Saturday
21 Jul 2018

വേനല്‍ക്കാലം: മൃഗപരിപാലനം കരുതലോടെ

By: Web Desk | Friday 2 February 2018 9:42 PM IST

കോട്ടയം: വേനല്‍ക്കാലം രൂക്ഷമാകുന്നതോടെ മൃഗപരിപാലനം കരുതലോടെ വേണമെന്ന് അധികൃതര്‍. മൃഗങ്ങള്‍ക്കും വേനല്‍ക്കാലം അത്ര സുഖകരമല്ല. പ്രത്യേകിച്ച് കെട്ടിയിട്ടുവളര്‍ത്തുന്ന മൃഗങ്ങളുടെ പരിചരണം ഏറെ കരുതലോടെ വേണമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും മൂലമുള്ള താപസമ്മര്‍ദ്ദം ഉരുക്കള്‍ക്ക് ഭീഷണിയാണ്. തൊഴുത്തില്‍ വായുസഞ്ചാരം ക്രമീകരിച്ചാല്‍ അമിത ആര്‍ദ്രത നിയന്ത്രിക്കാനാകും. കന്നുകാലികളുടെ വേനല്‍ക്കാലത്തെ പ്രധാനഭീഷണി കുളമ്പുരോഗമാണ്. ഇതിന്റെ പ്രതിരോധത്തിനും നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയമായ പരിപാലനരീതികള്‍ അവലംബിക്കണമെന്ന് വെറ്ററിനറി അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.
കന്നുകാലികള്‍ക്ക് 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുക, വെയിലത്ത് തുറസായ സ്ഥലത്ത് മേയാന്‍ വിടാതിരിക്കുക, കൂടിനുപുറത്ത് തണലത്തുമാത്രം കെട്ടുക, കൂടിന്റെ വശങ്ങളില്‍ വോള്‍ഫാന്‍ ഉപയോഗിക്കുക, ഉച്ചക്കും വൈകിട്ടും കുളിപ്പിക്കുക, രാവിലെ കുളിപ്പിക്കരുത്, രാവിലെ 8 ന് മുമ്പും വൈകിട്ട് 4ന് ശേഷവും സാന്ദ്രീകൃത തീറ്റകള്‍ നല്‍കുക, വൈക്കോല്‍ രാത്രിയിലും അതിരാവിലെയും മാത്രം നല്‍കുക, പരമാവധി പച്ചപ്പുല്ലും ധാതുലവണ മിശ്രിതവും നല്‍കുക, 25 ഗ്രാം അപ്പക്കാരവും 50 ഗ്രാം ഉപ്പും അരിക്കാടിയിലോ, കഞ്ഞിവെള്ളത്തിലോ ചേര്‍ത്ത് ദിവസവും നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.