Wednesday
17 Jan 2018

സിഖ് വിരുദ്ധ കലാപം; 186 കേസുകള്‍ പുനഃരന്വേഷിക്കണം: സുപ്രിം കോടതി

By: Web Desk | Wednesday 10 January 2018 10:25 PM IST

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനഃരന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. മുന്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പരിശോധിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച രണ്ടംഗ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.
ഹൈക്കോടതി മുന്‍ ജഡ്ജിയും രണ്ട് ഐപിഎസ് ഓഫീസര്‍മാരും അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിഖ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 241 കേസുകളില്‍ 186 കേസുകളില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 നാണ് സുപ്രിംകോടതി സിഖ് കലാപവുമായി ബന്ധപ്പെട്ട 241 കേസുകളിലെ അന്വേഷണം പരിശോധിക്കാന്‍ രണ്ടംഗ മേല്‍നോട്ട സമിതിയെ നിയോഗിച്ചത്. സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ എം പഞ്ചാല്‍, ജസ്റ്റിസ് കെ എസ്പി രാധാകൃഷ്ണന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.