Sunday
22 Oct 2017

ചിന്നമ്മ പുറത്ത്: പാർട്ടിയെ കൈപ്പിടിയിലൊതുക്കി പളനിസ്വാമി-പനീർസെൽവം

By: Web Desk | Tuesday 12 September 2017 12:13 PM IST

ചെന്നൈ: ചെന്നൈയിൽ ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സിൽ യോഗം വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതോടെ
പാർട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് പളനിസ്വാമി–പനീർസെൽവം പക്ഷം.

ജയലളിതയെ സ്ഥിരം ജനറൽ സെക്രട്ടറിയായി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരുമെന്നും രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കും. യോഗം നടക്കുന്നത് തടയണമെന്ന ദിനകരന്‍ പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിനെ മറിച്ചിടുമെന്ന മുന്നറിയിപ്പുമായി ദിനകരന്‍ എത്തിയിരുന്നു.

കൗണ്‍സില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ജനറല്‍ കൗണ്‍സില്‍ സ്റ്റേ ചെയ്ത് ബംഗലൂരു സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി വിധിയോടെ അത് അസാധുവായി.