Friday
20 Apr 2018

പ്രഹസനമായി അറബ് ഉച്ചകോടി

By: Web Desk | Tuesday 17 April 2018 10:57 AM IST

റിയാദ്: ഗള്‍ഫ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധികള്‍ക്കിടെ സൗദി അറേബ്യയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി വെറും പ്രഹസനമായി മാറി. പ്രധാന സംഭവങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെയാണ് അറബ് ഉച്ചകോടി പിരിഞ്ഞത്.

വിമതകേന്ദ്രമായ ദൗമയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ചേര്‍ന്ന അറബ് ഉച്ചകോടി അതേക്കുറിച്ച് ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെയാണ് പിരിയുകയായിരുന്നു. ഖത്തറിനെതിരെയുള്ള ഉപരോധവും ഉച്ചകോടിയില്‍ ചര്‍ച്ചയായില്ല. പലസ്തീന്‍ വിഷയം മാത്രമാണ് ഉച്ചകോടി ചര്‍ച്ച ചെയ്ത പ്രധാനവിഷയം.
സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്‌തെങ്കിലും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ ആക്രമണം അറബ് ഉച്ചകോടിയുടെ അജണ്ടയിലുണ്ടായിരുന്നില്ലെന്ന് ഉച്ചകോടിയുടെ വക്താവ് പറഞ്ഞു.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ആക്രമണത്തെ നേരത്തേ അനുകൂലിച്ചപ്പോള്‍, ഈജിപ്ത്, ഇറാഖ്, ലബനോന്‍ എന്നീ രാജ്യങ്ങള്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിരുന്നു. 2011 ല്‍ ഉച്ചകോടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ സിറിയയുടെ പ്രതിനിധികളാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല. പകരം ഉച്ചകോടിയിലേക്കുള്ള സ്ഥിരം പ്രതിനിധി മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

Related News