Thursday
24 Jan 2019

മതേതര സംരക്ഷണത്തിനുവേണ്ടി ശക്തി സംഭരിക്കുക

By: Web Desk | Saturday 14 April 2018 11:13 AM IST

ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും ജമ്മുകശ്മീരിലെ കത്വയിലും നടന്ന ക്രൂരബലാത്സംഗങ്ങള്‍ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു. പ്രത്യേകിച്ചും ജമ്മുവിലെ കത്വയിലുള്ള രസനഗ്രാത്തില്‍ എട്ടുവയസുള്ള അസിഫബാനു എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിലൂടെ അതിക്രൂരമായി കൊലചെയ്ത സംഭവം. ഇതിന് ഏതാണ്ട് സമാനമായ ഒരു കൊല നടന്നത് 2012 ല്‍ ഡല്‍ഹിയിലായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസില്‍ മൂന്നുപേര്‍ ചേര്‍ന്ന് നിഷ്ഠുരമായി നിര്‍ഭയ എന്ന ജ്യോതി സിങ്ങിനെ കൂട്ടബലാത്സംഗം ചെയ്ത് ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവം. 16 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷമാണ് ആ ഇരുപത്തിമൂന്നുകാരി മരണത്തിന് കീഴ്‌പ്പെട്ടത്. അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരെ രാജ്യത്താകമാനം രോഷം കത്തിജ്വലിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ അന്ന് കഴിഞ്ഞു. തുടര്‍ന്ന് രാജ്യത്ത് ശക്തമായ സ്ത്രീനിയമങ്ങള്‍ക്ക് ആ സംഭവം തുടക്കം കുറിച്ചു. ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന സ്ത്രീ സുരക്ഷാനിയമം നിര്‍ഭയാനിയമമായാണ് അറിയപ്പെടുന്നത്.
എന്നാല്‍, ജമ്മുവില്‍ നടന്ന അരുംകൊല രാജ്യത്തിന്റെ ഇന്നത്തെ ഭീകരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു ലൈംഗിക അതിക്രമമായി ഇതിനെ കാണുകയാണെങ്കില്‍ ഇത് എട്ടുവയസുള്ള പെണ്‍കുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമം കൂടിയാണ്. നിര്‍ഭയ കേസിലെപ്പോലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയല്ല ഇവിടെ ഇരയാക്കപ്പെട്ടതെന്നര്‍ഥം. അസിഫാബാനു കൂട്ടബലാത്സംഗത്തിന് ഇരയായത് ഓടുന്ന ബസിലോ വീട്ടിനകത്തോ പൊതുഇടത്തിലോ തൊഴിലിടത്തിലോ ആയിരുന്നില്ല. ക്ഷേത്രത്തിനകത്ത് ദേവസ്ഥാനില്‍ മയക്കുമരുന്ന് കൊടുത്ത് ഉറക്കിക്കിടത്തിയാണ് എട്ടുപേര്‍ ക്രൂരമായ ലൈംഗിക പീഡനം നടത്തിയത്. അസിഫബാനു മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഈ സംഭവം വെറുമൊരു കൂട്ടുബലാത്സംഗ പട്ടികയില്‍ പെടുത്തി പതിവ് രീതിയില്‍ അന്വേഷണവും നടപടിയുമായി അവസാനിപ്പിക്കാന്‍ രാജ്യത്തിനാകില്ല.

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന ശൈലി വിളിച്ചുപറയുന്ന ഒരു സംഭവം കൂടിയാണിത്. ഫാസിസത്തിന്റെ ലക്ഷണങ്ങളും രീതികളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വംശവെറിപൂണ്ട ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതി ജൂതന്മാരെ കൊന്നുതള്ളിയാണ് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുനിഞ്ഞിറങ്ങിയത്. ആര്യവംശത്തിലെ സവര്‍ണവിഭാഗത്തിന്റെ സാമ്രാജ്യം വെട്ടിപ്പിടിക്കുന്നതിന്റെ ഭാഗമായി ആ രാജ്യത്തെ ജൂതന്മാരെ കൊന്നൊടുക്കുകയാണ് ഹിറ്റ്‌ലര്‍ ആദ്യം ചെയ്തത്. അവരുടെ എല്ലുകളും തലയോട്ടികളും എന്തിന് പല്ലുകള്‍പോലും കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഫാസിസത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി ഇന്നും ജര്‍മനിയിലെ ചരിത്രമ്യൂസിയങ്ങളിലുണ്ട്. ആ ആര്യന്മാരുടെ പൈതൃകം പേറി ഹിന്ദുക്കുഷ് മലനിരകള്‍ കടന്ന് വന്ന് സങ്കരദര്‍ശനങ്ങളുടെ ഭൂമികയായ നമ്മുടെ രാജ്യത്തെ കീഴ്‌പ്പെടുത്തിയവരുടെ വക്താക്കളാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഊട്ടിവളര്‍ത്തിയ ആര്‍എസ്എസിന്റെ പ്രതിനിധികള്‍. അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ കച്ചകെട്ടിയിറങ്ങിയത് രാജ്യത്തെ മറ്റ് മതവിശ്വാസികളേയും അവര്‍ണരേയും ഉന്മൂലനം ചെയ്യാനാണ്.

രസനഗ്രാമത്തില്‍ ബിജെപി നടപ്പിലാക്കുന്നത് ആ വംശീയ ഉന്മൂലന സിദ്ധാന്തമാണ്. അസിഫാബാനുവിനെ നന്നായി ആസൂത്രണം ചെയ്താണ് ജനുവരി 10ന് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്. രാജ്യത്തെ ക്ഷേത്രാങ്കണങ്ങള്‍ ആര്‍എസ്എസ് സംഘടിച്ച് കയ്യടക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളെ പ്രീണിപ്പിച്ച് വരുതിക്ക് നിര്‍ത്താനാണ്. ആ ധൈര്യത്തിലാണവര്‍ അസിഫാബാനുവിനെ ക്ഷേത്രത്തിലേക്ക് കടത്തിക്കൊണ്ടുപോയി പൂട്ടിയിട്ടത്. ദേവസ്ഥാനില്‍ മയക്കിക്കിടത്തിയാണ് ഹൈന്ദവഫാസിസ്റ്റുകള്‍ ആ കുരുന്നുദേഹത്തെ പിച്ചിച്ചീന്തിയത്. ബ്രാഹ്മണര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ നിന്ന് മുസ്‌ലിങ്ങള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഇതായിരിക്കും ശിക്ഷ എന്ന താക്കീത് പരസ്യമായി നല്‍കുകയായിരുന്നു ഇതിലൂടെ.

ഹൈന്ദവസംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖര്‍ ജമ്മു മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിമാരായത് യാദൃച്ഛികതയല്ലെന്ന് മാത്രമല്ല ഇത് ബിജെപിയുടെ സമുന്നത നേതൃത്വം കൂടി അറിഞ്ഞുകൊണ്ടുള്ള ആസൂത്രിതനീക്കം കൂടിയാണ്. പ്രതികളില്‍ പൊലീസ് ഉദ്യോഗസ്ഥരുണ്ടായത് അധികാരത്തണലിലാണ് തങ്ങളുള്ളതെന്ന ധാര്‍ഷ്ട്യം കലര്‍ന്ന ഉറപ്പിന്മേലാണ്.

ജനുവരി 10ന് നടന്ന സംഭവം അല്ലെങ്കില്‍ ഇത്രകാലം മൂടിവയ്ക്കപ്പെടാന്‍ സാധിക്കുമായിരുന്നില്ല. രസനഗ്രാമത്തില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ അസിഫയുടെ പിച്ചിച്ചീന്തിയ മൃതദേഹം കണ്ടതോടെ ക്ഷുഭിതരായി പ്രതിഷേധം നടത്തുകയുണ്ടായി. എന്നാല്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന കുറ്റം ചുമത്തി അവരെ അടിച്ചമര്‍ത്താന്‍ ബിജെപി ഭരണകൂടം ശ്രമിച്ചെങ്കിലും സത്യസന്ധരായ ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യത്തില്‍ നടുക്കുന്ന സംഭവം പുറംലോകമറിയുകയായിരുന്നു.

ഉന്നവോയില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎല്‍എ തന്നെയാണ്. ഗത്യന്തരമില്ലാതെ അയാളെ അറസ്റ്റ് ചെയ്യേണ്ടിവന്നു. എന്നാല്‍ മനുഷ്യമനഃസാക്ഷിയെ നടുക്കിക്കൊണ്ട് കുറ്റവാളികള്‍ക്കും ലൈംഗിക പീഡനം നടത്തിയവര്‍ക്കും വേണ്ടി ദേശീയപതാകയേന്തി ബിജെപി പ്രകടനം നടത്തി. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നത് തടയാന്‍ കേസ് വാദിക്കാന്‍ തയാറായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ സംഭവിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി പുലര്‍ത്തുന്ന മൗനം ഏറെ അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. വേട്ടനായ്ക്കളെ തുറന്നുവിട്ട കൂടിന്റെ അധിപനുള്ള ഉന്മാദമാണ് ആ മുഖത്ത് നിഴലിക്കുന്നത്. വംശീയ ഉന്മൂലനത്തിന് നിശ്ശബ്ദമായി പച്ചക്കൊടി വീശുന്ന ഭാവത്തെ രാജ്യം ഭയക്കേണ്ടതുണ്ട്. ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് തുനിഞ്ഞിറങ്ങുന്നവരില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. മതേതര സംരക്ഷണത്തിന് വേണ്ടി എല്ലാ ശക്തിയും സംഭരിക്കുക ആഞ്ഞടിക്കുക, അതേ ഉള്ളു രാജ്യത്തിന് മുന്‍പിലൊരു പോംവഴി.

Related News