Thursday
24 May 2018

ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം: മുഖ്യമന്ത്രി

By: Web Desk | Sunday 28 January 2018 6:10 PM IST

 കണ്ണൂര്‍: അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ശാസ്ത്രകൗണ്‍സില്‍ പ്രസിഡണ്ട് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 30ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമര മുഖം തുറക്കേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനുമുള്ള അധികാരം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. ഭരണഘടനയുടെ 51ാം വകുപ്പ് ശാസ്ത്രബോധത്തെക്കുറിച്ചാണ് പറയുന്നത്. അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഈ ഭരണഘടനാ വകുപ്പ് കാണിച്ചുകൊടുക്കേണ്ടതുണ്ട്. ഇത് കഴിയും വിധം ജന ബോധവല്‍ക്കരണം ഉണ്ടാവേണ്ടതുണ്ട്.
ഓഖിയടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിട്ടുകൊണ്ടാണ് കേരളം പുതിയ വര്‍ഷത്തിലേക്ക് കടന്നത്. സാമ്പത്തിക പ്രയാസങ്ങളെല്ലാം ഉണ്ടെങ്കിലും പ്രതിസന്ധികളില്‍ തളരില്ല. നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്യുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ശാസ്ത്ര സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം.
കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രം താമസിയാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സംസ്ഥാന ശാസ്ത്ര കൗണ്‍സിലിനെയാണ് ചുമതല ഏല്‍പ്പിച്ചത്.
ലോകമെങ്ങുമുള്ള മലയാളികളായ മഹദ് വ്യക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള സംവിധാനമായാണ് ലോക കേരളസഭക്ക് തുടക്കമിട്ടത്. നാടിന്റെ വികസനത്തില്‍ അവരെക്കൂടി പങ്കാളികളാക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. പ്രവാസി പ്രതിഭകള്‍ക്ക് ശാസ്ത്രരംഗത്തടക്കമുള്ള കഴിവുകള്‍ സംസ്ഥാനത്തിന്റെ വികസന താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.