Monday
22 Oct 2018

സേവനത്തിന്റെ സ്ത്രീ മുഖം

By: Web Desk | Thursday 26 October 2017 9:08 PM IST

സന്തോഷ് എന്‍ രവി

തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി മടങ്ങുമ്പോള്‍ ചെവികളില്‍ പതിഞ്ഞ ദയനീയ ശബ്ദമാണ് അനിലാ ബിനോജ് എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്.
നാട്ടിന്‍ പുറത്തിന്റെ നന്‍മകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്‌നേഹം കുടുംബസ്ഥയായപ്പോഴും ഒഴിവാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ മക്കളുടെ ജന്‍മദിനങ്ങളെല്ലാം അനാഥമന്ദിരങ്ങളിലും തെരുവുകളിലും ഭക്ഷണം നല്‍കിയാണ് ആഘോഷിച്ചിരുന്നത്. എന്നാല്‍ ക്രമേണ വര്‍ഷത്തിലൊരിക്കലുള്ള ഭക്ഷണ വിതരണം ആഴ്ചകളിലൊരിക്കലായി വിപുലീകരിക്കുകയായിരുന്നു. ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഏകീകൃത രൂപത്തിലേക്ക് മാറ്റുകയുണ്ടായി.
നിത്യ ജീവിതത്തില്‍ കണ്ടു മുട്ടുന്ന സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയായിരുന്നു തുടക്കം. ആവശ്യക്കാരുടെ വ്യക്തിവിവരങ്ങളും അക്കൗണ്ട് നമ്പറും ഉള്‍പ്പെടെയാണ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
മുഖപുസ്തകത്തിലുടെ മാത്രം പരിചയപ്പെട്ട പലരും സഹായ മനസ്‌ക്കരായി മുന്നോട്ട് വന്നു. അവരില്‍ ഭൂരിഭാഗവും പ്രവാസികളും ആയിരുന്നു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി അനുഭവത്തിന്റെ വെളിച്ചത്തില്‍ പലരും സാക്ഷ്യപ്പെടുത്തി. സഹായത്തിനാവശ്യമായ പണം നേരിട്ട് അനിലയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാം എന്ന അഭിപ്രായം പറഞ്ഞപ്പോഴും സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ആവശ്യക്കാരെ കുറിച്ച് വിശദാംശങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം സഹായം എത്തിച്ചാല്‍ മതി എന്ന സുഹൃത്തുക്കളുടെ സ്‌നേഹനിര്‍ബന്ധത്തിന് മുന്നില്‍ ഇവര്‍ വഴങ്ങി. അങ്ങനെയാണ് ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ പിറവി എടുക്കുന്നത്.ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഈ കൂട്ടായ്മയുടെ യാത്ര ഇന്ന് ഒട്ടനവധി പേര്‍ക്ക് സഹായ ഹസ്തമായി മാറി കഴിഞ്ഞു.ഇതിന് നേതൃത്വമായി അനില എന്ന യുവതി സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഈ സൗഹൃദ വലയം സഹായമായി എത്തിച്ച തുക മാത്രം ഏഴു ലക്ഷത്തില്‍ അധികം വരും.കൂട്ടായ്മയുടെ പുറത്ത് നിന്ന് ഒരു സഹായവും ഇവര്‍ സ്വീകരിക്കാറില്ല.സഹായ മനസുമായി ആരെങ്കിലും സമീപിച്ചാല്‍ അവരെയും കൂട്ടായ്മയില്‍ അംഗമാക്കും. നൂറിലധികം അംഗങ്ങള്‍ ഉണ്ടെങ്കിലും 25 ല്‍ താഴെ പേരാണ് സജീവമായുള്ളത്.തുകയുടെ വലിപ്പത്തേക്കാള്‍ മനസ്സാണ് പ്രധാനം എന്നാണ് ഇവരുടെ ആപ്തവാക്യം. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും ഇവര്‍ ഇത്തരം പുണ്യ പ്രവൃത്തികള്‍ക്കായി മാറ്റി വയ്ക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മൈലം എന്ന സ്ഥലത്ത് ഒരു സ്‌നേഹവീടും ഈ കൂട്ടായ്മ നിര്‍മ്മിച്ച് കൊടുത്തു കഴിഞ്ഞു. അപകടത്തില്‍ പെട്ട് ഇഴഞ്ഞു നീങ്ങിയിരുന്നു കുടുംബനാഥന് ഏകദേശം നാല് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ഇവര്‍ മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഒരു പതിനാറുകാരന് കുറഞ്ഞ സമയം കൊണ്ട് വീട് വയ്ക്കാനും ചികിത്സയ്ക്കും ആവശ്യമായ വലിയൊരു തുക സ്വരുക്കൂട്ടാന്‍ സഹായകരമായതാകട്ടെ അനിലയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ആണ്. പരാലിസിസ് രോഗ ബാധിതയായ സിന്ധു എന്ന ആലുവ സ്വദേശി, ക്യാന്‍സര്‍ രോഗിയായ ലീന രാധാകൃഷ്ണന്‍,മലപ്പുറം അരികോട് സ്വദേശി യായ സിയാ, സജു, സാവിത്രിയമ്മ എന്നിവര്‍ സഹായം ലഭിച്ചവരില്‍ ചിലര്‍ മാത്രം.സാമ്പത്തിക സഹായം എന്നതിന് അപ്പുറം ഇവരില്‍ പലരുടെയും വലിയ ആശ്വാസം അനിലയുടെ സാമീപ്യവും വാക്കുകളുമാണ്.ഒരു പക്ഷെ സ്വന്തം കുടുംബാംഗങ്ങളേക്കാള്‍ വേദനയ്ക്ക് പരിഹാരമാണ് അനിലയുടെ സാന്നിധ്യം. മാനസിക വൈകല്യവും ഓര്‍മക്കുറവും ഉള്ള സാവിത്രിയമ്മ എന്ന വയോവൃദ്ധയെ ചികിത്സയ്ക്കും താമസത്തിനുമായി തിരുവനന്തപുരത്തു നിന്നും അട്ടപ്പാടി വരെ സ്വന്തം കാറില്‍ എത്തിച്ച രംഗം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരനുഭവം ആണ്. ആലപ്പുഴയിലെ ക്യാന്‍സര്‍ രോഗിയായ ലീന രാധാകൃഷ്ണന്‍ ഉറക്കമില്ലാതെ വേദന കൊണ്ട് പുളയുമ്പോള്‍ പാതിരാത്രിയിലും ആശ്വാസത്തിനായി വിളിച്ചിരുന്നത് അനിലയെ ആയിരുന്നു.ആ സംസാരം തുടരുന്നതിനിടയിലാണ് ലീന ഈ ലോകത്തോട് വിട പറയുന്നതും എന്നത് ഇന്നും മനസിലെ നോവായി നില്‍ക്കുന്നു.
അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ത്ഥം ആര്‍ സി സി യില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുവാന്‍ പ്രേരണയായി. തനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു എങ്കില്‍ അവള്‍ക്കായി കാത്തു വച്ചിരുന്ന കിങ്ങിണി എന്ന പേരില്‍ പുതിയൊരു കൂട്ടായ്മയ്ക്കും ഇവര്‍ രൂപം കൊടുത്തു. ‘കിങ്ങിണിക്കൂട്ടം’ എന്ന പേരിലാണ് കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള സംരംഭം പ്രവര്‍ത്തിക്കുന്നത്.
മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ചില നിയമങ്ങള്‍ പാലിക്കണം എന്ന കാര്യത്തില്‍ അനില ബോധവതിയാണ്. അതുകൊണ്ടു തന്നെ ഒരോരുത്തരും തരുന്ന തുക അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ പരസ്യമായി രേഖപ്പെടുത്തും. വരവും ചിലവും കൃത്യമായി അതത് സമയത്തു അപ്‌ഡേറ്റ് ചെയ്യും.ഇതു കൂടാതെ ബാങ്ക് വിശദാംശങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഏതു സമയത്തും പരിശോധിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തക എന്നത് കൂടാതെ എഴുത്തുകാരി, പാചക വിദഗ്ധ എന്നീ നിലകളിലും ഇവര്‍ സജീവ സാന്നിധ്യമാണ്. വിവിധ ചാനലുകളിലെ കുക്കറി ഷോ, ചര്‍ച്ചകള്‍ എന്നിവയിലൂടെയും ഇവര്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വീട്ടിലെ ഇവരുടെ പാചകം മുഴുവനായും പ്രാചീന രീതിയിലൂള്ള മണ്‍ പാത്രങ്ങളില്‍ ആണ് എന്നതാണ് ഏറെ കൗതുകകരം.
കുടുംബത്തിന്റെ പിന്തുണയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നത് എന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. സഹായഹസ്തവുമായി നടത്തുന്ന യാത്രകള്‍ക്കിടയിലും ഭര്‍ത്താവും ഒന്‍പതും ആറും വയസായ മക്കളും നല്‍കുന്ന പിന്തുണ ചെറുതല്ല. നിഴല്‍ പോലെ കരുത്തായി ശ്രീദേവി വര്‍മ്മ എന്ന പ്രിയ കൂട്ടുകാരിയും കൂടിയാകുമ്പോള്‍ ഇനിയും ഏറെ ദൂരം താണ്ടാനാകും എന്ന ആത്മവിശ്വാസവും കൈമുതലാകുന്നു.