Saturday
22 Sep 2018

അങ്കമാലി അതിരൂപത: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഭരണചുമതല

By: Web Desk | Saturday 10 February 2018 10:29 PM IST

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണ ചുമതല മാറ്റം. സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഭരണചുമതല കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി തയ്യാറാക്കിയ സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കും. സിനഡിന്റെ തീരുമാന പ്രകാരമാണ് ഭരണചുമതല കൈമാറ്റം ചെയ്യുന്നത്. സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കാനോനിക സമിതി വിളിച്ചുകൂട്ടാമെന്നും അധ്യക്ഷത സ്ഥാനം വഹിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സഹായ മെത്രാന്‍മാരും സംയുക്തമായാണ് സര്‍ക്കുലര്‍ തയ്യാറാക്കിയിരിക്കുന്നത്. അതിരൂപത സഹായ മെത്രാന്‍ ജോസ് പുത്തന്‍ വീട്ടിലിന്റെ സഹായ സഹകരണത്തോടെയാവണം ഭരണ നിര്‍വ്വഹണം. എന്നാല്‍ ആര്‍ച്ച് ബിഷപ്പിന്റെ ആലോചനയോടെയാവണം പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം. ആവശ്യപ്പെടുമ്പോഴെല്ലാം ഭരണ നിര്‍വ്വഹണ സംബന്ധമായ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് കൈമാറണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നു. ഇക്കാര്യത്തില്‍ വിവിധ സമിതികളെ ഉള്‍പ്പെടുത്തി അന്വേഷണം നടത്താനുള്ള ചുമതലയും സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നല്‍കുന്നുണ്ട്.
സഭയുടെ മുന്നോട്ടു പോക്കിന് വൈദികരുടെയും അല്‍മായരുടെയും വിശ്വാസികളുടെയും സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. അതിനിടെ അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം സംബന്ധിച്ച പട്ടിക പുറത്തിറക്കി. വിവാദമായ ഭൂമിവില്‍പ്പനയുടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ച പ്രൊക്യുറേട്ടറായിരുന്ന ഫാ. ജോഷി പുതുവയെ നഗരത്തിലെ ഒരു പള്ളിയുടെ വികാരിയായി നിയമിച്ചു. വികാരി ജനറല്‍ ആയിരുന്ന മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംമ്പാടന് വിശ്രമജീവിതം അനുവദിച്ചു.

Related News