Wednesday
22 Aug 2018

വിദേശ ആപ്പിളുകളെ വെല്ലാന്‍ ഇന്ത്യന്‍ കുല്ലൂഡിലിഷന്‍ വിപണിയിലേക്ക്

By: Web Desk | Sunday 4 February 2018 9:05 PM IST

കോട്ടക്കല്‍: വിദേശ ഇരക്കുമതി ആപ്പിളുകളെ വെല്ലാന്‍ ഇന്ത്യന്‍ കുല്ലൂ ഡിലിഷന്‍ വിപണിയിലേക്ക്. ഇന്ത്യയില്‍ നിന്നും മറുരാജ്യങ്ങളിലേക്കു കയറ്റി അയച്ചിരുന്ന കുല്ലൂ ഇത്തവണ കേരളത്തിലേക്കും ഒഴുകി തുടങ്ങി. ചൈനയുടെ ഫുജി ആപ്പില്‍ ഇറക്കുമതി നിലച്ചതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ മുന്തിയ ഇനമായ കുല്ലുവിന് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചത്. ഓര്‍ഗാനിക്ക് വാഷിംഗ് പൂര്‍ത്തിയാക്കിയതിനാല്‍ ആരോഗ്യത്തിന് ഏറേ ഗുണകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്ക, പോളണ്ട്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആപ്പിളുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇവ മെഴുക് പുരണ്ട പോളീഷിംഗ് കഴിഞ്ഞാണ് വരുന്നത്. മാത്രമല്ല, മെഴുക് പോളിഷിംഗ് ഉളളതിനാല്‍ രണ്ടുമാസം വരെ ആപ്പിള്‍ കേടു സംഭവിക്കില്ലെന്നും പറയപ്പെടുന്നു. മെഴുക് പോളീഷിംഗ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പഴങ്ങളിലും പച്ചക്കറികളിലും പോളിഷിംഗ് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്കു കയറ്റി അയക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും പോളിഷിംഗ് നടത്താറില്ല ഹിമാചല്‍ പ്രദേശിന്റെ സിംല ആപ്പിളും കാശ്മീറിന്റെ ഡിലിഷനും സീസണ്‍കഴിഞ്ഞാല്‍ ചൈനയുടെ ഫുജി ആപ്പിളാണ് ഇന്ത്യന്‍ വിപണി കീഴടക്കിയിരുന്നത്. മറ്റു രാജ്യയങ്ങളുടെ ആപ്പിളിനേക്കാള്‍ വിലക്കുറവിലായിരുന്നു ഫുജി ആപ്പിള്‍ രാജ്യത്ത് എത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഇത്തവണ ചൈനയുമായുളള കരാറില്‍ ഒപ്പു വെക്കാത്തതാണ് ഫുജിയുടെ ഇറക്കുമതി നിലക്കാന്‍ കാരണം. കശ്മീരിലെ സോഫിയാന്‍, പുല്‍ഗാമ ഭാഗങ്ങളില്‍ നിന്നാണ് കുല്ലൂഡിലിഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. സോഫിയാനില്‍ ഇരുപതിലേറെ കൂറ്റന്‍ സ്റ്റോറുകളില്‍ ആയിരക്കണക്കിന് ടെണ്‍ കുല്ലൂ ഡിലിഷന്‍ ആപ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആപ്പിള്‍ സീസണ്‍ കഴിയുന്ന മുറക്ക് ഓര്‍ഗാനിക്ക് വാഷിംഗ് പൂര്‍ത്തിയാക്കി മറ്റു രാജ്യങ്ങളിലേക്കു കയറ്റി വിടാറാണാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ഫുജി ഇല്ലാത്തതിനാല്‍ ഓര്‍ഗാനിക്ക വാഷിങ്ങോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുകയാണ്. 40, 50,60,70,105,120 കൗണ്ടുകളിലുളള ബോക്സുകളിലാണ് എത്തുന്നത്.
കേരളത്തിലേക്കുളള ആദ്യ കണ്ടയ്നര്‍ കഴിഞ്ഞ ദിവസം കോട്ടക്കലില്‍ എത്തിയെന്നും കോഴിക്കോട് എറണാകുളം തിരുവന്തപുരം ടൗണുകളില്‍ വരുംദിവസങ്ങളില്‍ എത്തുമെന്നും വ്യാപാരികള്‍ പറഞ്ഞു.