Tuesday
11 Dec 2018

സംവിധായകന്റെ പത്രം ഓഫീസിൽ ഇന്ദ്രന്‍സ്

By: Web Desk | Monday 12 March 2018 7:29 PM IST

തിരുവനന്തപുരം; ‘എനിക്കാണെങ്കി ഒരു ചിരട്ടയുടെ അത്രയും മുഖമേയുള്ളു ഇവരീപറയുന്ന വികാരമൊക്കെ അതിലൂടെ വരുമോന്നായിരുന്നു എന്റെ പേടി ‘.
ഇന്ദ്രന്‍സ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സ് ജനയുഗത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു
അവാര്‍ഡുനേടിയ പടത്തിന്റെ കഥകേട്ടപ്പോള്‍ ഒരു തരിപ്പു തോന്നിയിരുന്നു. അതുകൊണ്ടുതന്നെ പടത്തിന് അംഗീകാരം കിട്ടുമെന്ന് കരുതി, അല്ലാതെ മികച്ച നടനാവുമെന്നൊന്നും പ്രതീക്ഷിച്ചതേയില്ല. അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയതിന്‌റെ അമ്പരപ്പുണ്ട്. സിനിമാ പ്രതീക്ഷിക്കുന്നതരത്തില്‍ അഭിനയം വന്നിട്ടില്ലെന്നുതന്നെയാണുവിചാരിച്ചത്.അതുകൊണ്ട് അവാര്‍ഡ് കിട്ടിയെന്ന് ബോധ്യമാകാന്‍ ഇനിയും ഒരുപാട് സമയം പിടിക്കും. ദിവസങ്ങളായി വിശപ്പും ദാഹവുമൊന്നുമറിയാതെ നിലാവത്ത് അഴിച്ചുവിട്ടകോഴിയുടെ കണക്ക് നടക്കുകയാണ് ഞാന്‍’ ഇന്ദ്രന്‍സ് പതിവുപോലെ വിനീതനായി. കൊടക്കമ്പിയിലൂടെ വളര്‍ന്നുവന്ന ആ കടപൂട്ടി. ഇനി വി സി അഭിലാഷിനെപ്പോലെയുള്ള പുതിയ തലമുറക്കാരില്‍നിന്നും പഠിക്കാനാണ് ശ്രമം.
സിനിമാക്കാരില്‍ അക്ഷരബന്ധമുള്ളവര്‍ കുറയുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ സിനിമയിലേക്കുവരുന്നത് ഗുണകരമാണ്. ജനയുഗം സബ് എഡിറ്ററായ വിസി അഭിലാഷിന്റെ ആളൊരുക്കത്തിലെത്തിയതിനെപ്പറ്റി പരാമര്‍ശിച്ച് ഇന്ദ്രന്‍സ് പറഞ്ഞു. തുള്ളലുമൊക്കെ പഠിപ്പിച്ചു. സിനിമക്കുവേണ്ടി കഷ്ടിച്ച് തുള്ളും വേദിയില്‍ പറ്റില്ല.
സീരിയസ് നടനായി സൈഡ്‌ലൈന്‍ചെയ്യപ്പെടുമോ എന്ന് ഭയമുണ്ട്. ചിരിയോടുതന്നെയാണ് ഇപ്പോഴും ഇഷ്ടം. ബോളിവുഡില്‍നിന്നും വിളിവന്നാലോ, സംശയമില്ല ഞാന്‍ ഒളിച്ചോടും. മറ്റ് ഭാഷകളില്‍ നിന്നും വിളിവന്നകാര്യം അഭിലാഷ് അറിയിച്ചപ്പോള്‍ ഇന്ദ്രന്‍സ് വീണ്ടും നാണിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്എല്‍ പ്രദീപും ഒപ്പമുണ്ടായിരുന്നു. ജനയുഗം ആസ്ഥാനത്ത് എഡിറ്റര്‍ രാജാജി മാത്യുതോമസിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകരും ജീവനക്കാരും ഇന്ദ്രന്‍സിന് സ്വീകരണം നല്‍കി.