Monday
23 Jul 2018

സ്വാതന്ത്ര്യം ലക്ഷ്യമാക്കിയ പോരാളി

By: Web Desk | Saturday 23 September 2017 12:21 AM IST

ഗീന
ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ്- ആനി ബസന്റിനെ ലോകം അറിയുന്നതങ്ങനെയാണ്. കല്‍ക്കത്തയില്‍ 1917 ല്‍ നടന്ന സമ്മേളനമാണ് ഐറിഷ് ജന്മബന്ധമുളള ലണ്ടന്‍ വനിതയെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. തന്റെ 85-ാം വയസില്‍ അതായത് 1933 സെപ്റ്റംബര്‍ 20ന് വിട പറയുന്നതുവരെ ആനിബസന്റ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ആ നാട്ടില്‍ നിന്നുതന്നെയുള്ള ഒരു വനിത പോരാട്ടത്തില്‍ പങ്കാളിയായി എന്നൊരു സവിശേഷതയും ഇതിനുണ്ട്. ലണ്ടനില്‍ 1847 ഒക്‌ടോബര്‍ ഒന്നിനാണ് എമിലിമോറിസ്- വില്യംവുഡ് എന്നീ ദമ്പതികളുടെ മകളായി ആനി ജനിക്കുന്നത്. ആനിക്ക് അഞ്ച് വയസുള്ളപ്പോള്‍ പിതാവ് വില്യം അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്ന വില്യംസിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. മകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ളള സാഹചര്യംപോലും അമ്മയ്ക്കുണ്ടായിരുന്നില്ല. അമ്മയുടെ സുഹൃത്തായ എലന്‍ മേരിയാണ് പിന്നീട് ആനിക്ക് തുണയായെത്തിയത്. ക്ലേശം നിറഞ്ഞ കുട്ടിക്കാലം മനസില്‍ കോറിയിട്ട പല ചോദ്യങ്ങള്‍ക്കും ആനി പിന്നീട് ഉത്തരം തേടുകയുണ്ടായി. പഠനത്തില്‍ മിടുക്കിയായ ആനി പക്ഷേ 19-ാം വയസില്‍ വിവാഹിതയായി. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മതപരമായ അഭിപ്രായവ്യത്യാസമായിരുന്നു കാരണം. ഫ്രാങ്ക് ബെസന്റ് ഒരു പുരോഹിതകുടുംബത്തിലെ അംഗമായിരുന്നു. സ്വാതന്ത്ര്യത്തെ ഏറെ സ്‌നേഹിച്ച ആനിക്ക് യാഥാസ്ഥിതിക മതചിന്തകളോട് പൊരുത്തപ്പെടാനായില്ല. ലണ്ടനിലെ ഉല്‍പതിഷ്ണുക്കളുമായി ആനി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫാബിയന്‍ സൊസൈറ്റി, മാര്‍ക്‌സിസ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്നീ സംഘടനകളുമായാണ് അക്കാലത്ത് ആനി സഹകരിച്ചിരുന്നത്. ഇതിനകം തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയും പ്രാസംഗികയുമായി ആനി മാറിക്കഴിഞ്ഞിരുന്നു. നിരീശ്വരവാദിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാള്‍സ് ബ്രാഡ്‌ളോയുടെ സ്വാധീനം ആനിയെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ എടുക്കന്‍ പ്രേരിപ്പിച്ചു. 1877 ല്‍ ജനനനിയന്ത്രണത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഏറെ വിവാദമായി. വില്യം ഒബ്രൈന്‍ എന്ന പാര്‍ലമെന്റംഗത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാനായി ലണ്ടനില്‍ നടന്ന ബ്ലഡി സണ്‍ഡേയുടേയും ലണ്ടന്‍ മാച്ച് ഗേള്‍സ് സമരത്തിന്റെയും സംഘാടക എന്ന നിലയില്‍ ആനി ശ്രദ്ധേയയായി.
തിയോസിഫിക്കല്‍ സൊസൈറ്റിയുടെ ഉപജ്ഞാതാവായ ഹെലീന ബ്ലാവട്‌സ്‌കിയുമായി 1890 ല്‍ ആനി സൗഹൃദം സ്ഥാപിച്ചു. അതുസംബന്ധിച്ച പ്രവര്‍ത്തനവുമായി 1898 ല്‍ അവര്‍ ഇന്ത്യയിലെത്തി. ഇതോടെ ഇന്ത്യന്‍ സംസ്‌കാരവും സ്വാതന്ത്ര്യസമരവാഞ്ചയും മനസിലാക്കിയ ആനി പിന്നീടുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇന്ത്യ തന്റെ വാസഭൂമിയാണെന്നവര്‍ പ്രഖ്യാപിച്ചു. ഇതിനിടെ ഹെലീനയുടെ മരണത്തോടുകൂടി തിയോസിഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി 1907 ല്‍ ആനി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ആഴത്തിലുള്ള ബന്ധം അവര്‍ വിപുലപ്പെടുത്തി. 1916 ല്‍ ലോകമാന്യ തിലകുമായി ചേര്‍ന്ന് ഹോം റൂള്‍ പ്രസ്ഥാനത്തിന് രാജ്യത്ത് നേതൃത്വം നല്‍കി. ജനാധിപത്യം സ്ഥാപിക്കപ്പെടാനും വിദേശാധിപത്യം അവസാനിപ്പിക്കുന്നതിനും അവര്‍ അന്താരാഷ്ട്രതലത്തില്‍ നിരവധി പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തു. ശക്തമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു പ്രസംഗിക്കുകയും ചെയ്തു. അങ്ങനെയാണ് 1917 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റായി ആനി നിയോഗിക്കപ്പെടുന്നത്.
അറിയപ്പെടുന്ന തിയോഫിസിറ്റ് എന്ന നിലയിലുള്ള ആനിയുടെ സംഭാവനകളും നിസ്തുലമാണ്. ജീവിതകാലം മുഴുവന്‍ സാമൂഹ്യപുരോഗതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ആനിബസന്റ് 1933 സെപ്‌ററംബര്‍ 20ന് മദ്രാസില്‍ വച്ചാണ് അന്തരിച്ചത്.