Monday
23 Jul 2018

സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By: Web Desk | Thursday 30 November 2017 10:22 AM IST

ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജാമ്യം നൽകിയതിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘമാണ് സജ്ജൻ കുമാറിന് അനുവദിച്ച മുൻകൂർ ജാമ്യം  റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ പടിഞ്ഞാറൻ ഡൽഹി പ്രദേശത്ത് നടന്ന മൂന്ന് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണക്കോടതി മുൻകൂർ ജാമ്യം സജ്ജൻ കുമാറിന് അനുവദിച്ചിരുന്നു. വിചാരണക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട അഞ്ചു കേസുകൾ ഈ വർഷം ആദ്യം ഏപ്രിലിൽ കോടതി വീണ്ടും പുനരാരംഭിച്ചിരുന്നു. കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെയും മുൻ കൗൺസിലർ ബൽവാൻ ഖോഖാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയും സി.ബി.ഐ അപ്പീൽ സമർപ്പിച്ചു.