Monday
16 Jul 2018

‘അന്യോന്യം വീടും – വിദ്യാലയവും’ പദ്ധതി ഉദ്ഘാടനം ചെയ്തു

By: Web Desk | Sunday 5 November 2017 9:02 PM IST

കൊട്ടാരക്കര: സദാനന്ദപുരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിച്ചുകൊണ്ട് നടപ്പാക്കുന്ന കാര്‍ഷികപ്രോജക്ട് ‘അന്യോന്യം- വീടും വിദ്യാലയവും’ മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. മനുഷ്യജീവന്റെ നിലനില്‍പിന് ജൈവകാര്‍ഷിക സംസ്‌കാരം നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംസ്ഥാനതലത്തില്‍ തന്നെ സമൂഹത്തിന് വേണ്ടി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയ സദാനന്ദപുരം സ്‌കൂള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് വായനക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം
സരോജിനി ബാബുവും കുട്ടികര്‍ഷകരെ ആദരിക്കല്‍ കൃഷിവകുപ്പ് അസി.ഡയറക്ടടര്‍ അനില്‍കുമാറും രാഷ്ട്രപതി പുരസ്‌കാര ഗൈഡ് ഗായത്രിദേവിക്ക് അനുമോദനം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ സേതുനാഥും നിര്‍വഹിച്ചു.
സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രഫസര്‍ സി ആര്‍ മനു, കൃഷി ഓഫീസര്‍ നസിയ ഷെരീഫ്, പ്രിന്‍സിപ്പാള്‍ വി വൈ. മേരിക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ രാജന്‍, ജനറല്‍ കണ്‍വീനര്‍ കെ ഒ രാജുക്കുട്ടി, ടി എസ് ജയചന്ദ്രന്‍, രാജു ടി മാത്യു, കെ സച്ചില്‍കുമാര്‍, സാബുജോണ്‍, ബി സുരാജ്, ബി മോഹന്‍ലാല്‍, എ അനില എന്നിവര്‍ പ്രസംഗിച്ചു.
കൃഷി വകുപ്പുമായി ചേര്‍ന്ന് സ്‌കൂളില്‍ നടപ്പാക്കിയ വിഷരഹിത മെഗാപച്ചക്കറി തോട്ടത്തിന്റെ തുടര്‍പ്രവര്‍ത്തനമാണ് ‘അന്യോന്യം- വീടും വിദ്യാലയവും’. പദ്ധതി. സംസ്ഥാനതലത്തില്‍ തന്നെ ഇത്തരത്തിലൊരു സംരംഭം ആദ്യത്തേതാണ്.

 

Related News