Monday
17 Dec 2018

അറബിക്കടല്‍ ചുവക്കുന്നു; കുടിവെള്ളം കിട്ടാക്കനിയാകും

By: Web Desk | Wednesday 28 February 2018 10:48 PM IST

ഒമാന്‍ കടല്‍ ചുവന്നപ്പോള്‍

കെ രംഗനാഥ്

മസ്‌കറ്റ്: ഒമാനിലെ അറബിക്കടല്‍ ആശങ്കാജനകമായി ചുവക്കുന്നു. സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഒമാനില്‍ ഇതുമൂലം ജലശുദ്ധീകരണം മുടങ്ങിത്തുടങ്ങി. കുടിനീര്‍ക്ഷാമം രൂക്ഷമാകാനാണിടയെന്ന് വൈദ്യുതി-ജലഅതോറിറ്റി അറിയിച്ചു. ബര്‍ക്ക പ്രദേശത്താണ് കടല്‍ ഏറ്റവുമധികം ചുവന്നു കാണപ്പെട്ടത്. തലസ്ഥാനനഗരിയായ മസ്‌കറ്റ്, ദാഖിലിയ, സീബ് എന്നീ മേഖലകളിലും അറബിക്കടല്‍ ‘ചെങ്കടല്‍’ ആയി മാറി. ഈ സാഹചര്യത്തില്‍ ഈ മേഖലകളിലുളളവര്‍ കുടിവെള്ളത്തിന്‍റെ ഉപഭോഗത്തില്‍ പരമാവധി മിതത്വം പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്‌ടൈഡ് എന്ന ഈ പ്രതിഭാസം നാല് വര്‍ഷം മുമ്പ് ഒമാനില്‍ മാത്രമല്ല യുഎഇയിലെ അറബിക്കടലിലും ദൃശ്യമായിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രദേശത്തെ അറബിക്കടലും ഒമാനിലെ അറബിക്കടലും കടുംപച്ചയായി മാറിയിരുന്നു. ഒരു വന്‍കരയുടെ തന്നെ വിസ്തീര്‍ണമുള്ള പായല്‍ അറബിക്കടലിനെ വിഴുങ്ങിയതായിരുന്നു ഈ പ്രതിഭാസത്തിനു കാരണമെന്ന് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ സമുദ്ര ജൈവശാസ്ത്രജ്ഞനായ ഡോ. ഖാലിദ് അല്‍-ഹഷ്മി അന്നു കണ്ടെത്തിയിരുന്നു.

അറബിക്കടലും ഒമാന്‍കടലും കഴിഞ്ഞവര്‍ഷം കടുംപച്ചയായപ്പോള്‍

എന്നാല്‍ ഇപ്പോള്‍ ഒമാന്‍ കടലില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന റെഡ്‌ടൈഡ് കുടിവെള്ള ഉല്‍പാദനത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജല അതോറിറ്റിയുടെ അടിയന്തിരയോഗം ചേര്‍ന്നു. കേരളത്തിലെ മീന്‍പിടുത്തക്കാര്‍ ‘ചെന്നീര്‍’ എന്നു വിളിക്കുന്ന ടെഡ്‌ടൈഡ് ഉണ്ടാകുന്നത് ചുവന്ന സൂക്ഷ്മജീവികളുടെ ഗണത്തില്‍പ്പെടുന്ന പ്ലവകങ്ങള്‍ വന്‍തോതില്‍ പെരുകുന്നതുമൂലമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. റെഡ് ടൈഡ്‌വേളയില്‍ കടല്‍ജലത്തിലെ ഓക്‌സിജന്റെ അളവും കുറയുന്നതിനാല്‍ മത്സ്യവും മറ്റു സമുദ്രജീവികളും ക്രമാതീതമായി ചത്തടിയും. സമുദ്രജലത്തിലെ വിഷാംശവര്‍ധനയ്ക്കും ഇതു കാരണമാകുന്നതിനാലാണ് കടല്‍വെള്ളത്തില്‍ നിന്നുള്ള കുടിവെള്ളം ഉല്‍പാദനം പ്രതിസന്ധിയിലായത്. ഉല്‍പാദനം പരമാവധി നടത്താന്‍ കിണഞ്ഞുശ്രമിക്കുകയാണെന്നും ജല അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

.