Saturday
15 Dec 2018

അധ്യാപികയെ തലക്കടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

By: Web Desk | Thursday 11 October 2018 6:58 PM IST

കൊല്ലം:

കൊല്ലം: അധ്യാപികയെ തലക്കടിച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് ആഷ്‌ലി സോളമനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറ‍ഞ്ഞു. ചൊവ്വാഴ്ച വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച അനിത സ്റ്റീഫ (39) നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി സംസ്കരിച്ചിരുന്നു.

സംഭവത്തിനു ശേഷം, ട്രെയിനില്‍ മംഗലാപുരത്തിന് പോയ ആഷ്‌ലി തിരികെ കോഴിക്കോട്ടെത്തി, ബന്ധുവിനെ വിളിച്ചപ്പോൾ കീഴടങ്ങണമെന്നു അദ്ദേഹം നിർദേശിച്ചു. കീഴടങ്ങാൻ എത്തുന്ന വിവരമറിഞ്ഞ് കടപുഴയ്ക്കടുത്ത് വെച്ച് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വീട്ടിൽ വച്ച് അനിതയും ഭർത്താവ് ആഷ്‌ലിയും  വഴക്കുണ്ടാകുകയും ആഷ്‌ലി ചിരവ കൊണ്ട് അനിതയെ തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അച്ഛൻ സ്റ്റീഫൻ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടിലെത്തിയപ്പോഴാണ് അകത്തെ മുറിയിൽ രക്തം നിറഞ്ഞ് മൃതദേഹം കിടക്കുന്നത് കണ്ടത്. അനിതയുടെ പെരുമാറ്റം സഹിക്കാനാവാതെയുള്ള ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.

പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

സംഭവം ഇങ്ങനെ:

അനിത തേവലക്കരയിലുള്ള അശോക് പണിക്കർ ബസുടമയുമായി അടുപ്പത്തിലാവുകയും അയാളോടൊപ്പം വീട് വിട്ടുപോവുകയും ചെയ്തു. ഭര്‍ത്താവ് ആഷ്‌ലിയും അനിതയുടെ പിതാവ് സ്റ്റീഫനും ഇടപെട്ട് അനിതയെ തിരിച്ചുകൊണ്ട് വന്നിരുന്നു. ഇതോടെ അനിതക്ക് വേണ്ടി കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്തു. അനിതയെയും ആഷ്‌ലിയെയും പിതാവ് സ്റ്റീഫനെയും പൊലീസ് ഇത് സംബംന്ധിച്ചു രണ്ടു ദിവസം മുമ്പ് വിളിച്ചു സംസാരിച്ചു. പൊലീസിനോട് അനിത കാമുകന് അനുകൂലമായി മൊഴി പറഞ്ഞു. അടുത്താഴ്ച കോടതിയിൽ അനിതയെ ഹാജരാക്കാൻ നിർദേശം നൽകി, ഇവരെ വിട്ടു. താൻ എല്ലാം ക്ഷമിക്കാൻ തയ്യാറാണെന്ന് പറഞ്ഞു ആഷ്‌ലി അനിതയെ വീട്ടിൽ കൊണ്ടുവന്നു.

ഇതിനിടെ, അനിതയെ വിട്ടുകിട്ടണമെന്ന് പറഞ്ഞു കാമുകൻ മധ്യസ്ഥന്മാരെ സമീപിച്ചിരുന്നു. അനിതയുമായുള്ള ബന്ധം തന്റെ വീട്ടിലും പ്രശ്നമുണ്ടാക്കുന്നുവെന്നും ബന്ധം അവസാനിപ്പിക്കണമെങ്കിൽ അനിത പറയണമെന്നും ഇയാൾ പറഞ്ഞിരുന്നു. വിവാഹിതനായ ഇയാൾക്ക് പ്രായപൂർത്തിയായ മകളുൾപ്പെടെയുള്ള മക്കളുണ്ട്. ഇരു കുടുംബങ്ങളും മുമ്പേ അറിയും, ഓണത്തിന് ആഷ്‌ലിയും കുടുംബവും ഇവരുടെ വീട്ടിൽ പോകുകയും ചെയ്തിരുന്നു.

കാമുകനോടൊപ്പം പോകുമെന്ന നിലപാടിൽ അനിതയ്ക്ക് മാറ്റമില്ലാത്തതാണ് വഴക്കിലും കൊലപാതകത്തിലും എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.

അടൂർ ചന്ദനപ്പള്ളി ഗവ.എൽ പി എസ് അധ്യാപികയാണ് അനിത. ആഷ്‌ലി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും. മക്കൾ 9-ാം ക്ലാസ് വിദ്യാർഥി ആരോമൽ, 6-ാo ക്ലാസ് വിദ്യാർഥി അൽവിൻ. ഇരുവരും ശാസ്താംകോട്ട ഗവ.എച്ച്എസ്എസ് വിദ്യാർഥികളാണ്.

Related News