Monday
18 Dec 2017

അനുപം ഖേര്‍ എഫ്ടിഐഐയുടെ പുതിയ ചെയര്‍മാന്‍

By: Web Desk | Wednesday 11 October 2017 5:27 PM IST

ന്യൂഡല്‍ഹി:

പ്രശസ്ത സിനിമാ നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഫ്ടിഐഐ) പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിതനായി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

ഗജേന്ദ്ര ചൗഹാന്റെ നിയമന കാലാവധി അവസാനിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അനുപം ഖേറിന്റെ നിയമിച്ചത്. ചൗഹാന്റെ നിയമനത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ 139 ദിവസം ബഹിഷ്‌കരിച്ചിരുന്നു.

കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലായി 500 ലധികം ചിത്രങ്ങളിലും 100 ലധികം നാടകങ്ങളിലും ഖേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 62 കാരനായ ഖേറിനെ 2004 ല്‍ പത്മശീയും 2016 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. സാറന്‍ഷ, ഡാഡി, ലംഹെ, ദില്‍വാലെ ദുല്‍ഹനിയ ലെ ജായെങ്കെ, മേനെ ഗാന്ധി കൊ നഹി മാരാ, കോസ്ല കാ ഖോസ്ല, എ വെനസ്‌ഡെ എന്നിവയെല്ലാം ഖേറിന്റെ മികച്ച സിനിമകളാണ്. ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം ചെയ്ത ബെന്ദ് ഇറ്റ് ലൈക്ക് ബെക്കാം, ആംഗ് ലീയുടെ ഗോള്‍ഡന്‍ ലയണ്‍-വിന്നിങ് ലസ്റ്റ് (2007), കോഷന്‍, ഡേവിഡ് ഒ റൂസ്വെല്‍സ്സിന്റെ ഓസ്‌കാര്‍ വിന്നിങ് ചിത്രം സില്‍വര്‍ ലൈനിങ് പ്ലേബുക്ക് (2013) എന്നീ അന്താരാഷ്ട്ര ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യയായ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്. റാഞ്ചി ഡയറീസ് എന്ന അടുത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ പിന്നിലാണ് ഖേര്‍. തമിഴ്, മലയാളം, മറാത്തി എന്നീ വിവധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.