Wednesday
24 Oct 2018

അപ്പാവുവിന്റെ ആത്മസഞ്ചാരങ്ങള്‍

By: Web Desk | Sunday 24 December 2017 1:17 AM IST

ഡോ. തോട്ടം ഭുവനേന്ദ്രന്‍ നായര്‍

എഴുത്തുകാരുടെ മാനസസഞ്ചാരങ്ങളാണ് അവരുടെ കൃതികള്‍. സഞ്ചാരപഥങ്ങളുടെ വൈവിധ്യം രചനാതലത്തിലാണ് വെളിപ്പെടുന്നത്. എഴുത്തുകാര്‍ക്ക് രചനാസ്വാതന്ത്ര്യമുളളതുപോലെ വായനക്കാര്‍ക്ക് ആസ്വാദനസ്വാതന്ത്ര്യവുമുണ്ട്. ഇവ പലപ്പോഴും സമാന്തരരേഖകളാണ്. എന്നാല്‍ അപൂര്‍വം ചില കൃതികളുടെ കാര്യത്തില്‍ എഴുത്തുകാരനും വായനക്കാരനും സന്ധിചെയ്യുന്നതും കാണാം. ലോകനോവല്‍ സാഹിത്യത്തിന്റെ മാറുന്ന മുഖങ്ങളൊക്കെ മലയാള നോവലും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ശരിയായ വായനകള്‍ ആത്മസഞ്ചാരങ്ങള്‍ കൂടിയാണ്. അത്തരം വായന ആവശ്യപ്പെടുന്ന കൃതിയാണ് ‘അമാവാസിയിലെ പൂക്കള്‍’.

മൂത്താരെന്നുകൂടി വിളിപ്പേരുളള അപ്പാവുവിന്റെ സ്വപ്നസഞ്ചാരങ്ങളുടെ മായികാഖ്യാനമാണ് ഈ നോവല്‍. ബോധധാരാ നോവലുകളുടെ രചനാവഴികളിലാണ് ഈ കൃതിയും. കാലങ്ങളിലൂടെയുള്ള സഞ്ചാരം എഴുത്തുകാരന് സ്വാതന്ത്രക്കൂടുതല്‍ നല്‍കുമെങ്കിലും വായനക്കാരന് അത് പലപ്പോഴും വായനാതടസങ്ങള്‍ സൃഷ്ടിക്കും. പതിനാറ് അധ്യായങ്ങളായാണ് ഈ നോവല്‍ ക്രമീകരിച്ചിരിക്കുന്നത്. അമ്മയുടെ തിരുവാതിരച്ചുവടുകളിലൂടെ സ്വപ്നരാത്രികളുടെ മറുപുറം തേടുകയാണ് അപ്പാവു. ജന്മാന്തരങ്ങളിലൂടെ ശിഥിലീകരിക്കപ്പെട്ടുപോയ തന്റെ ജീവസ്മൃതികളെ വീണ്ടെടുക്കുകയാണ് അപ്പാവു. കാവ്യഭാഷയുടെ അഭൗമചാരുത വരവേല്‍ക്കുന്ന നിരവധി രചനാനിമിഷങ്ങള്‍ ഈ കൃതിയിലുണ്ട്. ആകാശം വലിച്ചടുപ്പിക്കുന്നതുപോലെ അപ്പാവു ഒറ്റവലിക്കു കഞ്ഞി മോന്തുന്നത്, സൂര്യനോട് നീലക്കൊടുംവേലിയും കല്‍ത്താമരയും ചിറ്റമൃതും ചോദിക്കുന്നത്. സൂര്യനൊപ്പമുള്ള അപ്പാവുവിന്റെ യാത്രകള്‍- ഇങ്ങനെ രചനാ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്.
ചരിത്രത്തിന്റെ വായനാവഴികളിലൂടെയാണ് അപ്പാവു സഞ്ചരിക്കുന്നത്.

കാലവും കഥാപാത്രങ്ങളും ഒത്തുചേരുന്ന കഥാലോകമല്ല ഈ കൃതിയുടെ സാഫല്യം; മറിച്ച് കാലാന്തരങ്ങള്‍ പിന്നിടുന്ന സ്വപ്നസഞ്ചാരങ്ങളുടെ ആത്മവ്യഥകളാണ്. വ്യഥകളുടെ സാക്ഷിയും സൂക്ഷിപ്പുകാരനും അപ്പാവുതന്നെ. ജീവകാരുണ്യത്തിന്റെ ഋഷിസ്മൃതികളാണ് ഈ നോവലിലെ കഥാപാത്രതലം. ചരിത്രത്തിന്റെ പലായനവഴികളിലൂടെ അപ്പാവു സഞ്ചരിക്കുമ്പോള്‍ പന്നിക്കുഞ്ഞുങ്ങളോ ചെന്നായ്ക്കൂട്ടമോ ഒന്നും അപ്പാവുവിനെ ശല്യപ്പെടുത്തുന്നതേ ഇല്ല. ജീവകുലത്തിലെ ചെറുപ്രാണികള്‍ പോലും ഇവിടെ കഥാപാത്രങ്ങള്‍ തന്നെ. അവര്‍ക്കും അവരുടെ കഥകള്‍ പറയാനുണ്ട്. മഹേശ്വരന്‍, വാസുദേവന്‍, ചിത്തിരന്‍, രഘുരാമന്‍ എന്നീ കഥാപാത്രങ്ങളെല്ലാം അപ്പാവുവിന്റെ സഞ്ചാരപഥത്തില്‍ പ്രത്യക്ഷപ്പെടുന്നവരാണ്. അമ്മയില്‍ നിന്നും തുടങ്ങി അമ്മയിലേക്കെത്തുന്ന നിരവധി ഓര്‍മപ്പകര്‍ച്ചകള്‍ ഈ കൃതിയില്‍ വായിക്കാം. വൃക്ഷശിഖരത്തിലിരുന്നു തന്നെ നോക്കുന്ന കുരങ്ങുകള്‍ തന്റെ ദൈന്യതയിലേക്കാണ് ശ്രദ്ധയൂന്നുന്നതെന്ന് അപ്പാവു ഊഹിക്കുന്നുണ്ട്. ആമ അപ്പാവുമായി ചങ്ങാത്തത്തിലാകുന്നത്, പുല്‍നാമ്പുകണക്കെ ലോലമായ നാവുനീട്ടി അത് അപ്പാവുവിന്റെ വിരലുകളില്‍ നക്കുന്നത്. ആമകളെ കനല്‍പരപ്പില്‍ ചുട്ടെടുക്കുന്ന ചിത്തിരന്‍, വങ്കില്‍ കയ്യിട്ട് പൊത്തപിടിക്കുന്ന ചേന്നന്‍. ഇങ്ങനെ ഇഴപിരിക്കാനാകാതെ കഥാപാത്രങ്ങള്‍ കഥാതലത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
നാം മറന്നുപോയ ചരിത്രവഴികളെ നോവല്‍ പലപ്പോഴും ഓര്‍മപ്പെടുത്തുന്നു. ഈ കൃതിയിലും അത് കാണാം. ജന്മിക്കെതിരെ കലാപമുയര്‍ത്തുന്ന ചേന്നന്‍, രാമച്ചര്‍ ചേന്നനെ തൊഴിച്ചുകൊല്ലുന്നത്. അയാള്‍ നാട്ടുതെറികള്‍ കൊണ്ടു പണിയെടുപ്പിക്കുന്നത്. ഉടുമ്പിന്റെ പിന്നാലെ ചിത്തിരന്‍ പോയപ്പോള്‍ അവന്റെ പെണ്ണുങ്ങള്‍ ചക്കിയും ചങ്കിരിയും വഴി തെറ്റി അംബാസമുദ്രത്തിലെത്തുന്നത്. അപ്പാവുവിന്റെ കാല്‍പാദത്തിലിരുന്ന ചീവീടുകള്‍ കരയുന്നത്. മറ്റ് ചീവീടുകള്‍ അതേറ്റുപാടുന്നത്. ഇതൊക്കെ സംഭവങ്ങള്‍ മാത്രമല്ല ചരിത്രത്തിന്റെ പുനര്‍വായനകള്‍ കൂടിയാണ്.
ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, മയ്യഴിപുഴയുടെ തീരങ്ങള്‍ എന്നീ കൃതികളെ ഈ നോവല്‍ വായിക്കുമ്പോള്‍ ഓര്‍ത്തുപോകും. എഴുത്തുകാരന്റെ വായനാസ്വാധീനങ്ങളുടെ ഇഷ്ട സ്വകാര്യതകളായി അതിനെ കണ്ടാല്‍ മതി. തന്റെ മേല്‍ ഉയര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളോട് അപ്പാവു ചോദിച്ചു ഞാനെന്തു കുറ്റമാണ് ചെയ്തത്? ആരുടെ കര്‍മഫലമാണ് ഞാനനുഭവിക്കുന്നത്. ഉണ്ണീ, നീ ഒരു കുറ്റവും ചെയ്തിട്ടില്ല, വൃക്ഷങ്ങള്‍ പറഞ്ഞു; ചങ്ങലകണക്കെ ഒരു തുടര്‍ച്ചയാണ് മനുഷ്യജന്മം. അതെവിടെയും അവസാനിക്കുന്നില്ല. പരമ്പരകളിലൂടെ നീണ്ടുപോകുന്ന കര്‍മഫലം നിന്നില്‍ വന്നു ഭവിച്ചു എന്നു മാത്രം. നീ എന്തിന് അക്ഷമനാകുന്നു! എവിടെയായാലും നിനക്ക് ഒരുപോലെയല്ലേ? ഇവിടെ നിനക്ക് ഞങ്ങള്‍ തുണയില്ലേ?
ഒരു വൃക്ഷശാഖ താണുവന്ന് അപ്പാവുവിനെ തൊട്ടു. ഉണ്ണി ഉറങ്ങിക്കൊള്ളു. നിനക്ക് ഞങ്ങള്‍ കാവലുണ്ട്. ആ സ്‌നേഹ സ്പര്‍ശവും മധുമൊഴികളും അപ്പാവുവിനെ ശാന്തനാക്കി. അയാള്‍ കണ്ണുകളടച്ചു… മനുഷ്യാതീതമായ കാരുണ്യത്തിന്റെ കൈവഴികള്‍ നമുക്ക് ഭാവിയെക്കുറിച്ചു പ്രതീക്ഷ നല്‍കുന്നതാണ്.
ഭഗവതിപുരത്തെ ഉത്സവത്തിന് അമ്മയ്‌ക്കൊപ്പം വെടിക്കെട്ടു കണ്ട ഓര്‍മകള്‍, തുപ്രന്‍ കളിയാശാന്‍ ഭഗവതിപുരത്തെ പെണ്‍കുട്ടികളെ തിരുവാതിരക്കളി പഠിപ്പിക്കുന്നത്, ഭഗവതി എന്ന ശിഷ്യയെ വേള്‍ക്കുന്നത്. മൂന്നു ഭാര്യമാരും മുപ്പത്തിയാറ് മക്കളുമുള്ള പൗരുഷം കുട്ടന്‍. അയാള്‍ തന്റെ മകള്‍ ജഗദമ്മയെ പ്രാപിക്കാന്‍ തുനിയുന്നത്. അപ്പാവ് കിളികുഞ്ഞുങ്ങളിലൂടെ ജന്മപരമ്പരകളുടെ രഹസ്യമറിയുന്നത്. ശിവരാമന്‍ വരയാടുകള്‍ക്കൊപ്പം മേഞ്ഞുനടക്കുന്നത്, മിന്നാമിനുങ്ങുകള്‍ അപ്പാവുവിന്റെ ആകുലതകളില്‍ നിന്നകറ്റുന്നത്, ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് ഈ കൃതികളില്‍ വിവരിക്കപ്പെടുന്നത്.
ശില്‍പഭംഗി ഒട്ടും നഷ്ടമാകാതെയാണ് നോവലിസ്റ്റ് കൃതി അവസാനിപ്പിക്കുന്നത്. നോക്കിയിരിക്കെ ആനകളുടെ അസ്ഥിയില്‍ നിന്നും ആനകള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നതും കൊമ്പും തുമ്പിക്കൈയുമിളക്കി ചിന്നം വിളിച്ച് അവ അപ്പാവുവിനുമുന്നില്‍ തിങ്ങിനിറയുന്നതുമെല്ലാം ചാരുതയോടെ വായിക്കാവുന്നതാണ്. മഞ്ഞശലഭങ്ങള്‍ കളിക്കൂട്ടുകാരാകുന്നത്. അപ്പാവു ദേവയാനിയെ കാണുന്നത്, തന്റെ വ്യഥിത ജന്മത്തെ ഓര്‍ക്കുന്നത്. വീണ്ടും വീണ്ടും പുനര്‍ജനിയുടെ ഓര്‍മകള്‍ അപ്പാവുവില്‍ നിറയുന്നത്. എല്ലാം ഓര്‍മകളില്‍ നൊമ്പരങ്ങളായി അപ്പാവുവിനൊപ്പം വായനക്കാര്‍ക്കും സൂക്ഷിക്കാം. അമ്മയില്‍ നിന്നും തുടങ്ങിയ അപ്പാവുവിന്റെ ഓര്‍മകള്‍ അമ്മയില്‍ തന്നെ അവസാനിക്കുകയാണ്. അമ്മയുടെ കരതലത്തില്‍ ഒരു പാഴിലയായി അപ്പാവു വീണു എന്ന വരികളില്‍ നോവല്‍ അവസാനിക്കുകയാണ്.
പ്രഭാത് ബുക്ക് ഹൗസ് പ്രസാധനം ചെയ്ത ഈ കൃതി വ്യത്യസ്തങ്ങളായ വായനാവഴികളിലേക്കാണ് അനുവാചകനെ നയിക്കുന്നത്.