Sunday
24 Sep 2017

ദിലീപിനെതിരെ അനൂപ് ചന്ദ്രന്റെ മൊഴി

By: Web Desk | Monday 11 September 2017 10:40 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ് തനിക്കെതിരെയുള്ള വിദ്വേഷത്തിന് കാരണം.
മോസ് ആന്റ് ക്യാറ്റ് സിനിമയുടെ ലോക്കേഷനില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തി. ഇതോടെ സിനിമയില്‍ നിന്നും തന്നെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്.ദിലീപിനൊപ്പം കാര്യസ്ഥന്‍ ,വിനോദയാത്ര ,പാസഞ്ചര്‍ ,മുല്ല തുടങ്ങിയ ചിത്രങ്ങളില്‍ അനൂപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു . ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളില്‍നിന്നും നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും ഉള്ള അന്വേഷണ സംഘത്തിന്റെ വാദം സാധൂകരിക്കുന്നതിനു അനൂപ് ചന്ദ്രന്റെ മൊഴി വഴിവെയ്ക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷാ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഹാജരാകാനുള്ള നോട്ടീസ് നല്‍കണമെന്ന നാദിര്‍ഷായുടെ ആവശ്യം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് നാദിര്‍ഷാ ഹാജരാകാനുള്ള സാധ്യത കുറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് അഭികാമ്യമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് നാദിര്‍ഷാ ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.നാദിര്‍ഷാ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ കാത്തിരുന്നു .ദിലീപിനൊപ്പം നാദിര്‍ഷായേയും ആദ്യം ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം ശേഖരിച്ച മൊഴികള്‍ പരിശോധിച്ചപ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നിയ സഹചര്യത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് വഴങ്ങാതെ നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.ജാമ്യാപേക്ഷ 13ന് പരിഗണിക്കുന്നതിനായി മാറ്റിയ കോടതി അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം തള്ളി.ചികിത്സ തേടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തത് എന്നാണ് സൂചനകള്‍. സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു .