Thursday
15 Nov 2018

അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ പോരുമുറുകുന്നു

By: Web Desk | Friday 26 October 2018 7:12 PM IST

കൊച്ചി: അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ പോരുമുറുകുന്നു. പ്രള‍യ ദുരിതാശ്വാസ നിധിയിലേക്ക്  പണം കണ്ടെത്താൻ പോകുന്ന സ്റ്റേജ് ഷോയെ ചൊല്ലിയാണ്  താര സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഭിന്നത.  നഷ്ടം സഹിച്ച് റിഹേഴ്സലിനായി താരങ്ങളെ വിട്ടു നൽകാനാവില്ലെന്നു കാണിച്ച് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മ നേതൃത്വത്തിനു കത്തു നൽകി. ‌ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്തുവന്നു . അടുത്തിടെയുണ്ടായ പ്രളയ ദുരന്തം സിനിമാ വ്യവസായത്തെയും വളരെയധികം ബാധിച്ചുവെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഇതു മൂലം കേരളത്തിന്‍റെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് പോലും പൂര്‍ത്തിയായ ചിത്രങ്ങള്‍ റിലീസുചെയ്യാന്‍ കഴിയാതെ വരികയും പല ചിത്രങ്ങളുടെയും ചിത്രീകരണം പോലും മുടങ്ങി പോകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നഷ്ടം ഒരു വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്നതിനുമപ്പുറമായിരുന്നു.

പിന്നീട് സംഘടന മുന്‍കൈയെടുത്ത് ദുരന്തത്തില്‍ നിന്നും കരകയറാനുള്ള തീവ്രയഞ്ജമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളുടെ റിലീസുകള്‍, ചിത്രീകരണങ്ങള്‍ എല്ലാം പുനക്രമികരിച്ചു. ഇതു പ്രകാരം 2019 വിഷു വരെയുള്ള റിലീസുകളും ചിത്രീകരണങ്ങളും വളരെ പ്രയാസപ്പെട്ട് ക്രമീകരിച്ചു കഴിഞ്ഞു. ഇതില്‍ ഏതെങ്കിലും വിധത്തില്‍ തടസം നേരിട്ടാല്‍ ക്രമികരണങ്ങള്‍ പാടെ തെറ്റും. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കുന്നതിനായി 2018 ഡിസംബര്‍ ഏഴിന് അമ്മ ഷോ നടത്തുന്നുവെന്നും ഷോയക്കും റിഹേഴ്സസലിനുമായി ചിത്രങ്ങളുടെ ചിത്രീകരണം നിര്‍ത്തിവെച്ച് ഒരാഴ്ച അഭിനേതാക്കളെ ഷോയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കന്നത്. ഇത് സംബന്ധിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത് തികച്ചു തെറ്റായ പ്രവണതയാണെന്നും നിര്‍മാതാക്കളുടെ സംഘടന അമ്മ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

സിനിമ വ്യവസായത്തിലെ നെടുംതൂണായ കേരള ഫലിം ചേമ്പറിനോടോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടോ പോലും മുന്‍കൂട്ടി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന തങ്ങളോട് വീണ്ടും വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളു എന്നു പറഞ്ഞ് മേല്‍പറഞ്ഞ തീയതിയില്‍ ഷോ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഷോ നടത്താതെ തന്നെ അമ്മയക്ക് നിസാരമായി അഞ്ചു കോടി രൂപ ഉണ്ടാക്കി നല്‍കാന്‍ കഴിയുമെന്നു തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. അമ്മ സംഘടനയുടെ ഏകപക്ഷീയമാ നിലപാടുകള്‍ ഇനിയും അംഗീകരിച്ച് മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച ചിത്രങ്ങളുടെ ചിത്രീകരണം നിര്‍ത്തിവെച്ച് മേല്‍പറഞ്ഞ ഷോയ്ക്ക് അഭിനേതാക്കളെ വിട്ടു നല്‍കാനാവില്ല എന്ന് തിരുമാനമെടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സാഹചര്യം മനസിലാക്കി സഹകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Related News