട്. അത് പക്ഷേ ഫലം കാണുന്ന ലക്ഷണമില്ല. എന്തൊക്കെ പ്രതിസന്ധികളുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴും മഡുറോയുടെ പിന്തുണയില്‍ ഇടിവ് വരുത്താന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ലെന്നതുതന്നെ കാരണം. അതിനാലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലായ എണ്ണക്കമ്പനികളെ ശ്വാസം മുട്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പൊതു ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ പിഡിഎസ്‌വിഎസ്എയ്ക്ക് പുതിയ ഓഹരികളിലൂടെ ധനസമാഹരണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ തടയുന്നതിനാണ് അമേരിക്കയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും അതുവഴി ജനങ്ങളെ ഭരണത്തിനെതിരായി തിരിക്കാന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കുകയുമാണ് അമേരിക്കയുടെ പുതിയ തന്ത്രം. എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കിയാല്‍ വെനസ്വേലയെ കുടുക്കാമെന്നാണ് അമേരിക്ക വ്യാമോഹിക്കുന്നത്.
ഷാവേസിന്റെ കാലത്ത് പൊതു ഉടമസ്ഥതയിലാക്കിയ കമ്പനികളെ വീണ്ടും സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രവും ഇതിന് പിന്നിലുണ്ട്. നേരത്തേ ക്യൂബയ്‌ക്കെതിരെ നടത്തിയ എല്ലാ കുതന്ത്രങ്ങളും ഇപ്പോള്‍ വെനസ്വേലയ്‌ക്കെതിരെ നടത്താനാണ് ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. പ്രദേശത്ത് ക്യൂബയ്‌ക്കൊപ്പം ഒരു എതിരാളി കൂടി നിലനില്‍ക്കുന്നത് ദോഷകരമാണെന്നതു മാത്രമല്ല ഇത്തരം ചെയ്തികള്‍ക്ക് അമേരിക്കയെ പ്രേരിപ്പിക്കുന്നത്.
ക്യൂബയ്‌ക്കെതിരെ എല്ലാ ഉപരോധങ്ങളും നടത്തിയിട്ടും കീഴടക്കാന്‍ കഴിയിതിരുന്ന പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും പിന്തുടരുന്നുണ്ട്. ക്യൂബയുടെ പിന്‍ബലത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ നിക്കരാഗ്വേ, എല്‍സാല്‍വഡോര്‍ എന്നിവ ആദ്യം അമേരിക്കന്‍ വിരുദ്ധ ചേരിയിലും പിന്നീട് സോഷ്യലിസ്റ്റ് പക്ഷത്തേയ്ക്കും ചാഞ്ഞതിന്റെയും ഓര്‍മകള്‍ അവരുടെ മനസിലുണ്ട്. അതിന് സമാനമായി ലാറ്റിന്‍ അമേരിക്കയിലെ യുഎസ് വിരുദ്ധ നിലപാടുകളുള്ള രാജ്യങ്ങളുടെ ഐക്യത്തിന് ക്യൂബയ്‌ക്കൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന രാജ്യമാണ് എന്ന പ്രത്യേകതയും വെനസ്വേലയ്ക്കു നേരെയുള്ള അമേരിക്കയുടെ ശത്രുതയ്ക്ക് ബലം കൂട്ടുന്നുണ്ട്.
എണ്ണയുടെ സാമ്പത്തിക സ്രോതസുണ്ടായിരുന്നുവെങ്കിലും സ്വകാര്യ കുത്തകകളുടെ കയ്യിലായിരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അതിന്റെ ഗുണമനുഭവിക്കാന്‍ കഴിയാതിരുന്ന കാലത്താണ് 1998 ല്‍ ഹ്യൂഗോ ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 1999 ഫെബ്രുവരിയില്‍ അധികാരമേറ്റ അദ്ദേഹം മുന്‍ഗാമികളുടേതോ അമേരിക്കയുടേതോ പാതയല്ല പിന്തുടരാന്‍ തീരുമാനിച്ചത്. ക്യൂബയും ലോകത്ത് നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളും പിന്തുടര്‍ന്ന പാതയായിരുന്നു. അധികാരത്തിലേറിയ വര്‍ഷം തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് അദ്ദേഹം ശ്രമമാരംഭിച്ചു. അതോടൊപ്പം തന്നെ ബൊളിവേറിയന്‍ ദൗത്യമെന്ന പേരില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കി. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും സാധാരണക്കാരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. അതുവഴി പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുന്ന സാഹചര്യമുണ്ടായി. എണ്ണയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഭവന നിര്‍മാണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. 15 ലക്ഷത്തോളം വീടുകളാണ് പാവപ്പെട്ട ഭവനരഹിതര്‍ക്കായി പണിതു നല്‍കിയത്. ഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്ന് അധികാരമേറിയ മഡുറോയും അദ്ദേഹത്തിന്റെ പാത തന്നെയാണ് പിന്തുടരാന്‍ ശ്രമിച്ചത്. രാജ്യത്തിന്റെ വരുമാനത്തില്‍ 90 ശതമാനവും ലഭിച്ചിരുന്ന എണ്ണയുടെ വില 2014ല്‍ കുത്തനെ ഇടിയുകയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും കാരണം രാജ്യത്തിന് ചെറിയ തോതിലുള്ള പ്രതിസന്ധിയുണ്ടായെങ്കിലും അതൊന്നും ജീവിതം പഴയ നിലയിലേയ്ക്ക് തിരിച്ചുപോകുന്നതിന് ഇടയാക്കിയില്ല. അത്തരമൊരവസ്ഥ ഇല്ലാതാക്കാനുള്ള കഠിന ശ്രമങ്ങള്‍ മഡുറോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
എന്നാല്‍ ആ കഠിന ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം രാജ്യത്ത് ജീവിതദുരിതം വര്‍ധിച്ചുവെന്ന പ്രചരണം നടത്താനും ഉപരോധങ്ങളും വിലക്കുകളുമേര്‍പ്പെടുത്തി രാജ്യത്തെ തകര്‍ക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. സാക്ഷരതയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും മുന്നിലുള്ള, വിവര സാങ്കേതിക സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന വെനസ്വേല സ്വേച്ഛാധിപത്യത്തിലാണെന്ന പ്രചാരണവും അവര്‍ അഴിച്ചുവിടുന്നുണ്ട്. രാജ്യത്തിനകത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതിന് വിമതരെ ഉപയോഗിച്ചുള്ള കലാപങ്ങള്‍ ആസൂത്രണം ചെയ്തു. അതിനാവശ്യമായ സാമ്പത്തികവും ഭൗതികവുമായ എല്ലാ സഹായങ്ങളും അമേരിക്ക പിന്നില്‍ നിന്നുകൊണ്ട് കുത്തക എണ്ണക്കമ്പനികളെ കൊണ്ട് ചെയ്യിച്ചു. എന്നിട്ടും തോല്‍ക്കാനില്ലാത്ത ജനതയെ സായുധമായി തോല്‍പ്പിക്കുമെന്ന പ്രഖ്യാപനവും അമേരിക്ക നടത്തിക്കഴിഞ്ഞിട്ടുണ്ട്.
എല്ലാ കുപ്രചരണങ്ങളെയും ഉപരോധങ്ങളെയും അവഗണിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച് നിന്ന് മുന്നോട്ടുപോകാനും അതിനനുസൃതമായി ഭരണത്തെ നയിക്കാനുമാണ് വെനസ്വേലന്‍ ഭരണത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തീരുമാനം. ഭരണത്തില്‍ കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള ബദല്‍ മാര്‍ഗത്തിലൂടെ അമേരിക്കന്‍ പ്രചാരണങ്ങളെയും ഉപരോധങ്ങളെയും മറികടക്കാനാകുമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത്.
അതോടൊപ്പം തന്നെ സര്‍ക്കാരിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിന്തുണയുമായി വന്‍ പ്രകടനങ്ങളാണ് രാജ്യത്താകെ നടക്കുന്നത്. സാമൂഹ്യ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം അമേരിക്കന്‍ ഉപരോധത്തിനെതിരായ പോരാട്ടത്തില്‍ അണിനിരക്കുന്ന കാഴ്ചകളും പതിവാണ്.
രാജ്യത്തിനകത്തു മാത്രമല്ല മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം വെനസ്വേലയ്ക്ക് പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. ഇതോടൊപ്പം അമേരിക്കയ്‌ക്കെതിരെ വിവിധ രാഷ്ട്രങ്ങളുടെ ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മഡുറോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
കൊച്ചുക്യൂബയെ സംരക്ഷിക്കുന്നതിന് അമേരിക്കയുടെ കുപ്രചരണങ്ങളെയും ഉപരോധങ്ങളെയും വെല്ലുവിളിച്ച് നടന്ന പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതാണ് വെനസ്വേലയ്ക്കുവേണ്ടി ഉയര്‍ന്നു വന്നിരിക്കുന്ന പ്രകടനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും.

Related News