Friday
20 Apr 2018

ട്രംമ്പിന്‍റെ ജറുസലെം പ്രഖ്യാപനം; രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു

By: Web Desk | Saturday 23 December 2017 3:58 PM IST

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച രണ്ട് പലസ്തീനികളെ കൂടി ഇസ്രയേല്‍ സൈന്യം വധിച്ചു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേല്‍ അതിര്‍ത്തിയായ വടക്കന്‍ ഗസ്സയില്‍ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. 24കാരനായ സക്കരിയ അല്‍ കഫാരിനയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. രണ്ടാമത്തേയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള മൂന്നാമത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. തോക്കും, കണ്ണീര്‍ വാതകവും ഗ്രനേഡുമെല്ലാം പ്രയോഗിച്ചാണ് ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത്. കഴിഞ്ഞയഴ്ച രണ്ട് കാലുകളുമില്ലാത്ത ഇബ്രാഹിം അബൂ തുറയ്യ എന്ന ഫലസ്തീനിയെ ഇസ്രയേല്‍ സൈന്യം കൊന്നിരുന്നു. ഇതുവരെ എട്ട് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതുവരെ 103 പേരാണ് ഗുരുതര പരിക്കുകളുമായി വെസ്റ്റ്ബാങ്കിലും ഗസ്സയിലുമായി ആശുപത്രികളിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

 

Photo Courtesy: The Washington Post