Thursday
24 Jan 2019

സുരക്ഷിതമല്ലാതാകുന്ന അറബിക്കടലും വേട്ടയാടുന്ന കാറ്റുകളും

By: Web Desk | Friday 11 May 2018 10:52 PM IST

വലിയശാല രാജു

മറ്റു നാടുകളില്‍ പല പേരുകളിലായി കാറ്റുകള്‍ സംഹാരതാണ്ഡവമാടിയപ്പോഴും കേരളം പൊതുവെ ശാന്തമായിരുന്നു. അതുകൊണ്ടുതന്നെ കാറ്റുകളുടെ ഭീകരതകളെക്കുറിച്ച് നാം പൊതുവെ അജ്ഞരാണ്. എന്നാല്‍ ഓഖി ദുരന്തത്തോടെ കാറ്റ് ഭീമന്‍മാരുടെ ഭൂപടത്തില്‍ നാമും ഉള്‍പ്പെട്ടു.
നമ്മെയൊക്കെ സംരക്ഷിച്ച് നിര്‍ത്തിയത് യഥാര്‍ഥത്തില്‍ അറബിക്കടലാണ്. കാറ്റുകള്‍ ഉണ്ടാകുന്നത് കടലിലാണ്. കടല്‍ ആവാസവ്യവസ്ഥ തകരുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമാകും. അത് കരയെ അസ്വസ്ഥമാക്കുക മാത്രമല്ല ഒരുപക്ഷേ കരയെത്തന്നെ വിഴുങ്ങിയേക്കാം. ഭൂമിയിലെ കര എന്ന് പറയുന്നത് മുക്കാലും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ഫുട്‌ബോളിന്റെ മുകള്‍ഭാഗം മാത്രമാണ്. അതായത് ഭൂമിയുടെ 29 ശതമാനം. നാല് ചുറ്റും കടല്‍ എന്തിനും പോന്ന രീതിയില്‍ കിടക്കുകയാണ്. കരയില്‍ കഴിയുന്ന മനുഷ്യന്‍ കടലിന്റെ കനിവാണ്. കടലിനെ മനുഷ്യന്‍ സംരക്ഷിച്ചില്ലെങ്കില്‍ ആര്‍ക്കും നിലനില്‍പ്പില്ല. കടലിനെ മനുഷ്യന്‍ നിരന്തരം മലിനീകരിക്കുന്നതിന്റെ പരിണിതഫലം ഇവിടെയാണ് നാം തിരിച്ചറിയേണ്ടത്.
അറ്റ്‌ലാന്റിക്, പസഫിക് മഹാസമുദ്രങ്ങളാണ് കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും ആവാസകേന്ദ്രം. ആഗോളതാപനത്താല്‍ കടല്‍ വേഗം ചൂട് പിടിക്കുന്നത് അവിടെയാണ്. ഇന്ത്യാമഹാസമുദ്രത്തിന്റെ ഭാഗമായ അറബിക്കടല്‍ ശാന്തമായാണ് കാണാറുള്ളത്. നമ്മുടെ കടല്‍ പരിസ്ഥിതി പൊതുവെ തകര്‍ക്കപ്പെടാത്തത് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അറബിക്കടലിന്റെ കടല്‍ച്ചൂട് മറ്റ് കടലുകളെ അപേക്ഷിച്ച് താരതമേ്യന കുറവാണ്. അതുകൊണ്ട് കരയെ ഭയപ്പെടുത്തുന്ന കാറ്റുകള്‍ ഇവിടെ രൂപപ്പെടാറില്ല. മറ്റ് സമുദ്രമേഖലകളില്‍ നിന്ന് വരുന്ന വമ്പന്‍ കാറ്റുകളെ ശമിപ്പിക്കാനും അറബിക്കടലിന് കഴിഞ്ഞിരുന്നു. ഓഖി ദുരന്തത്തിന് ശേഷം ഈയിടെ കേരളമുള്‍പ്പെടെയുള്ള ഇന്ത്യയുടെ തീരങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയ കാറ്റ് രൂപപ്പെട്ടത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലായിരുന്നു. ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും ആരംഭിച്ച് ഏകദേശം 10,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അറബിക്കടലിലൂടെ നമ്മുടെ തീരത്തെത്തി ആക്രമിച്ചത്.
അറബിക്കടല്‍ ഒരു രക്ഷകനല്ലെന്ന നിലയിലാണ് പല പരിസ്ഥിതി പഠനങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇനി തുടരെത്തുടരെ കാറ്റുകള്‍ അറബിക്കടലില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് കടല്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഓഖിയെത്തുടര്‍ന്ന് അറബിക്കടലിലെ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഗ്രാന്‍ഡ്ടണ്‍ സര്‍വകലാശാല 2017 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഇത് സംബന്ധിച്ച പ്രബന്ധം ആശങ്ക ജനിപ്പിക്കുന്നതാണ്. 2014ല്‍ അറബിക്കടലിലുണ്ടായ ഒരു ചുഴലിക്കാറ്റിനെ ആധാരമാക്കിയാണിവര്‍ പഠനം നടത്തിയത്. അറബിക്കടലിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ കടലുകളും അപകടകരമായ രീതിയില്‍ കാറ്റുകളെ സൃഷ്ടിക്കുമെന്നാണ് ഈ പഠനത്തില്‍ എടുത്തുപറയുന്നത്.
പക്ഷേ നമ്മെ ആശങ്കപ്പെടുത്തുന്നത് പൊതുവെ ശാന്തമെന്ന് ഇതുവരെ കരുതിയിരുന്ന അറബിക്കടല്‍ അപകടകാരിയാവുന്നുവെന്നതാണ്. കടലിലെ താപനില വര്‍ധിക്കുന്നതാണ് കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നതിനു കാരണമായി അമേരിക്കയിലെ നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുള്ളത്. ഒരു ഡിഗ്രി താപനില വര്‍ധിച്ചാല്‍ തന്നെ കൊടുങ്കാറ്റുകളുടെ തീവ്രത ഒന്നോ രണ്ടോ ഇരട്ടി വര്‍ധിക്കാനാണ് സാധ്യത. ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതലായി മനുഷ്യന്‍ ഉപയോഗിക്കുന്നത് മൂലമാണ് അന്തരീക്ഷ താപനില വര്‍ധിക്കുന്നത്. അതോടൊപ്പം കാര്‍ബണിന്റെ അംശവും അന്തരീക്ഷത്തില്‍ കൂടും. ഇത് കൂടുതലായി വായുമലിനീകരണം സൃഷ്ടിക്കും. ഈ മലിനീകരണ തോത് ഭീമമായി വര്‍ധിക്കുന്നതും കടല്‍ ക്രമാതീതമായി ചൂട് പിടിക്കുന്നതിന് കാരണമായി മാറും. ദക്ഷിണേഷ്യയില്‍ മൂന്ന് കിലോമീറ്റര്‍ കനത്തില്‍ മാലിന്യ മേഖലാപാളി ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കാറ്റിനെ വലിയ തോതില്‍ കരയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും. ഇന്ന് ലോകത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും മുക്കാല്‍പങ്കും ആഗോളതാപനവും വായുമലിനീകരണവും മൂലം സംഭവിക്കുന്നതാണ്.
അറബിക്കടലിലെ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന് മറ്റൊരു പ്രധാന കാരണം കടലിന് മുകളിലെ വായുപ്രവാഹം സ്ഥിരമായി നില്‍ക്കുന്നതുകൊണ്ടാണ്. വായു പ്രവാഹത്തിന്റെ അസ്ഥിരത അപകടകരമായ കാറ്റുണ്ടാക്കുന്നതിന് തടസം സൃഷ്ടിക്കാം. കടലിലെ വായു അസ്ഥിരത ഇല്ലാതാകുന്നത് കടല്‍ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയുടെ ഫലമാണ്. കടലിലെ ഓരോ ചലനങ്ങളും ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതിന് മാറ്റം സംഭവിക്കുമ്പോള്‍ കടല്‍ അടിമുറി മാറും. ഇതെല്ലാം പുതിയ പുതിയ പ്രതിഭാസങ്ങള്‍ക്ക് കാരണമാകും.
അറബിക്കടലിന്റെ തീരങ്ങളില്‍ കടലാമകള്‍ മുട്ടയിടാനായി ഇപ്പോള്‍ അപൂര്‍വമായേ വരാറുള്ളു. മുമ്പ് സ്ഥിരമായി എല്ലാ സീസണുകളിലും എത്തുമായിരുന്ന കടലാമകള്‍ ഇപ്പോള്‍ എത്താത്തതിന് കാരണം നമ്മുടെ കടലിന്റെ പാരിസ്ഥിതിക തകര്‍ച്ച അവ നേരത്തെ മനസിലാക്കി കഴിഞ്ഞതുകൊണ്ടാണ്. നമ്മുടെ തീരം പ്രജനനം നടത്താന്‍ സുരക്ഷിതമല്ലെന്ന് അവ മനസിലാക്കി. പക്ഷേ മനുഷ്യന് മാത്രം ഇത് മനസിലാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ സൗകര്യത്തിന് വേണ്ടി അറിയില്ലെന്ന് നടിക്കുന്നു. പക്ഷേ ഈ കപടനാട്യം അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.
പലപ്പോഴും കൊച്ചുകൊച്ച് കാറ്റുകള്‍ കടലില്‍ നിന്നും വീശിയടിച്ചിരുന്നത് കടലിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളായിരുന്നു. പക്ഷേ എല്ലാം നാം അവഗണിച്ചു. അവസാനം ഓഖി ദുരന്തമെത്തി. അത് തന്നത് വലിയൊരു മുറിവായിരുന്നു. മറക്കാനാവാത്ത മുറിവ്. മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തിന്റെ പ്രതേ്യകത ഇവിടം കടലിന്റെ ഭാഗമാണെന്നുള്ളതാണ്. 48 ശതമാനം വരുന്ന മലനാട് മാത്രമാണ് നമുക്ക് സ്വന്തം. ബാക്കിയെല്ലാം കടലിന്റെ ഭാഗമായിരുന്നു. കടല്‍ തന്നത് കടല്‍തന്നെ എടുക്കാതിരിക്കണമെങ്കില്‍ നാം കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലേ കഴിയൂ.