Sunday
24 Jun 2018

അമ്മയും സിനിമയും ഇപ്പോഴും ദിലീപിന്റെ കൈകളില്‍

By: കെ കെ ജയേഷ് | Monday 11 September 2017 9:13 AM IST

കോഴിക്കോട്: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായെങ്കിലും, അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട താരം തന്നെയാണ് സംഘടനയെ ഇപ്പോഴും നിയന്ത്രിക്കുന്നുവെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ഇരയായ നടിയ്ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപക പ്രചരണവും സംഘടനയില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ത്താന്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തി. താരസസംഘടനയുടെ തെറ്റായ നടപടികളോട് എതിര്‍പ്പുള്ള യുവനടന്‍മാരെ ഉള്‍പ്പെടെ അണിനിരത്തി അമ്മയുടെ നിലപാടുകളോട് ഏറ്റുമുട്ടാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം.
യുവതാരങ്ങളുടെയും സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെയും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ കാര്യങ്ങളിപ്പോഴും ദിലീപിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കൈകളില്‍ തന്നെയാണ്. ദിലീപിന് പിന്തുണയുമായി മുന്‍നിരതാരങ്ങള്‍ ഉള്‍പ്പെടെ ജയിലിലെത്തുക കൂടി ചെയ്ത സാഹചര്യത്തിലാണ് തലശ്ശേരിയില്‍ വെച്ച് വനിതാ സംഘടന കാമ്പയിന് തുടക്കം കുറിച്ചത്.
താരസംഘടന മാത്രമല്ല നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുമെല്ലാം ദിലീപിനെ പിന്തുണച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം അണിനിരക്കാന്‍ സിനിമാ പ്രവര്‍ത്തകരോട് നടന്‍ ഗണേഷ് കുമാര്‍ എം എല്‍ എ ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും നടന്‍മാരും ജയിലിലെത്തി ദിലീപിനെ കണ്ടു.
മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന സംഘടനയയുടെ അടിയന്തിര യോഗമാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിക്കാന്‍ എക്‌സിക്യൂട്ടീവ് ഉടന്‍ ചേരുമെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല. സംഘടനയിലെ പലര്‍ക്കും ഈ തീരുമാനത്തോട് എതിര്‍പ്പുണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മറ്റൊരു നിര്‍വ്വാഹവുമില്ലാതെ വന്നപ്പോള്‍ പേരിനൊരു നടപടിയെടുക്കുക മാത്രമായിരുന്നു അന്നുണ്ടായത്. ഗണേഷ് കുമാറിന് പുറമെ നടന്‍മാരായ ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരെല്ലാം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ദിലീപ് കുറ്റം ചെയ്യില്ലെന്ന് വരെ നടന്‍ ശ്രീനിവാസന്‍ പറയുകയും ചെയ്തു.
തീരുമാനം അംഗീകരിക്കാന്‍ എക്‌സിക്യൂട്ടീവ് പിന്നീട് ചേര്‍ന്നില്ലെങ്കിലും വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ജയിലിലെത്തി താരത്തെ കണ്ടു. ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെ ബി ഗണേഷ് കുമാര്‍, ഇടവേള ബാബു, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ളരാജു, മുകേഷ്, സിദ്ധിഖ് തുടങ്ങിയവരെല്ലാം ദിലീപിനോട് താത്പര്യമുള്ളവരാണ്. ആസിഫലി, രമ്യാ നമ്പീശന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ മാത്രമാണ് എക്‌സിക്യൂട്ടീവില്‍ എതിരഭിപ്രായം ഉയര്‍ത്തുന്നത്. നെടുമുടി വേണുവും നിവിന്‍ പോളിയും ഇക്കാര്യത്തില്‍ പരസ്യമായ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
മോഹന്‍ലാല്‍ ദിലീപിനെ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂരിലെ ജയിലിലേക്ക് അയച്ച് തന്റെ പിന്തുണ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ദിലീപിനെ അറസ്റ്റു ചെയ്തപ്പോള്‍ ഇരയായ നടിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ സംഘടനയാണ് എല്ലാ പിന്തുണയും പ്രതിയായ ദിലീപിന് മാത്രം നല്‍കുന്നത്. നടനെതിരെ വാര്‍ത്തകള്‍ കൊടുത്ത ചാനലുകളില്‍ ചര്‍ച്ചയ്ക്കും പരിപാടികള്‍ക്കും പങ്കെടുക്കേണ്ടെന്ന് നടന്‍മാര്‍ തീരുമാനം കൈക്കൊണ്ടു. ഓണച്ചിത്രങ്ങളുടെ പരസ്യങ്ങള്‍ ചില പത്രങ്ങള്‍ക്ക് നിഷേധിച്ചു. ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത നടന്‍ പൃഥ്വിരാജ് അഭിനയിച്ച ആദം ജോണ്‍ എന്ന ചിത്രത്തെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികളും വ്യാപകമായി ഉണ്ടായി.
അമ്മയ്ക്ക് ബദലല്ല വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്നായിരുന്നു ഇതില്‍ അംഗങ്ങളായ വനിതാ സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇരയെ അനുകൂലിക്കാന്‍ സംഘടന തീരുമാനം കൈക്കൊണ്ടതോടെയായിരുന്നു അവരും അമ്മയ്ക്ക് പിന്തുണ നല്‍കിയത്. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും നടന് അനുകൂലമായി തന്നെ നീങ്ങുന്നതായി മനസ്സിലാക്കിയതോടെയാണ് സംഘടന ശക്തമായ നടപടികളുമായി രംഗത്ത് വന്നിരിക്കുന്നത്.