Wednesday
17 Oct 2018

അണ്ണാറക്കണ്ണന്റെ അഹങ്കാരം

By: Web Desk | Sunday 13 May 2018 1:44 AM IST

ബാലയുഗം

സന്തോഷ് പ്രിയന്‍

ചക്കരപ്പാടത്തെ ചക്കരമാവില്‍ ഒരു അണ്ണാറക്കണ്ണന്‍ താമസിച്ചിരുന്നു. അണ്ണാറക്കണ്ണന്‍ വലിയ അഹങ്കാരിയായിരുന്നു. കുട്ടികള്‍ മാഞ്ചോട്ടില്‍ നിന്ന് വിളിച്ചു പറയും. ‘അണ്ണാറാക്കണ്ണാ, അണ്ണാറക്കണ്ണാ….ഒരു മാമ്പഴം താഴേക്ക് ഇട്ടുതരുമോ.?’
അതുകേള്‍ക്കുമ്പോള്‍ അണ്ണാറക്കണ്ണന്‍ മാമ്പഴം തിന്ന ശേഷം മാങ്ങാണ്ടി താഴേക്കിട്ടുകൊടുത്ത് കുട്ടികളെ പറ്റിക്കും. എന്നിട്ട് മാവില്‍ താമസിക്കുന്ന കാക്കകളെയും കുരുവികളേയും വിളിച്ചു പറയും.
‘ഹി…..ഹി…..കണ്ടോ മനുഷ്യര്‍ മാങ്ങയ്ക്കുവേണ്ടി എന്നോടാ യാചിക്കുന്നത്. നിങ്ങളെകൊണ്ട് ഒരു സഹായവും അവര്‍ക്കില്ല. അതുകൊണ്ട് അവര്‍ക്ക് നിങ്ങളെ ഇഷ്ടവുമല്ല. നിങ്ങള്‍ ഇവിടെ താമസിക്കുന്നത് എനിക്ക് നാണക്കേടാ.’
ഇത് കേള്‍ക്കുമ്പോള്‍ കാക്കകള്‍ക്കും കുരുവികള്‍ക്കും വലിയ സങ്കടം വരും. അവര്‍ പറയും.
‘അണ്ണാറക്കണ്ണാ… നീ ഇങ്ങനെ അഹങ്കരിക്കരുത്. നമ്മള്‍ പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കഴിയുന്നതല്ലേ നല്ലത്.’
‘ഹും, നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയൊന്നും വേണ്ട. നിങ്ങളുടെ ഒരു സഹായവും എനിക്കു വേണ്ട.’
അതു പറഞ്ഞിട്ട് അണ്ണാറക്കണ്ണന്‍ മരച്ചില്ലകളിലൂടെ ചാടിച്ചാടി പോയി.
ഒരു ദിവസം മാമ്പഴം തരാതെ തങ്ങളെ പറ്റിക്കുന്ന അണ്ണാറക്കണ്ണനെ വലയില്‍ കുരുക്കാന്‍ കുട്ടികള്‍ തീരുമാനിച്ചു. അവര്‍ പണി പറ്റിക്കുകയും ചെയ്തു. അടുത്ത ദിവസം അണ്ണാറക്കണ്ണന്‍ വലയില്‍ വീണു.
‘അയ്യോ എന്നെ രക്ഷിക്കണേ…..’
അണ്ണാറക്കണ്ണന്‍ വലിയവായില്‍ നിലവിളിച്ചു. ഇതുകണ്ട് ദയ തോന്നിയ കാക്കയും കുരുവിയും അവനെ രക്ഷിക്കാനെത്തി. കാക്കയുടെ ചങ്ങാതി ഒരു എലിയുണ്ടായിരുന്നു. എലിയെ വരുത്തി വല കടിച്ചുമുറിച്ച് അവര്‍ അണ്ണാറക്കണ്ണനെ രക്ഷിച്ചു. കാക്കയും കുരുവിയും വന്നില്ലായിരുന്നെങ്കില്‍ താന്‍ രക്ഷപ്പെടില്ലായിരുന്നുവെന്ന് അണ്ണാറക്കണ്ണന് മനസിലായി. പരസ്പരം സ്‌നേഹിച്ച് ജീവിക്കുന്നതാണ് നല്ലതെന്ന് അവന് തോന്നി. പിന്നീട് അണ്ണാറക്കണ്ണന്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാന്‍ തുടങ്ങി.